ന്യൂദല്‍ഹി- കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഏഴു പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച് ചെയ്യാനുള്ള പ്രമേയം കൊണ്ടു വന്നതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ക്കിടെ സുപ്രീം കോടതിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ ജഡ്ജിമാരും ഉള്‍പ്പെടുന്ന മുഴുക്കോടതി വിളിച്ചു ചേര്‍ക്കണമെന്ന് മുതിര്‍ന്ന ജഡ്ജിമാര്‍. സുപ്രീം കോടതി നേരിടുന്ന പ്രശ്‌നങ്ങളും കോടതിയുടെ ഭാവിയും ചര്‍ച്ച ചെയ്യാന്‍ മുഴു കോടതി ചേരണമെന്നാവശ്യപ്പെട്ട് ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, മദന്‍ ലോക്കൂര്‍ എന്നിവരാണ് ചീഫ് ജസ്റ്റിസ് കത്തു നല്‍കിയത്. ഒക്ടോബറില്‍ ചീഫ് ജസ്റ്റിസ് മിശ്ര പദവിയൊഴിഞ്ഞാല്‍ പിന്‍ഗാമിയായി എത്താനിരിക്കുന്നത് ജസ്റ്റിസ് ഗൊഗോയ് ആണ്.
ഏറ്റവും മുതിര്‍ന്ന ജഡ്ജിമാരും കൊളീജിയം അംഗങ്ങളുമായ രണ്ടു ജഡ്ജിമാരും ചീഫ് ജസ്റ്റിസിനെഴുതിയ കത്തില്‍ രണ്ടു വരി മാത്രമെ ഉള്ളൂ. ഞായറാഴ്ച നല്‍കിയ കത്തിനു ഇതുവരെ ചീഫ് ജസ്റ്റിസ് മറുപടി നല്‍കിയിട്ടില്ല. തിങ്കളാഴ്ച രാവിലെ എല്ലാ സുപ്രീം കോടതി ജഡ്ജിമാരും പങ്കെടുക്കുന്ന പതിവു യോഗത്തില്‍ ചില ജ്ഡ്ജിമാര്‍ മുഴു കോടതി ചേരുന്ന കാര്യം ഉന്നയിച്ചെങ്കിലും ചീഫ് ജസ്റ്റിസ് മിശ്ര ഇതു സംബന്ധിച്ച് അഭിപ്രായമൊന്നും പറഞ്ഞിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ട് പൊതു പ്രധാന്യമുള്ള വിഷയങ്ങള്‍ വരുന്ന സാഹചര്യങ്ങളിലാണ് എല്ലാ ജഡ്ജിമാരും ഉള്‍പ്പെടുന്ന മുഴു കോടതി സുപ്രീം കോടതി വിളിച്ചു ചേര്‍ക്കുക.
ഇതു മൂന്നാം തവണയാണ് കൊളീജിയം അംഗങ്ങളായ മുതിര്‍ന്ന ജഡ്ജിമാര്‍ സുപ്രീം കോടതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഇതേ ആവശ്യം ഉന്നയിച്ച് ചീഫ് ജസ്റ്റിസിന് കത്തെഴുതുന്നത്.