Sorry, you need to enable JavaScript to visit this website.

ബലാല്‍സംഗക്കേസില്‍ ആള്‍ദൈവം ആസാറാം ബാപു കുറ്റക്കാരന്‍

ജോധ്പൂര്‍- അഞ്ചു വര്‍ഷം മുമ്പ് രാജസ്ഥാനിലെ തന്റെ ആശ്രമത്തില്‍ വച്ച് 16-കാരിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ ആള്‍ദൈവം ആസാറാം ബാപു കുറ്റക്കാരനാണെന്ന് ജോധ്പൂര്‍ പ്രത്യേക കോടതി വിധി. ശിക്ഷ പിന്നീട് വിധിക്കും. സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ഇദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്ന ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രത്യേകമായി ഒരുക്കിയ കോടതിയിലാണ് ജഡ്ജി മധുസുധന്‍ ശര്‍മ വിധി പറഞ്ഞത്. ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പരാതിയ തുടര്‍ന്ന് 2013-ലാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ആസാറാമിനെ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമം, ബാലനീതി എന്നീ നിയമങ്ങള്‍ പ്രകാരം ചുരുങ്ങിയത് 10 വര്‍ഷം തടവ് ലഭിക്കുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിലെ മറ്റു നാലു പ്രതികളില്‍ രണ്ടു പേര്‍ കൂടി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. രണ്ടു പേരെ വെറുതെ വിട്ടു.

2013-ല്‍ ജോധ്പൂരിലെ ഛിന്ദ്വാരയിലെ ആശ്രമത്തില്‍ വച്ചാണ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ആസാറാം ബലാല്‍സംഗം ചെയ്തത്. പെണ്‍കുട്ടിയില്‍ പിശാച് ബാധയുണ്ടെന്നും ഇതൊഴിപ്പിക്കാന്‍ ചികിത്സനടത്തുകയാണെന്ന വ്യാജേനയാണ് പെണ്‍കുട്ടിയെ ആസാറാം ബലാല്‍സംഗം ചെയ്തതെന്ന്് കുറ്റപത്രം പറയുന്നു. ഉത്തര്‍ പ്രദേശ് സ്വദേശിയായ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ പഠനത്തിനു വേണ്ടിയാണ് ആശ്രമത്തിലാക്കിയിരുന്നത്.  

കേസില്‍ വിധി പറയുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടു ദിവസമായി രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാണ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ പോലീസ് കനത്ത ജാഗ്രതയിലായിരുന്നു. 400-ഓളം ആശ്രമങ്ങളും ലക്ഷക്കണക്കിന് അനുയായികളുമുള്ള ആസാറാമിനെതിരെ വിധി വന്നാല്‍ അനിഷ്ടസംഭവങ്ങളുണ്ടാകാനുള്ള സാധ്യത മുന്‍ നിര്‍ത്തിയാണ് സുരക്ഷ ഒരുക്കിയിരുന്നത്. വിധി പറഞ്ഞത് ജയിലിലെ കോടതിയിലേക്ക് മാധ്യമങ്ങളെ പോലും കടത്തിവിട്ടില്ല.

കേസ് വിചാരണക്കിടെ ആസാറാമിനെതിരെ മൊഴി നല്‍കിയ ഒമ്പതു സാക്ഷികള്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇവരില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ആസാറാം കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കും പോലീസിനുമെതിരേയും കയ്യേറ്റ ശ്രമങ്ങളുണ്ടായി. ഗുജറാത്തില്‍ രണ്ടു സഹോദരിമാരെ ബലാല്‍സംഗം ചെയ്ത മറ്റൊരു കേസിലും ആസാറാം പ്രതിയാണ്.
 

Latest News