ലണ്ടന്‍- എലിസബത്ത് രാജ്ഞിക്കു ഇന്നു ബ്രിട്ടന്റെ യാത്രാമൊഴി.10 ലക്ഷം പേരെങ്കിലും സംസ്‌കാരച്ചടങ്ങിനു ലണ്ടനിലെത്തുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. രാജ്ഞി മരിച്ച അന്നു മുതല്‍ ലണ്ടനിലേക്കുള്ള യാത്രക്കാരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നിരുന്നു. 250 അധിക ട്രെയിന്‍ സര്‍വീസുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2012 ലെ ലണ്ടന്‍ ഒളിംപിക്‌സിനു ശേഷം പൊതുഗതാഗതശേഷി ഇത്രയും കൂട്ടുന്നത് ഇതാദ്യമായാണ്. വിന്‍ഡ്‌സര്‍ കൊട്ടാരത്തിലെയും വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലെയും സംസ്‌കാര ശുശ്രൂഷകള്‍ക്കിടെ ശബ്ദശല്യം ഉണ്ടാകാതിരിക്കാന്‍ ഹീത്രോ വിമാനത്താവളത്തിലെ 100 വിമാനങ്ങള്‍ റദ്ദാക്കി.
യുകെയിലെ സിനിമ തിയറ്ററുകളിലും നഗരങ്ങളിലെ പ്രധാന തെരുവുകളില്‍ സ്ഥാപിച്ച വലിയ സ്‌ക്രീനുകളിലും സംസ്‌കാരച്ചടങ്ങുകള്‍ തല്‍സമയം കാണിക്കുന്നുണ്ട്. വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ ഇന്നു രാവിലെ 6.30 വരെയാണു പൊതുജനങ്ങള്‍ക്കു പ്രവേശനം.യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, രാഷ്ട്രപതി ദ്രൗപദി മുര്‍മു തുടങ്ങി നൂറിലേറെ ലോകനേതാക്കള്‍ സംസ്‌കാരച്ചടങ്ങിനായി ലണ്ടനിലെത്തിയിട്ടുണ്ട്. നേതാക്കള്‍ ഇന്നലെ ചാള്‍സ് രാജാവുമായി കൂടിക്കാഴ്ച നടത്തി.
യുകെയില്‍ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു. രാത്രി 8 നു ഒരു മിനിറ്റ് രാജ്യം മൗനാചരണം നടത്തും. രാവിലെ 11 നു വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ നിന്ന് മൃതദേഹവുമായുള്ള പേടകം വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലേക്കു കൊണ്ടുപോകും. 8 കിലോമീറ്റര്‍ യാത്രയില്‍ 1600 സൈനികര്‍ അകമ്പടിയേകും. സുരക്ഷയ്ക്കായി 10,000 പൊലീസുകാരെയാണു വിന്യസിച്ചിരിക്കുന്നത്.