Sorry, you need to enable JavaScript to visit this website.

ജാക്വിലിനില്‍നിന്ന് കൂടുതല്‍ രഹസ്യങ്ങള്‍ തേടി ദല്‍ഹി പോലീസ്, വീണ്ടും ചോദ്യം ചെയ്യും

ന്യൂദല്‍ഹി- തട്ടിപ്പുവീരന്‍ സുകേഷ് ചന്ദ്രശേഖര്‍ 200 കോടി രൂപ തട്ടിയെടുത്ത കേസില്‍ ബോളിവുഡ് താരം ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ ദല്‍ഹി പൊലീസ് വീണ്ടും ചോദ്യം ചെയ്യു. തിങ്കളാഴ്ച രാവിലെ 11 മണിക്ക് ദല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം മുമ്പാകെ ഹാജരാകാനാണ് ജാക്വലിന്‍ ഫെര്‍ണാണ്ടസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

നടിയെ ബുധനാഴ്ച എട്ട് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ പരിചയപ്പെടുത്താന്‍ സുകേഷ് ചുമതലപ്പെടുത്തിയ പിങ്കി ഇറാനിയും അവര്‍ക്കൊപ്പമുണ്ടായിരുന്നു.
ആദ്യഘട്ട ചോദ്യം ചെയ്യലില്‍ ദല്‍ഹി പൊലീസ് ഇവരുടെ മറുപടികളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തി. ഇതേ തുടര്‍ന്നാണ്  ജാക്വലിന്‍ ഫെര്‍ണാണ്ടസിനോട് തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതി ചേര്‍ത്ത ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, തട്ടിപ്പ് സംഘത്തിന്റെ ഭാഗമാണോയെന്ന് കണ്ടെത്താനാണ് ദല്‍ഹി പോലീസ് ശ്രമം തുടരുന്നത്.
 ജാക്വലിന്‍ ഫെര്‍ണാണ്ടസിന് വേണ്ടി സുകേഷ് ചന്ദ്രശേഖര്‍ വന്‍തുക ചെലവഴിച്ചതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകളും ഇവരുടെ ബന്ധത്തെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ജാക്വിലിനുമായി തനിക്ക് ബന്ധമുണ്ടെന്ന് സുകേഷ് അവകാശപ്പെട്ടപ്പോള്‍ ജാക്വലിന്‍ അത് നിഷേധിക്കുകയാണ്.
വിവിധ അന്വേഷണ ഏജന്‍സികള്‍ മുപ്പതോളം കേസുകളില്‍ പ്രതിയായ സുകേഷ് ചന്ദ്രശേഖര്‍ ജയിലിലായിരിക്കെ തന്നെ  ഒരു വ്യവസായിയുടെ ഭാര്യയില്‍നിന്ന്  കോടികള്‍ തട്ടിയെന്നാണ് അന്വേഷണ ഏജന്‍സികള്‍ ആരോപിക്കുന്നത്.

 

Latest News