Sorry, you need to enable JavaScript to visit this website.

സൗദി കുടുംബത്തിന് നാലു ലക്ഷം റിയാലിന്റെ വാട്ടര്‍ ബില്‍

ദമാം - നാലു ലക്ഷം റിയാലിന്റെ വാട്ടര്‍ ബില്‍ ലഭിച്ചത് ദമാം നിവാസികളായ സൗദി കുടുംബത്തെ ഞെട്ടിച്ചു. സൗദി വനിത ഫാദിയ അല്‍ഫവാസിന് ആണ്  നാലു ലക്ഷം റിയാലിന്റെ വാട്ടര്‍ ബില്‍ ലഭിച്ചത്. ഏഴു വര്‍ഷം മുമ്പാണ് സൗദി വനിതയും കുടുംബവും ഈ വീട്ടില്‍ താമസം തുടങ്ങിയത്.
ഏഴു വര്‍ഷത്തിനിടെ തങ്ങള്‍ക്ക് പൈപ്പ്‌ലൈന്‍ വഴിയുള്ള വെള്ളം പ്രയോജനപ്പെടുത്തുന്നതിന് ബില്ലുകളൊന്നും ലഭിച്ചിരുന്നില്ലെന്ന് ഫാദിയ അല്‍ഫവാസ് പറഞ്ഞു. അടുത്തിടെയാണ് തങ്ങള്‍ക്ക് ആദ്യമായി വാട്ടര്‍ ബില്‍ ലഭിച്ചത്. ഇതാകട്ടെ നാലു ലക്ഷം റിയാലിന്റെ ബില്‍ ആയിരുന്നു. ഇത്രയും ഭീമമായ തുകയുടെ ബില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാതെ തങ്ങള്‍ അമ്പരന്നു. എന്തോ പിഴവ് സംഭവിച്ചതാണെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു.
തുടര്‍ന്ന് തങ്ങള്‍ ദേശീയ ജല കമ്പനിയുമായി ബന്ധപ്പെട്ട് ഏഴു വര്‍ഷമായി ബില്ലുകളൊന്നും ലഭിച്ചിരുന്നില്ലെന്നും ആദ്യമായി ലഭിച്ച ബില്ലിലെ തുക ഏറെ കൂടുതലാണെന്നും അറിയിച്ചു. വീട്ടില്‍ പൈപ്പ്‌ലൈനുകളിലും ടാങ്കിലും ചോര്‍ച്ചകളൊന്നുമില്ലെന്ന് ദേശീയ ജല കമ്പനി അധികൃതര്‍ വിശദമായി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം ബില്‍ തുക രണ്ടര ലക്ഷം റിയാലായി കുറച്ചു. ഇതില്‍ തൃപ്തരാകാതെ തങ്ങള്‍ പ്രത്യേക ഏജന്‍സിയെ സമീപിച്ച് നടത്തിയ പരിശോധനയില്‍ ബില്ലില്‍ ഏതാനും പിഴവുകളുള്ളതായി കണ്ടെത്തി. തങ്ങള്‍ യഥാര്‍ഥത്തില്‍ ഉപയോഗിച്ച വെള്ളത്തിന്റെ അളവ് കൃത്യമായി മനസ്സിലാവുകയും ചെയ്തു.
മാസത്തില്‍ 40 ഘനമീറ്റര്‍ മുതല്‍ 50 ഘനമീറ്റര്‍ വരെയായിരുന്നു ജലവിനിയോഗം. ഇതനുസരിച്ച് മാസത്തില്‍ 120 റിയാല്‍ മാത്രമാണ് വാട്ടര്‍ ബില്‍ തുക വരിക. ഇക്കാര്യം ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ദേശീയ ജല കമ്പനി പിന്നീട് ബില്‍ തുക 18,000 റിയാലായി കുറച്ചതായും ഫാദിയ അല്‍ഫവാസ് പറഞ്ഞു.

 

Latest News