Sorry, you need to enable JavaScript to visit this website.

11 കാപാലികരെ വിട്ടയച്ചതില്‍ പ്രതിഷേധിച്ച് 180 കി.മീ പദയാത്ര

അഹമ്മദാബാദ്-ബില്‍ക്കിസ് ബാനു കേസിലെ 11 കാപാലികരെ വിട്ടയച്ചതില്‍ പ്രതിഷേധിച്ച് സബര്‍മതി ആശ്രമത്തിലേക്ക് പദയാത്രയുമായി ഒരു കൂട്ടം സാമൂഹിക പ്രവര്‍ത്തകര്‍.  ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ രണ്‍ധിക്പൂരില്‍ നിന്ന് അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തിലേക്കാണ് പദയാത്ര നടത്തുക.
ഗുജറാത്ത് സര്‍ക്കാര്‍ ഇളവ് അനുവദിച്ചതിനെത്തുടര്‍ന്നാണ് ബലാത്സംഗത്തിലും കൊലപാതകങ്ങളിലും ശിക്ഷിക്കപ്പെട്ട
11 പേര്‍ ഓഗസ്റ്റ് 15 ന് ഗോധ്രയിലെ ജയിലില്‍നിന്ന് മോചിതരായത്.
ഹിന്ദു മുസ്ലീം ഏകതാ സമിതിയുടെ ബാനറിന് കീഴില്‍ പ്രവര്‍ത്തകര്‍ ഈ മാസം 26 മുതല്‍ ഒക്ടോബര്‍ നാല് വരെ 180 കിലോമീറ്റര്‍ ദൂരമാണ് പദയാത്ര.  സാമൂഹിക പ്രവര്‍ത്തകന്‍ സന്ദീപ് പാണ്ഡെ, എംഎല്‍എ ജിഗ്‌നേഷ് മേവാനി തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി അംഗം കലീം സിദ്ദിഖ് പറഞ്ഞു.
മഹാത്മാഗാന്ധിയുടെ ആത്മീയതയുടെയും മൂല്യങ്ങളുടെയും സദ്ഗുണങ്ങളുടെയും പേരില്‍ ലോകമെമ്പാടും അറിയപ്പെടുന്ന ഒരു രാജ്യത്ത് കുറ്റവാളികളുടെ മോചനം ലജ്ജാകരമായ കാര്യമാണെന്ന് സംഘം പ്രസ്താവനയില്‍ പറഞ്ഞു.
മഹാത്മാഗാന്ധിയെപ്പോലുള്ള ആഗോള പ്രതിഭയെ സൃഷ്ടിച്ച ഗുജറാത്ത് നിഷ്ഠുരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവരെ കുറിച്ച് മൗനം പാലിക്കുന്നത് ലജ്ജാകരമാണ്. മാനവികത നിലനില്‍ക്കാനും ധാര്‍മ്മിക മൂല്യങ്ങളും ധാര്‍മ്മിക മാനദണ്ഡങ്ങളും മാനിക്കപ്പെടാനും നിരപരാധികള്‍ക്ക് സുരക്ഷിതത്വം തോന്നാനും ശബ്ദമുയര്‍ത്തേണ്ടതുണ്ട്.
ബില്‍ക്കിസ് ബാനുവിനോട് മാപ്പ് ചോദിക്കാനും ഇത്തരമൊരു വിധി മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാനുമാണ് പദയാത്ര നടത്തുന്നതെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
2002ല്‍ സംസ്ഥാനത്ത് നടന്ന ഗോധ്രാനന്തര കലാപത്തിലാണ് ബില്‍ക്കിസ് ബാനും കൂട്ടബലാത്സംഗത്തിനിരയാകുകയും  ബന്ധുക്കളില്‍ പലരും കൊല്ലപ്പെടുകയും ചെയ്തത്.

 

Latest News