Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയുടെ വിദേശ സർക്കീട്ട്

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഈ യാത്ര കൊണ്ട് സംസ്ഥാനത്തിന് എന്തെങ്കിലും മെച്ചമുണ്ടാകുമെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. മുൻ യാത്രകളെ പോലെ ഇതും ഏതാണ്ടൊക്കെ ഫലശൂന്യമായി അവസാനിക്കാനാണ് സാധ്യത. ഖജനാവ് കാലിയായിരിക്കുന്ന സമയത്ത് നടത്തുന്ന യാത്രകൾ ജനങ്ങളെ പരിഹസിക്കൽ കൂടിയാണ്.

 

1996 ലാണ്, ഇന്നത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന കാലം. വൈദ്യുതി ഉൽപാദന, വിതരണ മേഖലകളിൽ ലോകത്തുണ്ടായിട്ടുള്ള പുരോഗതിയും സാങ്കേതിക മുന്നേറ്റങ്ങളുമെല്ലാം നേരിട്ട് കണ്ട് മനസ്സിലാക്കാൻ അദ്ദേഹം ജപ്പാനും ചൈനയും സന്ദർശിച്ചിരുന്നു. സന്ദർശനം കഴിഞ്ഞ് തിരികെ വന്ന് സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ഓഫീസിൽ അദ്ദേഹം നടത്തിയ പത്രസമ്മേളനത്തിൽ അക്കാലത്ത് തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകനായിരുന്ന ഈ കുറിപ്പുകാരനും പങ്കെടുത്തു. ചൈനയിലും ജപ്പാനിലും വൈദ്യുതോൽപാദന വിതരണ രംഗത്ത് കൈവരിച്ച പുരോഗതികളെ ഏറെ മതിപ്പോടെയും അദ്ഭുതത്തോടെയുമാണ് അന്നദ്ദേഹം വിവരിച്ചത്.
ജപ്പാനിൽ അങ്ങനെ കറന്റ് പോകാറില്ല. എവിടെയെങ്കിലും എതെങ്കിലും കാരണത്താൽ കറന്റ് പോകുന്ന സാഹചര്യമുണ്ടായാൽ ആ വിവരം കിട്ടിയാലുടൻ ഞൊടിയിടയിൽ യുദ്ധസമാനമായ രീതിയിലാണ് വൻ സന്നാഹവുമായി ബന്ധപ്പെട്ട ജീവനക്കാർ സ്ഥലത്തെത്തി പ്രശ്‌നം പരിഹരിക്കുന്നത്. വൈദ്യുതി ബന്ധം നേരെയാക്കിയശേഷം അക്കാര്യം ഉടൻ തന്നെ ഉപഭോക്താക്കളെ വിളിച്ചറിയിക്കുകയും ചെയ്യും. നമ്മുടെ കേരളത്തിൽ ഇതുപോലെ കാര്യങ്ങൾ നടന്നിരുന്നെങ്കിൽ എന്ന ആഗ്രഹവും പിണറായി വിജയൻ അന്ന് പ്രകടിപ്പിച്ചു.
ചൈനയിൽ വൈദ്യുതി ഉൽപാദനത്തിന് ചെറുകിട ജലപദ്ധതികളെ എങ്ങനെയാണ് വിജയകരമായി ഉപയോഗപ്പെടുത്തുന്നത് എന്നായിരുന്നു അദ്ദേഹം കൗതുകത്തോടെ വിശദീകരിച്ചത്. കേരളത്തിന്റെ സാഹചര്യത്തിൽ നമുക്ക് അനുവർത്തിക്കാവുന്ന നല്ലൊരു മാതൃകയാണ് ചൈനയുടേതെന്നും നമ്മുടെ നദികളിൽ നിരവധി ചെറുകിട വൈദ്യുത പദ്ധതികൾ നടപ്പാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കാൽ നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. കേരളത്തിൽ അതിനുശേഷം എത്ര സർക്കാരുകൾ മാറിമാറി ഭരിച്ചു. പിണറായിയുടെ മുന്നണി തന്നെയായിരുന്നു അതിൽ അധികകാലവും ഭരണത്തിലുണ്ടായിരുന്നത്. ഇന്ന് അദ്ദേഹം തന്നെ നേതൃത്വം നൽകുന്ന സർക്കാരാണ് ഭരിക്കുന്നത്. മുഖ്യമന്ത്രിപദത്തിൽ അദ്ദേഹം തുടർച്ചയായി ഏഴ് വർഷമായി. താൻ ആദ്യമായി മന്ത്രിയായ കാലത്ത് നടത്തിയ വിദേശ പര്യടനത്തിൽ കണ്ട കാര്യങ്ങൾ ഇന്നും കേരളത്തിൽ സ്വപ്‌നങ്ങളായി തന്നെ അവശേഷിക്കുന്ന കാര്യം അദ്ദേഹം ഓർക്കുന്നുണ്ടാവുമോ എന്തോ. അവയിൽ ഏതെങ്കിലുമൊക്കെ നടപ്പാക്കാൻ കഴിഞ്ഞുവെന്നുപോലും ഇത്ര കാലത്തിനുശേഷവും അദ്ദേഹത്തിന് അവകാശപ്പെടാൻ കഴിയില്ല. 
കേരള മുഖ്യമന്ത്രിയും മന്ത്രിമാരും ഈ മാസം യൂറോപ്പിലേക്ക് യാത്ര പോകുന്നുവെന്ന വാർത്തയാണ് ഇതെഴുതാൻ കാരണം. മന്ത്രിമാരും ഉയർന്ന ഉദ്യോഗസ്ഥരും വികസിത രാജ്യങ്ങൾ സന്ദർശിക്കുന്നത് തെറ്റൊന്നുമല്ല. അവിടെ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും സാങ്കേതി പുരോഗതിയും നേരിട്ട് കണ്ട് മനസ്സിലാക്കി, അവ കേരളത്തിന്റെ സാഹചര്യത്തിന് ഇണങ്ങുംവിധം നടപ്പാക്കുന്നതിന് ഉപകരിക്കും ഈ യാത്രകൾ. അങ്ങനെ ചെയ്താൽ അത് നാട്ടിലെ ജനങ്ങൾക്ക് ഗുണകരവുമാവും. എന്നാൽ നമ്മുടെ മന്ത്രിമാരുടെ വിദേശയാത്രകൾ മിക്കതും അത്തരം ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നില്ലെന്നതാണ് അനുഭവ യാഥാർഥ്യം. മന്ത്രിമാർക്കും പരിവാരങ്ങൾക്കും വിദേശ നാടുകൾ കാണാനുള്ള കേവലം സർക്കീട്ടുകൾ മാത്രമായി ചുരുങ്ങുകയാണവ.
ഇങ്ങനെ നിഷ്ഫലങ്ങളായ വിദേശ യാത്രകളുടെ ക്ലാസിക് ഉദാഹരണമാണ് 2018ലെ പ്രളയത്തിനുശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശയാത്രകൾ. മുഖ്യമന്ത്രി പിണറായി വിജയൻ നെതർലാന്റ്‌സ് അടക്കം യൂറോപ്യൻ രാജ്യങ്ങളാണ് സന്ദർശിച്ചത്. ഭാവിയിൽ വലിയ പ്രളയങ്ങൾ ഉണ്ടായാൽ അതിജീവിക്കാൻ ഡച്ച് മാതൃക കേരളത്തിന് വലിയ തോതിൽ പ്രയോജനം ചെയ്യുമെന്നും അത് നമ്മുടെ സംസ്ഥാനത്ത് നടപ്പാക്കുമെന്നൊക്കെയാണ് തിരികെ വന്നശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഡച്ച് മാതൃകയിൽ റൂം ഫോർ റിവർ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നതിലൂടെ മഴക്കാലത്ത് സംസ്ഥാനത്തെ പ്രളയക്കെടുതിയിൽനിന്ന് രക്ഷിക്കാൻ കഴിയുമെന്നും പ്രഖ്യാപനമുണ്ടായി. എന്നിട്ട് അതുവല്ലതും നടപ്പായോ? 2018നുശേഷം ഓരോ കൊല്ലവും മഴക്കാലത്ത് സംസ്ഥാനത്ത് പ്രളയക്കെടുതികളും ഉരുൾപൊട്ടലുകളും ആവർത്തിക്കുകയാണ്. കഴിഞ്ഞ മാസം രണ്ട് ദിവസം അടുപ്പിച്ച് മഴ പെയ്തപ്പോൾ കൊച്ചി നഗരം അപ്പാടെ മുങ്ങുന്നതും കണ്ടു. മുഖ്യമന്ത്രിയുടെ അന്നത്തെ യൂറോപ്യൻ സന്ദർശനവും, ഡച്ച് മാതൃക നടപ്പാക്കലുമെല്ലാം ഇന്ന് സോഷ്യൽ മീഡിയയിൽ ട്രോളുകൾക്കുള്ള വകകൾ മാത്രമാണ്. മറ്റ് മന്ത്രിമാരുടെ വിദേശ സന്ദർശനങ്ങളും ഇതുപോലെ ഊരു ചുറ്റലുകൾ മാത്രമായി പരിണമിച്ചു.
ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വീണ്ടും വിദേശ പര്യടനങ്ങൾക്ക് ഒരുങ്ങുന്നത്. മുഖ്യമന്ത്രിയും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടിയും ഫിൻലാൻഡിലേക്കും നോർവേയിലേക്കുമാണ് പോകുന്നത്. ഫിൻലാൻഡിലെ വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങളെ കുറിച്ച് പഠിക്കാനും വിദ്യാഭ്യാസ സമ്മേളനങ്ങളിൽ പങ്കെടുക്കാനും അവിടെനിന്നുള്ള ക്ഷണപ്രകാരമാണ് രണ്ടുപേരും പോകുന്നതെന്നാണ് പറയുന്നത്. ഏതായാലും ഫിൻലാൻഡിലെ വിദ്യാഭ്യാസ നേട്ടങ്ങളെ കുറിച്ചും അവ കേരളത്തിൽ നടപ്പാക്കാൻ പോകുന്നതിനെ കുറിച്ചുമുള്ള വാചകമടി ഇരുവരും തിരിച്ചുവന്നശേഷം പ്രതീക്ഷിക്കാം. മുഖ്യമന്ത്രി ബ്രിട്ടനും സന്ദർശിക്കുന്നുണ്ട്. ധനമന്ത്രി കെ.എൻ. ബാലഗോപാലും വ്യവസായ മന്ത്രി പി. രാജീവും ബ്രിട്ടനിലേക്കാണ് പോകുന്നത്. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പാരീസിലേക്കും. ടൂറിസം സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് റിയാസിന്റെ പാരീസ് യാത്ര.
സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടുഴലുന്ന വേളയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും കൂട്ടത്തോടെ ഊരു ചുറ്റാൻ യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകുന്നതെന്തിനെന്ന് ആരായാലും ചോദിച്ചുപോകും. അതിനുപക്ഷെ ധനമന്ത്രി നൽകുന്ന വിശദീകരണം രസകരമാണ്. കേരളം അത്ര ദരിദ്രമല്ലെന്നും, മന്ത്രിമാർ വിദേശ യാത്ര നടത്തുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ലെന്നും അത് സംസ്ഥാനത്തിന് വലിയ ബാധ്യതയൊന്നും വരുത്തിവെക്കില്ലെന്നുമാണ് ബാലഗോപാൽ പറഞ്ഞത്. ഓണത്തിനുമുമ്പ് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കുടിശ്ശികയായ രണ്ട് മാസത്തെ ശമ്പളം കൊടുക്കാൻ പണം അനുവദിക്കണമെന്ന് ഹൈക്കോടതി സർക്കാരിന് കർശന നിർദേശം നൽകിയത് കഴിഞ്ഞയാഴ്ചയാണ്. കോടതി ഇടപെടലിനെ തുടർന്നാണ് സർക്കാർ എവിടെനിന്നൊക്കെയോ പണം കടമെടുത്ത് നൽകിയത്. എന്നിട്ടാണ് മുച്ചൂടും മുടിഞ്ഞ പഴയ തറവാടുകളിലെ ചില കാരണവന്മാരെ പോലെ മന്ത്രിയുടെ വീമ്പുപറച്ചിൽ. ചെലവു ചുരുക്കലും മുണ്ട് മുറുക്കിയുടുക്കലുമൊക്കെ നാട്ടുകാർക്ക്, ഞങ്ങൾ ധൂർത്തിന് ഒരു കുറവും വരുത്തില്ലെന്ന മട്ടിലാണദ്ദേഹം. അപ്പോഴും യാത്ര കൊണ്ട് സംസ്ഥാനത്തിന് എന്തെങ്കിലും ഗുണമുണ്ടാകുമെന്ന് പറയാൻ അദ്ദേഹവും തയാറാവുന്നില്ല.
മന്ത്രിമാരുടെ കൂട്ടത്തോടെയുള്ള വിദേശ യാത്രയുടെ കൂടുതൽ വിശദാംശങ്ങളൊന്നും പുറത്തുവിട്ടില്ല. ഇവരെല്ലാം എത്ര ദിവസം വിദേശങ്ങളിൽ കഴിയും, ഏതൊക്കെ ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കും, ആരെയെല്ലാം കാണും എന്നൊന്നും വ്യക്തമല്ല. മുഖ്യമന്ത്രിയും ധനമന്ത്രിയും വ്യവസായ മന്ത്രിയും യു.കെയിൽ പോകുന്നതുകൊണ്ട് ഈ സന്ദർശനം മസാല ബോണ്ടുമായി ബന്ധപ്പെട്ടതാണെന്ന് സൂചനയുണ്ട്. 
ചിലരെങ്കിലും ഈ യാത്രയിൽ എന്തൊക്കെയോ ദുരൂഹതകൾ മണക്കുന്നുണ്ട്. മസാല ബോണ്ട് തന്നെ ഒരു ദുരൂഹ ഇടപാടാണല്ലോ. 
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രകൾക്ക് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടേയുള്ളു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടില്ല. വ്യക്തമായ കാര്യപരിപാടി സഹിതം സന്ദർശന വിവരം അറിയിച്ചാൽ സാധാരണഗതിയിൽ വിദേശ മന്ത്രാലയം തടസ്സം പറയാറില്ല. 
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഈ യാത്ര കൊണ്ട് സംസ്ഥാനത്തിന് എന്തെങ്കിലും മെച്ചമുണ്ടാകുമെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. മുൻ യാത്രകളെ പോലെ ഇതും ഏതാണ്ടൊക്കെ ഫലശൂന്യമായി അവസാനിക്കാനാണ് സാധ്യത. ഖജനാവ് കാലിയായിരിക്കുന്ന സമയത്ത് നടത്തുന്ന യാത്രകൾ ജനങ്ങളെ പരിഹസിക്കൽ കൂടിയാണ്.

Latest News