ലണ്ടന്‍- ചരിത്രം വീണുറങ്ങുന്ന രാജവീഥികളില്‍കൂടി എലിസബത്ത് രാജ്ഞിയുടെ അവസാന യാത്ര. ബക്കിംഗ്ഹാം കൊട്ടാരത്തില്‍നിന്ന് പാര്‍ലമെന്റിലേക്കുള്ള യാത്രയില്‍ വീഥിയുടെ ഇരുവശവും പതിനായിരങ്ങള്‍ തടിച്ചുകൂടി. ഏഴു പതിറ്റാണ്ട് ബ്രിട്ടനെ ആജ്ഞാശക്തിയാല്‍ നിയന്ത്രിച്ച രാജ്ഞിക്ക് തിങ്കളാഴ്ച രാജ്യം വിട നല്‍കും. അതുവരെ അന്ത്യോപചാരമര്‍പ്പിക്കാന്‍ ലക്ഷങ്ങളെത്തും.
ചാള്‍സ് രാജാവും മക്കളായ വില്യം രാജകുമാരനും ഹാരിയും മറ്റ് മുതിര്‍ന്ന രാജകുടുംബങ്ങളും ചേര്‍ന്ന് എലിസബത്ത് രാജ്ഞിയുടെ മൃതദേഹ പേടകം ഏറ്റുവാങ്ങി വിലാപയാത്രത്തില്‍ ഒപ്പം ചേര്‍ന്നു. 96 ാം വയസ്സില്‍ അന്തരിച്ച രാജ്ഞിക്ക് രാജ്യം അന്ത്യോപചാരം അര്‍പ്പിക്കുമ്പോള്‍, സെന്‍ട്രല്‍ ലണ്ടനില്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടി.
ദേശീയ പതാകയാല്‍ പൊതിഞ്ഞ ഒരു പീരങ്കിവണ്ടിയില്‍, സ്ഥാനചിഹ്നങ്ങളും അലങ്കാരങ്ങളും നിറഞ്ഞ പുഷ്പ കിടക്കയില്‍ രാജ്ഞിയുടെ മൃതദേഹം ലണ്ടനിലെ കൊട്ടാരത്തില്‍നിന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളിലേക്ക് സാവധാനവും ശാന്തവുമായ ഘോഷയാത്രയായി കൊണ്ടുപോയി. നാല് ദിവസം അവിടെ സൂക്ഷിക്കും. ശവപേടക വാഹനത്തിന് തൊട്ടുപിന്നില്‍ ചാള്‍സും സഹോദരങ്ങളായ ആനി, ആന്‍ഡ്രൂ, എഡ്വേര്‍ഡ് എന്നിവരും അനുഗമിച്ചു. പിന്നാലെ ചാള്‍സിന്റെ മക്കളായ വില്യം രാജകുമാരനും ഹാരിയും ഉണ്ടായിരുന്നു. 25 വര്‍ഷം മുമ്പ് കുട്ടികളായിരിക്കെ, സെന്‍ട്രല്‍ ലണ്ടനിലൂടെ സമാനമായ ഒരു ഘോഷയാത്രയില്‍ അവര്‍ തങ്ങളുടെ അമ്മ ഡയാന രാജകുമാരിയുടെ വിലാപയാത്രയില്‍ പങ്കെടുത്തതിനെ അനുസ്മരിപ്പിച്ചു ഈ രംഗം.