ചണ്ഡീഗഡ്- പഞ്ചാബ് സര്‍ക്കാരില്‍നിന്ന് പിന്തുണ ലഭിക്കാത്തതിനാല്‍ സംസ്ഥാനത്തെ അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലികള്‍ നിര്‍ത്തിവെക്കുകയോ മറ്റിടങ്ങളിലേക്ക് മാറ്റുകയോ ചെയ്യേണ്ടിവരുമെന്ന് ഇന്ത്യന്‍ സേന. പ്രാദേശിക ഭരണകൂടത്തില്‍നിന്ന് യാതൊരു വിധത്തിലുള്ള പിന്തുണയും അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലികള്‍ക്ക് ലഭിക്കുന്നില്ലെന്ന് കാണിച്ച് കരസേനയുടെ ജലന്ധര്‍ സോണല്‍ റിക്രൂട്ട്‌മെന്റ് ഓഫീസര്‍ മേജര്‍ ജനറല്‍ ശരദ് ബിക്രം സിങ് എ.എ.പി സര്‍ക്കാരിന് കത്തയച്ചു. സംസ്ഥാന ഭരണകൂടത്തില്‍നിന്ന് തികച്ചും നിരുത്തരവാദപരമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് മേജര്‍ ജനറല്‍ അറിയിക്കുകയും ചെയ്തു. ഇതോടെ അഗ്‌നിപഥ് പദ്ധതിക്കാവശ്യമായ എല്ലാവിധ സഹായവും നല്‍കാന്‍ മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇതില്‍ അശ്രദ്ധ വരുത്തിയാല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും സംസ്ഥാനത്ത് നിന്ന് ഏറ്റവും കൂടുതല്‍ യുവാക്കളെ സൈനിക സേവനത്തിനായി സജ്ജരാക്കുമെന്നും ഭഗവന്ത് മാന്‍ വ്യക്തമാക്കി.