ഇസ്താംബൂള്‍- മൊബൈല്‍ ഫോണുകളിലും ടാബ്‌ലെറ്റുകളിലും കൂടുതല്‍ സമയം ചെലവഴിക്കുന്നതാണ് പെണ്‍കുട്ടികളിലെ ഹോര്‍മോണ്‍ അളവ് മാറ്റുന്നതിനും നേരത്തെ പ്രായപൂര്‍ത്തിയാകുന്നതിനും കാരണമെന്ന് പുതിയ പഠനം. തുര്‍ക്കി സര്‍വകലാശലയില്‍ എലികളെ കേന്ദ്രീകരിച്ച് നടത്തിയ ഗവേഷണത്തിലാണ് ഈ നിഗമനം.
നീലവെളിച്ചത്തില്‍ പെണ്‍ എലികളെ ദീര്‍ഘനേരം നിര്‍ത്തിയപ്പോള്‍ മെലറ്റോണിന്റെ അളവ് കുറയുകയും ചില പ്രത്യുത്പാദന ഹോര്‍മോണുകളുടെ അളവ് വര്‍ധിക്കുകയും ചെയ്തു. അണ്ഡാശയത്തിലെ മാറ്റങ്ങളും എലികളെ കേന്ദ്രീകരിച്ചുള്ള പഠനത്തില്‍ കണ്ടെത്തി.
മെലറ്റോണിന്റെ അളവ് മാറ്റാന്‍ കാരണമാകുന്ന ബ്ലൂ ലൈറ്റ് പ്രത്യുല്‍പാദന ഹോര്‍മോണുകളുടെ അളവ് മാറ്റുന്നതിനും നേരത്തെ പ്രായപൂര്‍ത്തിയാകുന്നതിനും കാരണമാകുമെന്ന് കണ്ടെത്തിയതായി അങ്കാറയിലെ ഗാസി സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകന്‍ അയ്‌ലിന്‍ കിലിങ്ക് ഉഗുര്‍ലു പറഞ്ഞു.
നീലവെളിച്ചത്തിന്റെ ദൈര്‍ഘ്യം കൂടുന്തോറും പ്രായപൂര്‍ത്തി നേരത്തെയാകുമെന്ന്
യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ പീഡിയാട്രിക് എന്‍ഡോെ്രെകനോളജിയുടെ അറുപതാം വാര്‍ഷിക യോഗത്തില്‍ അവതരിപ്പിച്ച പഠനത്തില്‍ പറയുന്നു. പ്രത്യുല്‍പാദന ഹോര്‍മോണുകളുടെ അളവിലും പ്രായപൂര്‍ത്തിയാകുന്നതിന്റെ സമയത്തും നീല വെളിച്ചത്തിന്റെ ഫലങ്ങളെക്കുറിച്ച് പഠിക്കാന്‍ എലികളെയാണ് ഗവേഷകര്‍ മാതൃകയാക്കിയത്.
ആറ് പെണ്‍ എലികള്‍ അടങ്ങുന്ന മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് നീല വെളിച്ചത്തിന്റെ പശ്ചാത്തലത്തിലുള്ള പഠനം നടത്തിയത്. പ്രായപൂര്‍ത്തിയാകുന്നതിന്റെ ആദ്യ ലക്ഷണങ്ങള്‍ നീല വെളിച്ചത്തിന് വിധേയരായ രണ്ട് ഗ്രൂപ്പുകളിലും വളരെ നേരത്തെ തന്നെ സംഭവിച്ചു. നീല വെളിച്ചത്തിന്റെ ദൈര്‍ഘ്യം കൂടുന്തോറും പ്രായപൂര്‍ത്തിയാകുന്ന സയമം നേരത്തെ ആകുകയും ചെയ്തു.