Sorry, you need to enable JavaScript to visit this website.

ജാക്വിലിന്‍ സുകേശിനെ സ്വപ്‌ന പുരുഷനാക്കി; വിവാഹത്തിനൊരുങ്ങിയെന്നും പോലീസ്

ജാക്വിലിനും നോറ ഫത്തേഹിയും

ന്യൂദല്‍ഹി- കോടീശ്വരനായ തട്ടിപ്പുവീരന്‍ സുകേശ് ചന്ദ്രശേഖറില്‍ നിന്ന് ലഭിച്ച സമ്മാനങ്ങളെ കുറിച്ചും അയാളുടെ ബന്ധങ്ങളെ കുറിച്ചും നടി നോറ ഫത്തേഹിയെ ദല്‍ഹി പോലീസിലെ സാമ്പത്തിക കുറ്റകൃത്യവിഭാഗം ചോദ്യം ചെയ്തു.  200 കോടി രൂപ തട്ടിയെടുത്ത കേസില്‍ സുകേശ് തിഹാര്‍ ജയിലിലാണ്. 2021ല്‍ ചന്ദ്രശേഖറില്‍നിന്ന് നോറയുടെ ഭര്‍തൃ സഹോദരന്‍ ബിഎംഡബ്ല്യു കാര്‍ സ്വന്തമാക്കിയതായി സ്‌പെഷ്യല്‍ പോലീസ് കമ്മീഷണര്‍ രവീന്ദര്‍ യാദവ് പറഞ്ഞു. കാര്‍ നോറ സ്വീകരിച്ചുവെന്നാണ് ഇതുവരെ കരുതിയിരുന്നത്.
കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച  ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ എട്ട് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ രണ്ട് നടിമാര്‍ക്കും ഈ കേസുമായി നേരിട്ട് ബന്ധമില്ല. ഭീഷണിപ്പെടുത്തിയും മറ്റും നേടിയ വന്‍ സ്വത്തുള്ള സുകേശ് ബോളിവുഡ് നടിമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയായിരുന്നു.  
നോറ ഫത്തേഹി, ഭര്‍തൃസഹോദരന്‍ മെഹബൂബ് എന്ന ബോബി ഖാന്‍, പിങ്കി ഇറാനി എന്നിവരെ ദല്‍ഹി പോലീസ് വ്യാഴാഴ്ച ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. ചന്ദ്രശേഖറിന്റെ നിര്‍ദ്ദേശപ്രകാരം സമ്മാനങ്ങള്‍ നല്‍കാന്‍ നോറയെ സമീപിച്ചത് പിങ്കി ഇറാനി ആയിരുന്നു. കഴിഞ്ഞ വര്‍ഷം ചന്ദ്രശേഖറിന്റെ ഭാര്യ ലെന മരിയയുടെ ചെന്നൈയിലെ സ്റ്റുഡിയോയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ നോറയെ ക്ഷണിക്കുകയും ചെയ്തു. പരിപാടിയില്‍ പങ്കെടുക്കാന്‍ നോറ ഫത്തേഹിക്ക് ബിഎംഡബ്ല്യു കാറും പ്രത്യേക തുകയും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ താന്‍ സമ്മാനം വാങ്ങാന്‍ വിസമ്മതിച്ചെന്നും അത് ഭര്‍തൃ സഹോദരനായ മെഹബൂബ് എന്ന ബോബിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടതായും നോറ ഫത്തേഹി പറഞ്ഞു.
മൊറോക്കോ സ്വദേശിയായ മെഹബൂബ് കൂടുതലും മുംബൈയിലാണ് താമസം. സണ്ണി ലിയോണ്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'ലീല ഏക് പഹേലി' എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.
അതിനിടെ ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ മാനേജരായ പ്രശാന്തില്‍ നിന്ന് ഏകദേശം എട്ട് ലക്ഷം രൂപ വിലവരുന്ന ഡ്യുക്കാറ്റി എന്ന സൂപ്പര്‍ ബൈക്ക് പോലീസ് കണ്ടെടുത്തു. സുകേശ് ചന്ദ്രശേഖര്‍ പ്രശാന്തിന് സമ്മാനിച്ചതാണ് ഈ ബൈക്ക്.
ജാക്വിലിന്‍ ചന്ദ്രശേഖറിന്റെ സ്വാധീനത്തിലായിരുന്നുവെന്നും  തന്റെ സ്വപ്‌ന പുരുഷനെന്ന് വിശേഷിപ്പിച്ച്  വിവാഹം കഴിക്കാന്‍ ആലോചിച്ചിരുന്നുവെന്നും പോലീസ് പറയുന്നു.
നോറ ഫത്തേഹി ചന്ദ്രശേഖറിനെ നേരിട്ട് കണ്ടിട്ടില്ലന്നും  രണ്ടുതവണ വാട്‌സ്ആപ്പിലൂടെ സംസാരിക്കുക മാത്രമാണ് ചെയ്‌തെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. സുകേശിന്റെ ക്രിമിനല്‍ പശ്ചാത്തലം അറിഞ്ഞിട്ടും ജാക്വിലിന്‍ അയാളുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നില്ലെന്ന് രവീന്ദര്‍ യാദവ് പറഞ്ഞു.  
കേസില്‍ നോറ ഫത്തേഹിയെ സാക്ഷിയാക്കാന്‍ ദല്‍ഹി പോലീസ് തീരുമാനിച്ചിട്ടുണ്ടെങ്കിലും അന്വേഷണം തുടരുകയാണ്.

 

Latest News