എത്രയോ വർഷങ്ങൾക്കിടെ പാർട്ടി സംഘടിപ്പിച്ചിരിക്കുന്ന ഏറ്റവും വലിയ ജനസമ്പർക്ക ശ്രമമായ ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തിലാണ് ഗോവയിലെ കൂറുമാറ്റങ്ങൾ നടന്നതെന്നതു ശ്രദ്ധേയമാണ്. ദേശീയ പ്രതിപക്ഷ ഇടങ്ങളിൽ തീവ്രമായ കലഹം നടക്കുന്ന സമയത്ത് കോൺഗ്രസിന്റെ ദുർബലത അതിന്റെ സാധ്യതകൾ ഒന്നുകൂടി കുറക്കും.
ഈ വർഷം ഫെബ്രുവരിയിൽ കോൺഗ്രസിന്റെ അപേക്ഷ ദൈവത്തോടായിരുന്നു. മാർച്ചിൽ നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി വിടില്ലെന്ന് പ്രതിജ്ഞയെടുക്കാൻ ഗോവയിലെ എല്ലാ സ്ഥാനാർഥികളെയും പാർട്ടി നിർബന്ധിച്ചു. കേന്ദ്ര നേതാക്കൾ ക്ഷേത്രത്തിലും പള്ളിയിലും ദർഗയിലും അവരെ വലിയ പ്രകടനത്തോടെ ആനയിച്ചു. തെരഞ്ഞെടുപ്പിൽ പതിനൊന്ന് സീറ്റുകൾ നേടി, ദൈവാധീനം.
ഏഴ് തവണ എം.എൽ.എയും മുൻ മുഖ്യമന്ത്രിയുമായ ദിഗംബർ കാമത്ത് ഉൾപ്പെടെ എട്ട് പേർ ബുധനാഴ്ച ബി.ജെ.പിയിൽ ചേർന്നപ്പോൾ കോൺഗ്രസിനെ ദൈവം പോലും കൈവിട്ടെന്ന് തോന്നി. ആ പ്രതിജ്ഞയെക്കുറിച്ച് ഓർമിപ്പിച്ചപ്പോൾ കാമത്ത് പറഞ്ഞത് താൻ വീണ്ടും ദൈവത്തോട് ചോദിച്ചുവെന്നാണ്. 'വീണ്ടും അമ്പലത്തിൽ പോയി എന്തു ചെയ്യണമെന്ന് ദൈവത്തോട് ചോദിച്ചു. നിനക്കു ഉചിതമായത് ചെയ്യൂ എന്ന് ദൈവം എന്നോട് പറഞ്ഞു. അങ്ങനെ കാമത്ത് ബി.ജെ.പിക്കാരനായി.
ഗോവൻ രാഷ്ട്രീയത്തിൽ ഒരു പാർട്ടിയോട് മാത്രമായുള്ള വിശ്വസ്തത പൊതുവെ അപൂർവമാണ്. ചെറിയ മണ്ഡലങ്ങളിൽ ആയിരക്കണക്കിന് വോട്ടുകൾ നേടുന്ന നേതാക്കളെ കേന്ദ്രീകരിച്ചാണ് അവിടെ രാഷ്ട്രീയം. പാർട്ടിയോടെന്നതിനുപരി, നേതാക്കളോടാണ് വോട്ടർമാരുടെ കൂറും വിധേയത്വവും. അതിനാൽ ഏതു പാർട്ടിയിൽനിന്നാലും പല നേതാക്കളും വിജയിക്കും. ഇത് നിയമസഭാംഗങ്ങളെ അവരുടെ വോട്ടർമാരുടെ രോഷം നേരിടാതെ ധിക്കാരത്തോടെ പാർട്ടി മാറാൻ സാഹചര്യമൊരുക്കുന്നു. എന്നിരുന്നാലും അരുണാചൽ പ്രദേശ് (2018), കർണാടക (2019), മധ്യപ്രദേശ് (2020), പശ്ചിമ ബംഗാൾ (2021), ഗുജറാത്ത് (2018-19) തുടങ്ങിയ സംസ്ഥാനങ്ങളിലെ സമാന സംഭവ വികാസങ്ങൾക്കൊപ്പം ഗോവ വീണ്ടും കൂറുമാറ്റ രാഷ്ട്രീയത്തിന്റെ പാത പിന്തുടരുന്നത് രാഷ്ട്രീയ വ്യവസ്ഥിതിയിൽ അപകട സാധ്യത വർധിപ്പിക്കുന്നു.
രണ്ട് കാരണങ്ങളാൽ കൂറുമാറ്റങ്ങൾ കോൺഗ്രസിന് ദോഷം ചെയ്തിട്ടുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഗോവയിൽ കോൺഗ്രസിന്റെ നേതൃത്വം ശോഷണം നേരിടുന്നു എന്നതാണ് ആദ്യത്തെ കാരണം. രണ്ടാമത്തേത്, ജൂലൈയിൽ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് ആഞ്ഞു ശ്രമിച്ചിട്ടും പാർട്ടിയെ രാഷ്ട്രീയമായി മറികടക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞു എന്നതാണ്.
എത്രയോ വർഷങ്ങൾക്കിടെ പാർട്ടി സംഘടിപ്പിച്ചിരിക്കുന്ന ഏറ്റവും വലിയ ജനസമ്പർക്ക ശ്രമമായ ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തിലാണ് കൂറുമാറ്റങ്ങൾ നടന്നതെന്നതു ശ്രദ്ധേയമാണ്. ദേശീയ പ്രതിപക്ഷ ഇടങ്ങളിൽ തീവ്രമായ കലഹം നടക്കുന്ന സമയത്ത് കോൺഗ്രസിന്റെ ദുർബലത അതിന്റെ സാധ്യതകൾ ഒന്നുകൂടി കുറക്കും.
ഗോവയിലെ കൗതുകകരമായ പ്രവണത ആശയങ്ങളും പാർട്ടികളും ഉപേക്ഷിച്ചതിന് വോട്ടർമാർ നിയമ നിർമാതാക്കളെ കഠിനമായി വിമർശിക്കുന്നില്ലെന്നതാണ്. കൂറുമാറ്റങ്ങളുടെ കുത്തൊഴുക്ക് ഇതാണ് സൂചിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ രാഷ്ട്രീയത്തിൽ പ്രാദേശിക സ്വാധീന മേഖലകൾക്ക് കൂടുതൽ പ്രാധാന്യമുണ്ട്. വോട്ടർമാരും അവരുടെ പ്രതിനിധികളും തമ്മിലുള്ള ഈ ഇടപാട് കൂറുമാറ്റ വിരുദ്ധ നിയമത്തിന് മാത്രമല്ല തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനും വെല്ലുവിളിയാണ്.
തങ്ങളുടെ കാൽപാടുകൾ വികസിപ്പിക്കാനും പുതിയ പ്രദേശങ്ങൾ നേടാനുമുള്ള ബി.ജെ.പിയുടെ അക്രമാസക്തമായ സഹജ വാസനക്ക് മുന്നിൽ പ്രതിപക്ഷത്തിന് തങ്ങളുടെ പാർട്ടികളെ ഒരുമിച്ച് നിർത്താനുള്ള കഴിവില്ലായ്മയാണ് കൂറുമാറ്റ പ്രവണതയുടെ കാതൽ. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷമോ നേരിയ ഭൂരിപക്ഷമോ നേടാനാകാതെ വരുന്ന സാഹചര്യത്തിൽ ഭരണകക്ഷിയുടെ സമ്പൂർണ ആധിപത്യം തേടിക്കൊണ്ട് ആ അധികാരം അട്ടിമറിക്കാൻ ആഗ്രഹിക്കുന്നുവെന്നത് തീർച്ചയായും അസ്വാസ്ഥ്യജനകമാണ്: 2014 മുതലുള്ള ബി.ജെ.പിയുടെ മുദ്രാവാക്യം - കോൺഗ്രസ്മുക്ത് ഭാരത് - പ്രതിപക്ഷ മുക്ത് ഭാരതായി രൂപാന്തരപ്പെട്ടതായി തോന്നുന്നു.
എന്നാൽ പ്രതിപക്ഷ നേതാക്കളാരും രാഷ്ട്രീയ വസന്ത ബാധിച്ച കോഴികളല്ല. എല്ലാ കുറ്റങ്ങളും ബി.ജെ.പി എന്ന ഭീമന്റെ പുറത്തേക്ക് കെട്ടിവെക്കുന്നത് ശരിയല്ല. പ്രതിപക്ഷത്തിന്റെ ആലസ്യവും ദിശാബോധമില്ലായ്മയും കൂടി ഇവിടെ എടുത്തുപറയേണ്ടതുണ്ട്, ബി.ജെ.പി ഇതര കക്ഷികളെ ഒന്നിച്ചുനിർത്തുന്ന ഒരേയൊരു പശ അധികാരം മാത്രമാണെന്ന് കൂടുതൽ വ്യക്തമാണ്. കാരണം ഈ സംഘടനകൾ വളരെക്കാലമായി വ്യക്തിഗത നേതാക്കളുടെയും അവരുടെ കുടുംബങ്ങളുടെയും ഇണക്കവും പിണക്കവുമായി ബന്ധപ്പെട്ടാണ് തീരുമാനങ്ങളെടുക്കുന്നത്. പ്രത്യയശാസ്ത്രത്തെയോ ആദർശത്തെയോ കാഴ്ചപ്പാടുകളെയോ ചുറ്റിപ്പറ്റിയുള്ള അടിസ്ഥാന രാഷ്ട്രീയം മിക്ക സംഘടനകളിലും കാണുന്നില്ല. ഇതിന് കരുത്തുണ്ടെന്ന് കരുതുന്ന ഇടതു സംഘടനകളാകട്ടെ, വലതു സംഘടനകളേക്കാൾ വലിയ ആശയ പതനത്തിലുമാണ്. ഇന്ത്യയിലുടനീളം കേഡർമാരും നേതാക്കളുമുണ്ടെങ്കിലും പരമമായ തോൽവിയിൽ രക്തം വാർന്നൊഴുകുന്ന കോൺഗ്രസിന്റെ കാര്യത്തിൽ പ്രതിസന്ധി ഏറെക്കുറെ സംഘടനാപരമാണ്.
പാർട്ടിയുടെ അധ്യക്ഷ പദത്തിലേക്ക് ഒരാളെ നിശ്ചയിക്കാനുള്ള കഴിവു പോലും പ്രകടിപ്പിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. ഗാന്ധി കുടുംബത്തിൽനിന്ന് അധികാരം അകന്നുപോയാൽ നിലനിൽപില്ലെന്ന് സ്വയം കരുതുന്ന ഒരു സംഘം കോൺഗ്രസിനെ ഒരു തരത്തിലുള്ള മാറ്റങ്ങൾക്കും അനുവദിക്കില്ല. ഇന്ദിരാഗാന്ധിയുടെ കാലം മുതൽ കോൺഗ്രസിനുള്ളിൽ ശക്തമായി തുടരുന്ന ഉപജാപക രാഷ്ട്രീയത്തിന്റെ പിടി ഇപ്പോഴും ശക്തമാണ്. രാജീവ് വധത്തെത്തുടർന്നുള്ള അനിശ്ചിതത്വത്തിനിടയിൽ ഈ കുടുംബ രാഷ്ട്രീയത്തിന് പുറത്തേക്ക് പാർട്ടി വേരു പടർത്താൻ ശ്രമിച്ചെങ്കിലും ഗാന്ധി കുടുംബത്തെ ചുറ്റിപ്പറ്റി ഉപജീവനം കഴിക്കുന്നവർ അതിവേഗം പാർട്ടിയുടെ കടിഞ്ഞാൺ കൈക്കലാക്കുകയായിരുന്നു. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കേണ്ടി വന്ന പത്തു വർഷങ്ങളിൽ പോലും ഈ അധികാര കേന്ദ്രത്തെ അശക്തമാക്കാൻ അവർ അനുവദിച്ചില്ല. അതിന്റെ പരിണത ഫലം തന്നെയാണ് പാർട്ടി ഇപ്പോഴും അനുഭവിക്കുന്നത്.
വ്യക്തമായും, ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് അതിമോഹമുള്ള നേതാക്കൾക്ക് പ്രതീക്ഷ നൽകുന്നതിൽ പ്രതിപക്ഷത്തിന്റെ പരാജയമാണ് കാണിക്കുന്നത്. രാഷ്ട്രീയ കൂറുമാറ്റങ്ങളെ നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 1980 കളിൽ നിയമ നിർമാണം നടത്തിയ രാജ്യമാണ് നമ്മുടേത്. കൂറുമാറ്റ വിരുദ്ധ നിയമം നടപ്പിലായെങ്കിലും നിയമത്തിലെ പഴുതുകൾ ഫലപ്രാപ്തിയുണ്ടാക്കുന്നതിൽ പരാജയപ്പെടുന്നു. വലിയ ഗ്രൂപ്പായി കൂറുമാറിയാൽ നിയമം നിസ്സഹായമാകുന്നു. 1960 കളുടെ അവസാനത്തിൽ ഹരിയാനയുടെ പ്രാദേശിക രാഷ്ട്രീയത്തിലെ മാറ്റംമറിച്ചിലുകളിൽനിന്നാണ് ആയാറാം ഗയാറാം എന്ന പ്രയോഗം തന്നെ രൂപപ്പെട്ടത്. എന്നാൽ വെല്ലുവിളി ഇപ്പോൾ ആഴമേറിയതും ദേശീയവുമാണ്. അതിനെ അതിജീവിക്കാൻ കോൺഗ്രസിന് സാധാരണ മനോബലം മതിയാകില്ല.