Sorry, you need to enable JavaScript to visit this website.

ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി തട്ടിയെടുത്ത സംഭവം ആറു പേര്‍ കൂടി അറസ്റ്റില്‍

മഞ്ചേരി- എഴുപതുലക്ഷം രൂപയുടെ ഒന്നാംസമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത കേസില്‍ ആറു പേര്‍ കൂടി അറസ്റ്റില്‍. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശികളായ കല്ലുരിക്കല്‍വീട്ടില്‍ അബ്ദുള്‍ അസീസ് (26), കോഴിപള്ളിയാളി വീട്ടില്‍ അബ്ദുള്‍ ഗഫൂര്‍ (38), കൊങ്ങശേരി വീട്ടില്‍ അജിത്കുമാര്‍  (44), കലസിയില്‍ വീട്ടില്‍ പ്രിന്‍സ് (22), ചോലക്കുന്ന് വീട്ടില്‍ ശ്രീക്കുട്ടന്‍ (20) പാലക്കാട് കരിമ്പുഴ സ്വദേശി എളയേടത്തു വീട്ടില്‍ അബ്ദുള്‍ മുബഷിര്‍  (20) എന്നിവരെയാണ് മഞ്ചേരി പോലീസ് പിടികൂടിയത്. തട്ടിപ്പ് സംഘത്തിനു സഹായം ചെയ്ത മണ്ണാര്‍ക്കാട് അലനല്ലൂര്‍  തിരുവിഴാംകുന്ന് പാറപ്പുറം പൂളമണ്ണ വീട്ടില്‍ മുജീബ്(46), മഞ്ചേരി പുല്‍പ്പറ്റ പൂക്കൊളത്തൂര്‍ കുന്നിക്കല്‍ വീട്ടില്‍ പ്രഭാകരന്‍(44) എന്നിവരെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നു സ്വര്‍ണ വെള്ളരി, നിധി  ഇരുതലമൂരി, വെള്ളിമൂങ്ങ, സ്വര്‍ണക്കല്ല് തുടങ്ങിയ നിരവധി തട്ടിപ്പുകള്‍  നടത്തിയതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.  കഴിഞ്ഞമാസം 19ന്  നറുക്കെടുത്ത നിര്‍മല്‍ ഭാഗ്യക്കുറി ടിക്കറ്റിന് മഞ്ചേരി മുള്ളമ്പാറ സ്വദേശിക്ക് ഒന്നാം സമ്മാനം ലഭിച്ചിരുന്നു.
സമ്മാനം  ലഭിച്ച എന്‍.ഡി - 798484 നമ്പര്‍ ടിക്കറ്റ് ഒരുമാസമായിട്ടും ഇയാള്‍ പണംകൈപ്പറ്റാന്‍ സമര്‍പ്പിച്ചിരുന്നില്ല. സര്‍ക്കാര്‍ നികുതി കഴിച്ച് 43 ലക്ഷം രൂപയാണ്  ലഭിക്കുക. എന്നാല്‍ ടിക്കറ്റിന് കൂടുതല്‍ പണം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന പ്രതികള്‍ ടിക്കറ്റ് ഉടമയെ സമീപിച്ചു. ഇതനുസരിച്ച് പരാതിക്കാരന്റെ മകന്‍ പണം കൈപ്പറ്റാന്‍  വ്യാഴാഴ്ച രാത്രി പത്തരയോടെ മഞ്ചേരി കച്ചേരിപ്പടിയിലെത്തി. രണ്ടു കാറിലും ഒരു ബൈക്കിലുമായി വന്ന പ്രതികള്‍ ടിക്കറ്റ് സ്‌കാന്‍ ചെയ്യാനാണെന്ന വ്യാജേന ടിക്കറ്റുമായി വന്നവരെ വാഹനത്തിനകത്തേക്ക് കയറ്റി മാരകമായി പരിക്കേല്‍പ്പിച്ച് സമ്മാനര്‍ഹമായ ടിക്കറ്റ് കവര്‍ച്ച ചെയ്തു രക്ഷപ്പെടുകയായിരുന്നു.
മഞ്ചേരി പോലീസില്‍ ലഭിച്ച പരാതിയെ തുടര്‍ന്നു മലപ്പുറം പോലീസ് മേധാവി എസ്. സുജിത്ത്ദാസിന്റെ നിര്‍ദശപ്രകാരം  മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ റിയാസ് ചാക്കീരിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും മറ്റും നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കള്ളപ്പണം വെളുപ്പിക്കുന്നതിനായി കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനാര്‍ഹമായവരെ കണ്ടെത്തി വന്‍ തുക ഓഫര്‍ ചെയ്തു   തട്ടിപ്പ് നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്നു പോലീസ് പറഞ്ഞു.
മലപ്പുറം ഡി.വൈ.എസ്.പി അബ്ദുള്‍ബഷീറിന്റെ മേല്‍നോട്ടത്തില്‍ മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ റിയാസ് ചാക്കീരിയുടെ നേതൃത്വത്തില്‍ മഞ്ചേരി പോലീസ് സബ് ഇന്‍സ്പെക്ടര്‍  ഷാഹുല്‍ കൊടിയില്‍, ഷാജി ചെറുകാട്, എന്‍.എം. അബ്ദുള്ള ബാബു, പി ഹരിലാല്‍,  ഡാന്‍സാഫ് ടീമംഗങ്ങളായ ദിനേഷ് ഇരുപ്പകണ്ടന്‍, സലിം പൂവത്തി, ആര്‍. ഷഹേഷ് എന്നിവരടങ്ങിയ  സംഘമാണ് പ്രതികളെ പിടികൂടിയത്.

 

 

 

Latest News