കൊണ്ടോട്ടി - സീസണല്ലാത്ത സമയത്ത് കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കുളള വിമാന നിരക്കിനേക്കാൾ തുക ഈ വർഷത്തെ ഹജ് തീർത്ഥാടകർ വിമാനത്താവളത്തിൽ പ്രവേശിക്കാൻ നൽകണം. ഹജ് തീർത്ഥാടകരിൽ നിന്ന് ഈ വർഷം വിമാനത്താവളങ്ങൾ എയർപോർട്ട് ചാർജെന്ന പേരിൽ കൊയ്യാനിരിക്കുന്നത് ലക്ഷങ്ങളാണ്. ഈ വർഷത്തെ ഹജ് തീർത്ഥാടകരുടെ വിമാനത്താവള നികുതി നിരക്കുകളിലാണ് മൂന്നിരട്ടി വർധവ് വരുത്തിയത്.
ഹജ് വിമാന നിരക്കിനൊപ്പം എയർപോർട്ട് നിരക്കു കൂടി നൽകേണ്ടി വരുന്നതോടെ തീർത്ഥാടകന് കൈപൊളളുന്ന അവസ്ഥയാണുളളത്. എന്നാൽ പതിവ് യാത്രക്കാരിൽ നിന്നൊന്നും ഈ നിരക്ക് ഈടാക്കുന്നുമില്ല.
കൊച്ചി വിമാനത്താവളത്തിൽ നിന്ന് 14,571 രൂപയാണ് ഈ വർഷം ഓരോ തീർത്ഥാടകനിൽ നിന്നും എയർപോർട്ട് ടാക്സ് എന്ന പേരിൽ ഈടാക്കുന്നത്. കഴിഞ്ഞ വർഷം ഇത് വെറും 4239 രൂപമാത്രമായിരുന്നു. തൊട്ടുമുമ്പുളള വർഷം 3700 രൂപയായിരുന്നു. 2015 ൽ 2919 രൂപയും 2014 ൽ കോഴിക്കോട്ട് നിന്ന് 3716 രൂപയും മാത്രമായിരുന്നു നിരക്ക്. ജി.എസ്.ടി അടക്കമുളള നിരക്കുകൾ ഉൾപ്പെടുത്തിയാണ് ഇത്തവണ എയർപോർട്ട് ടാക്സ് നിശ്ചയിച്ചിരിക്കുന്നത്.
കേരളത്തിൽ ഈവർഷം 12,000 ലേറെ പേർക്കാണ് ഹജിന് അവസരം. ഇതിന് പുറമെ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുളളവരും ഉൾപ്പെടുന്നതോടെ തീർത്ഥാടകരുടെ എണ്ണവും കൂടും. ഓരോരുത്തരിൽ നിന്നും 14,571 രൂപ ഈടാക്കുന്നത് വഴി ലക്ഷങ്ങളാണ് എയർപോർട്ടുകളുടെ വരുമാനത്തിലെത്തുക.
കൊച്ചി ഉൾപ്പെടെ ഇന്ത്യയിലെ 20 എംബാർക്കേഷൻ പോയന്റുകളിൽ നിന്നും എയർപോർട്ട് ടാക്സ് നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. ഏറ്റവും കുറവ് ടാക്സുളളത് അഹമ്മദാബാദിൽ. 13,552 രൂപയാണ് ഓരോ തീർത്ഥാടകനും നൽകേണ്ടത്. ദില്ലി (13,867), മുംബൈ (14,025), നാഗ്പൂർ (14,767) എന്നിങ്ങനെയാണ് നിരക്ക്. ഗുഹാവത്തി, ശ്രീനഗർ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടിയ വിമാനത്താവള നിരക്ക് നൽകേണ്ടിവരിക. ഗുവാഹത്തിയിൽ 20,900 രൂപയും ശ്രീനഗറിൽ 20,064 രൂപയും നൽകണം.
സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിൽ ഹജിന് പോകുന്ന തീർത്ഥാടകരെ പ്രത്യേക ഹജ് ക്യാമ്പിൽ നിന്ന് വിമാന യാത്രയുടെ മൂന്ന് മണിക്കൂർ മുമ്പാണ് വിമാനത്താവളങ്ങളിൽ എത്തിക്കുന്നത്. മറ്റുയാത്രക്കാർക്ക് നൽകുന്ന സൗകര്യങ്ങളാണ് തീർത്ഥാടകർക്കും വിമാനത്താവളത്തിൽ ലഭിക്കുന്നത്. ഈ വർഷം വിമാന നിരക്കിൽ കുറവുണ്ടായെങ്കിലും അധിക എയർപോർട്ട് ചാർജ് ഈടാക്കുന്നത് വഴി മുൻ വർഷത്തേക്കാൾ നിരക്ക് കൂടുകയാണ്. ഇത് തീർത്ഥാടകർക്ക് കനത്ത തിരിച്ചടയായിട്ടുണ്ട്.