ന്യൂദല്‍ഹി- ഭാര്യയുടെ അനുമതിയില്ലാത്ത ലൈംഗികപീഡനം ഭര്‍ത്താവിന്റെ കുറ്റമാക്കണമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം സുപ്രീം കോടതി ആരാഞ്ഞു. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രത്തിന്റെ പ്രതികരണം തേടിയത്. സമാനമായ നിരവധി ഹരജികള്‍ സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നും അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇവയില്‍ ഒരുമിച്ച് വാദം കേള്‍ക്കുമെന്നും കോടതി പറഞ്ഞു.
ഈ വിഷയത്തില്‍ മെയ് 12ന് ദല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഭിന്ന വിധി പുറപ്പെടുവിച്ചിരുന്നു. ജസ്റ്റിസ് രാജീവ് ശക്തര്‍, വിവാഹ ജീവിതത്തില്‍ ഭാര്യയുടെ സമ്മതമില്ലാതെ തന്നെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന് ഉത്തരവിട്ടപ്പോള്‍, ജസ്റ്റിസ് ഹരിശങ്കര്‍ ഈ വിധിയില്‍ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയിരുന്നു. ഈ ഭിന്ന വിധിക്കെതിരെ ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ളവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. അഭിഭാഷകരായ കരുണ നുണ്ഡിയും രാഹുല്‍ നാരായണനും മുഖേനയാണ് ഹരജികള്‍ സുപ്രീംകോടതിയിലെത്തിയത്.
വിവാഹ ജീവിതത്തില്‍ സ്ത്രീയുടെ സമ്മതമില്ലാതെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടു. വിവാഹ ജീവിത്തിലെ സ്ത്രീയുടെ അവകാശങ്ങള്‍ ഹനിക്കുന്നതാണ് ഇത്തരം പ്രവൃത്തിയെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.
മാരിറ്റല്‍ റേപ്പ് ക്രിമിനല്‍ കുറ്റകൃത്യമായി കണക്കാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പോഷകസംഘടനയായ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ബലാത്സംഗങ്ങള്‍ക്കെതിരായ നിയമങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക് കടകവിരുദ്ധമാണ് മാരിറ്റല്‍ റേപ്പിന് നല്‍കുന്ന ഇളവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. പങ്കാളിയുടെ അനുമതിയില്ലാതെ നടക്കുന്ന ഏത് ലൈംഗിക വേഴ്ചയും ക്രിമിനല്‍ കുറ്റമാണെന്നും അസോസിയേഷന്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി. ദല്‍ഹി ഹൈക്കോടതിയുടെ ഭിന്നവിധിക്കെതിരെയാണ് സംഘടന സുപ്രീം കോടതിയെ സമീപിച്ചത്.