ടെഹ്‌റാന്‍- ഇറാനില്‍ പൊതുനിരത്തിലെ വസ്ത്രധാരണത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത യുവതി മരിച്ചു. ശരിയായ രീതിയില്‍ ശിരോവസ്ത്രം ധരിച്ചില്ലെന്ന പേരില്‍ ഇറാനിലെ സദാചാര പോലീസ് വിഭാഗമായ ഗഷ്‌തെ ഇര്‍ഷാദ്(ഗൈഡന്‍സ് പട്രോള്‍) അറസ്റ്റ് ചെയ്ത മഹ്‌സ അമിനി(22) എന്ന യുവതിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ടെഹ്‌റാനില്‍നിന്ന് പോലീസ് പിടികൂടിയതിന് പിന്നാലെ കോമയിലായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പോലീസിന്റെ മര്‍ദനമാണ് യുവതിയുടെ മരണത്തിന് കാരണമായതെന്നാണ് ആരോപണം. അറസ്റ്റ് ചെയ്തതിന് പിന്നാലെ മഹ്‌സയ്ക്ക് തലയ്ക്ക് മര്‍ദനമേറ്റെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് പരാതി.
അതേസമയം, ഉദ്യോഗസ്ഥര്‍ യുവതിയെ മര്‍ദിച്ചിട്ടില്ലെന്ന് ടെഹ്‌റാന്‍ പോലീസ് പ്രതികരിച്ചു. മഹ്‌സ അമിനി അടക്കം ഒട്ടേറെ യുവതികളെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നിരുന്നതായും ഇതിനിടെ ഹാളില്‍വെച്ച് മഹ്‌സ കുഴഞ്ഞുവീഴുകയാണുണ്ടായതെന്നും പോലീസ് പറഞ്ഞു.
മഹ്‌സയുടെ മരണത്തിന് പിന്നാലെ ഇറാനില്‍ സദാചാര പോലീസിനെതിരേ ശക്തമായ പ്രതിഷേധമാണുയരുന്നത്. യുവതിയെ ചികിത്സിച്ചിരുന്ന ആശുപത്രിക്ക് മുന്നില്‍ നിരവധിപേരാണ് കഴിഞ്ഞദിവസം തടിച്ചുകൂടിയത്. ഇതിനുപിന്നാലെ ടെഹ്‌റാനില്‍ സദാചാര പോലീസിനെതിരായ പ്രതിഷേധ മുദ്രാവാക്യങ്ങളും മുഴക്കി. സാമൂഹികമാധ്യമങ്ങളിലും പോലീസിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഇറാനില്‍ മതപരമായരീതിയിലുള്ള വസ്ത്രധാരണം അടക്കം ഉറപ്പുവരുത്തുക എന്നതാണ് ഗൈഡന്‍സ് പട്രോളിന്റെ ചുമതല.