ജോധ്പുർ- രാജസ്ഥാനിൽ സൈനികരിൽ നിന്നും തന്ത്രപ്രധാന സ്ഥലങ്ങളുമായി ബന്ധമുള്ളവരിൽ നിന്നും രഹസ്യം ചോർത്താൻ ഹണി ട്രാപ്പ് ഒരുക്കി പാക് ചാരസുന്ദരികൾ വിലസുന്നു. 2019 മുതൽ സംസ്ഥാനത്ത് ഇവരുടെ വലയിലായ 28 പേരാണ് ചാരവൃത്തിക്ക് ജയിലിൽ കഴിയുന്നത്. ഇത്തരം സംഭവങ്ങൾ വർദ്ധിച്ചതോടെ രാജസ്ഥാൻ പോലീസ് നിരീക്ഷണം ശക്തമാക്കി.
പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ ഭാഗമാണ് ചാരസുന്ദരികൾ. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും വാട്ട്‌സാപ്പിലൂടെയും ബന്ധം സ്ഥാപിച്ചാണ് ലക്ഷ്യം നടപ്പാക്കുന്നത്. സൈനികരെയും അതിർത്തിയിൽ താമസിക്കുന്ന സാധാരണക്കാരെയും സൈനിക സ്ഥാപനങ്ങളുമായി ബന്ധമുള്ള കച്ചവടക്കാരെയുമാണ് വലയിലാക്കുന്നത്. ഇതിനായി പ്രലോഭനങ്ങളും പണവും പ്രണയവും ലൈംഗികതയുമൊക്കെ ആയുധമാക്കും.ആദ്യം വാട്ട്‌സ്ആപ്പ് മെസേജ് അയച്ചും പിന്നീട് ഫോൺ വിളിച്ചും സൗഹൃദം ഉറപ്പിക്കും. പിന്നീട് വാട്ട്‌സാപ്പ് വീഡിയോ കോളിലൂടെ നഗ്‌നതാ പ്രദർശനം വരെ നടത്തും. ഇന്ത്യയിലെ സർക്കാർ ഓഫീസുകളിലും സൈന്യത്തിന്റെ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരായി സ്വയം പരിചയപ്പെടുത്തിയാണ് സൗഹൃദം തുടങ്ങുന്നത്. ദിവസം മണിക്കൂറുകളോളം ഫോണിൽ സംസാരിച്ച് വിശ്വാസം സ്ഥാപിക്കും. പിന്നെ തന്റെ ഓഫീസിലെ ജോലിക്ക് സഹായമെന്ന വ്യാജേനയാണ് വിവരങ്ങൾ തേടുന്നത്. പെൺ സുഹൃത്തിനെ സംശയിക്കാത്തതിനാൽ ചോദിക്കുന്ന വിവരങ്ങൾ കൈമാറും. ഒടുവിൽ പോലീസ് തേടിയെത്തുമ്പോഴാണ് കെണി തിരിച്ചറിയുന്നത്.
ജോധ്പൂരിലെ സൈനികനായ പ്രദീപ് കുമാറിനെ വലയിലാക്കിയ സുന്ദരി റിയ എന്നാണ് സ്വയം പരിചയപ്പെടുത്തിയത്. ബംഗളുരുവിലെ സൈനിക ആശുപത്രിയിലാണ് ജോലിയെന്നും വിശ്വസിപ്പിച്ച് ബന്ധം ദൃഢമാക്കി. ലെഫ്.കേണലായ തനിക്ക് ചില സഹായങ്ങൾ വേണമെന്നായിരുന്നു പ്രദീപിനോടുള്ള അഭ്യർത്ഥന. പ്രദീപ് ജോലി ചെയ്യുന്ന യൂണിറ്റിലെ പല കാര്യങ്ങളും ചോർന്നു. ഒടുവിൽ രാജസ്ഥാൻ പോലീസ് തേടി എത്തിയപ്പോഴും പ്രദീപ് കുമാറിന് റിയ ചാരവനിതയാണെന്ന് വിശ്വസിക്കാനായില്ല.
പട്ടാളക്കാർക്ക് പച്ചക്കറി വിതരണം ചെയ്യുന്ന നിതിൻ യാദവിനെ കെണിയിലാക്കിയ ശേഷം സൈന്യത്തിന്റെ യൂണിറ്റിൽ സാധനം വാങ്ങുന്ന ബില്ലും മറ്റും ഇയാളിൽ നിന്ന് കൈക്കലാക്കി. ചിലർക്ക് പണം നൽകി സഹായിച്ചും കെണിയിലാക്കും. ശാന്തി മോയ് റാണയെന്ന പട്ടാളക്കാരനെ പരിചയപ്പെട്ട വനിത സൈനികന് ആദ്യം പ്രണയപൂർവ്വം 5,000 രൂപ അയച്ചുകൊടുത്താണ് തനിക്ക് വേണ്ട കാര്യങ്ങൾ ചോർത്തിയത്. ഈ മാസം അവസാനം വിവാഹിതനാകേണ്ടിയിരുന്ന ഈ സൈനികൻ ഇപ്പോൾ ജയിലിലാണ്.