തളിപ്പറമ്പ് - ഒറ്റയാൾ നിയമ പോരാട്ടത്തിലൂടെ കേരള വഖഫ് ബോർഡിന്റെ ഉത്തരവ് തിരുത്തിപ്പിച്ച് ലീഗ് നേതാവ് പി.കെ.സുബൈർ.
കേരളാ വഖഫ് ബോർഡ് ഒരിക്കൽ പുറത്തിറക്കിയ ഉത്തരവ് തിരുത്തി വീണ്ടും ഇറക്കുന്ന അപൂർവ്വ നടപടിയാണ് ഈ പോരാട്ടത്തിലൂടെ സുബൈർ സാധ്യമാക്കിയത്.
മുസ് ലിം ലീഗ് നേതാവ് പി.കെ. സുബൈറിനെ തളിപ്പറമ്പ് സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂളിന്റെ മാനേജർ സ്ഥാനത്ത് നിന്ന് നീക്കുകയും ജമാഅത്ത് ട്രസ്റ്റിന് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുകയും ചെയ്ത കേരള വഖഫ് ബോർഡിന്റെ നടപടി ഹൈക്കോടതി റദ്ദ് ചെയ്യുകയും സുബൈറിന്റെ നിലപാടുകൂടി അറിഞ്ഞു മാത്രമേ തുടർ നടപടി സ്വീകരിക്കാൻ പാടുള്ളൂ എന്ന് നിർദ്ദേശിക്കുകയും ചെയ്തതിനെ തുടർന്നാണ് ഈ അപൂർവ്വ നടപടി. വിഷയം വീണ്ടും പരിഗണിച്ച കേരള വഖഫ് ബോർഡ് സുബൈറിനെ നീക്കിയ നേരത്തെയുള്ള ഉത്തരവ് തിരുത്തി അദ്ദേഹത്തെ മാനേജർ സ്ഥാനത്ത് നിലനിർത്തിക്കൊണ്ടുതന്നെ എക്സിക്യൂട്ടീവ് ഓഫീസറെ നിയോഗിച്ചു കൊണ്ട് വീണ്ടും ഉത്തരവായി.
തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റി കമ്മിറ്റിക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചുകൊണ്ടും ട്രസ്റ്റിന്റെ കീഴിലുള്ള സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂളിന്റെയും റോയൽ ഇംഗ്ലീഷ് സ്കൂളിന്റെയും മാനേജർ ആന്റ് കറസ്പോണ്ടന്റ് ചുമതല നൽകുകയും ചെയ്ത് കൊണ്ടും കേരള വഖഫ് ബോർഡ് നേരത്തെ ഓർഡർ ഇറക്കുകയും നിയോഗിക്കപ്പെട്ട എക്സിക്യൂട്ടീവ് ഓഫീസർ ഷംസുദ്ദീൻ ചാർജെടുക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് പി.കെ. സുബൈർ ഹൈക്കോടതിയെ സമീപിച്ചത് . കേരള വഖഫ് ബോർഡ് തന്നെ നീക്കുന്നതിന് മുമ്പ് തന്റെ വാദം അവതരിപ്പിക്കുവാൻ അവസരം നൽകിയില്ല എന്നായിരുന്നു സുബൈറിന്റെ വാദം.
സുബൈറിന്റെ വാദം കേട്ട ഹൈക്കോടതി കേരള വഖഫ് ബോർഡ് നടപടി സാമാന്യ നീതി നിഷേധമാണെന്ന് കണ്ടെത്തി ഉത്തരവ് സ്റ്റേ ചെയ്തു. സ്റ്റേ നീക്കണമെന്ന് പറഞ്ഞുകൊണ്ട് വീണ്ടും തളിപ്പറമ്പ് സംരക്ഷണ സമിതി ചെയർമാൻ അബ്ദുൽ കരീം ഹൈക്കോടതിയെ സമീപിച്ചെങ്കിലും മറ്റൊരു ആക്ഷേപവും ഇല്ലാതെ കെയർ ടേക്കർ മാനേജർ ആയി തുടരുന്നു എന്ന ഒറ്റ കാരണത്താൽ അദ്ദേഹത്തെ മാറ്റാൻ കഴിയില്ല എന്ന് പറഞ്ഞു കൊണ്ട് ഹൈക്കോടതി ഓർഡർ തന്നെ റദ്ദ് ചെയ്യുകയായിരുന്നു. ഹൈക്കോടതി നിർദ്ദേശം മാനിച്ച് സുബൈറിന് തന്റെ വാദം അവതരിപ്പിക്കുന്നതിന് വഖഫ് വഖഫ് ബോർഡ് അവസരം നൽകുകയും
പരാതിക്കാരന്റെ എല്ലാ ആക്ഷേപങ്ങൾക്കും അക്കമിട്ട് സുബൈർ എതിർവാദം അവതരിപ്പിക്കുകയും ചെയ്തു. ഭരണസമിതിയിൽ 18 പേരുണ്ടായിട്ടും പരാതിക്കാരൻ തന്റെ പിന്നാലെ മാത്രം നടക്കുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങൾ കാരണമാണെന്നും വഖഫ് ബോർഡ് നടത്തിയ ഒരു അന്വേഷണത്തിലും തനിക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ലെന്നുമുള്ള വാദമാണ് സുബൈർ പ്രധാനമായും ഉയർത്തിയത്. സുബൈറിന്റെ വാദങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മാനേജർ സ്ഥാനത്തുനിന്ന് നീക്കിയ നടപടി തിരുത്തി പുതിയ ഉത്തരവ് പുറത്തിറക്കിയത്.