ന്യൂദല്‍ഹി- പത്രസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യ വീണ്ടും താഴോട്ട്. രണ്ട് സ്ഥാനം കൂടി താഴ്ന്ന് 138 ാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോള്‍. ഗൗരി ലങ്കേഷ് വധവും പത്രപ്രവര്‍ത്തകര്‍ക്കു നേരെ വര്‍ധിച്ച ആക്രമണങ്ങളുമാണ് മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യ പിറകിലാവാന്‍ കാരണം. രാജ്യത്ത് വര്‍ധിച്ച വിദ്വേഷ ആക്രമണങ്ങളും തിരിച്ചടിയായി.
ഏറ്റവും സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം നിലവിലുള്ള നോര്‍വേയാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കിയതെന്ന് റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (ആര്‍.എസ്.എഫ്) അറിയിച്ചു. ഉത്തര കൊറിയയാണ് ഏറ്റവും പിറകില്‍. എരിത്രിയ, തുര്‍ക്കുമെനിസ്ഥാന്‍, സിറിയ, ചൈന എന്നീ രാജ്യങ്ങളാണ് തൊട്ടടുത്തുള്ളത്.
180 രാജ്യങ്ങളുടെ കണക്കെടുത്തപ്പോഴാണ് ഇന്ത്യയുടെ റാങ്ക് രണ്ട് സ്ഥാനം താഴോട്ട് പോയി 138 ലെത്തിയത്. വിദ്വേഷ പ്രസംഗമാണ് ഇന്ത്യയിലെ മറ്റൊരു വലിയ പ്രശ്‌നമെന്നും 2014 ല്‍ നരേന്ദ്ര മോഡി അധികാരത്തിലെത്തിയ ശേഷം ഹിന്ദു മൗലികവാദികള്‍ പത്രപ്രവര്‍ത്തകരെ തുടര്‍ച്ചയായി ആക്രമിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണാത്മക റിപ്പോര്‍ട്ടിംഗ് ഭരണകക്ഷിയെ വിറളി പിടിപ്പിക്കുന്നു. ഹിന്ദുത്വ ശക്തികളെ വിമര്‍ശിച്ചാല്‍ വധഭീഷണിയടക്കം പുറത്തെടുത്ത് പ്രധാനമന്ത്രിയുടെ ട്രോള്‍ സേന രംഗത്തുവരുന്നുവെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ബംഗളൂരുവില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റുമരിച്ച സംഭവം ആര്‍.എസ്.എഫ് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. ഹിന്ദുമേധാവിത്വത്തെ എതിര്‍ത്തതിനാണ് അവര്‍ക്കെതിരെ വിദ്വേഷ പ്രചാരണവും വധഭീഷണിയും ഉയര്‍ന്നിരുന്നത്. ഇന്ത്യയിലെ ജാതിവ്യവസ്ഥയേയും സ്ത്രീകള്‍ക്കെതിരായ വിവേചനത്തെയുമാണ് ഗൗരി ലങ്കേഷ് എതിര്‍ത്തിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. തൊഴിലുമായി ബന്ധപ്പെട്ട് മൂന്ന് പത്രപ്രര്‍ത്തകര്‍ക്ക് ഇന്ത്യയില്‍ ജീവന്‍ നഷ്ടമായി. ദുരൂഹസാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവങ്ങള്‍ വേറയുമുണ്ട്.
തുടര്‍ച്ചയായി രണ്ടാംവര്‍ഷവും ചൈന 175 ാം സ്ഥാനത്താണ്. പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ചൈനയില്‍ സെന്‍സര്‍ഷിപ്പും നിരീക്ഷണവും മുമ്പൊന്നുമില്ലാത്ത വിധം ശക്തമാണ്.വിദേശമാധ്യമ പ്രവര്‍ത്തകര്‍ക്ക് ചൈനയില്‍ പ്രവര്‍ത്തനം അസാധ്യമായി. സമൂഹ മാധ്യമങ്ങളില്‍ എന്തെങ്കിലും പങ്കുവെച്ചാല്‍ സാധാരണ പൗരന്മാര്‍ ജയിലിലാകുന്ന സ്ഥിതിയുമുണ്ടെന്ന് ആര്‍.എസ്.എഫ് ചൂണ്ടിക്കാണിക്കുന്നു.