മൊഹാലി- വനിതാ ഹോസ്റ്റലില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ ശുചിമുറി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വിദ്യാര്‍ഥിനി അറസ്റ്റില്‍. ചണ്ഡിഗഡ് സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ എംബിഎ വിദ്യാര്‍ഥിനിയെയാണ് മൊഹാലി പോലീസ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ചണ്ഡിഗഡ് സര്‍വകലാശാലയില്‍ വന്‍ പ്രതിഷേധമാണ് ഉണ്ടായത്. ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളിലൊരാള്‍ സഹപാഠികളുടെ ശുചിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിന് പിന്നാലെയാണ് വിദ്യാര്‍ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പെണ്‍കുട്ടിയുടേതെന്ന പേരിലും ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. പെണ്‍കുട്ടികള്‍ ക്യാംപസില്‍ പ്രതിഷേധിക്കുന്ന ചിത്രങ്ങളും പുറത്തു വന്നു. ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ നിരവധി പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ സര്‍വകലാശാലയുടെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. എന്നാല്‍ ആരും ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ലെന്നും വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മൊഹാലി പോലീസ് മേധാവി വിവേക് സോനി പ്രതികരിച്ചു. സ്വകാര്യ മാനേജ്‌മെന്റിന് കീഴിലുള്ള സര്‍വ്വകലാശാലയാണ് ഇത്. വിദ്യാര്‍ഥിനികള്‍ ക്യാംപസില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യക്ക് ശ്രമിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചത്. പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി. കുറ്റക്കാരായവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും വിദ്യാര്‍ഥികള്‍ സംയമനം പാലിക്കണമെന്നും പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹര്‍ജോത് സിങ് ബെയിന്‍സ് വിദ്യാര്‍ഥികളോട് അഭ്യര്‍ഥിച്ചു. വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായി പഞ്ചാബ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ മനീഷ ഗുലാത്തിയും പറഞ്ഞു.