കൊല്‍ക്കത്ത- ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ചാല്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് തിരിച്ചു കിട്ടുമെന്ന് പശ്ചിമബംഗാള്‍ മന്ത്രി ഉദയന്‍ ഗുഹ. സീതല്‍കുചിയില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗുഹ. ചൊവ്വാഴ്ച കൊല്‍ക്കത്തയിലും ഹൗറയിലും നടന്ന ബി.ജെ.പി പ്രതിഷേധ റാലികള്‍ അക്രമാസക്തമായതിന്റെ പശ്ചാത്തലത്തിലായിരുന്നു ഗുഹയുടെ പ്രസ്താവന.
'ഞങ്ങള്‍ വളയണിയുന്നവരല്ല. ഞങ്ങളുടെ കുട്ടികളെ ആക്രമിച്ചാല്‍ ഞങ്ങള്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല. ഞങ്ങളില്‍ ഒരാളുടെ മേല്‍ കൈവെച്ചാല്‍ അവരില്‍ രണ്ട് പേരെ തിരിച്ചാക്രമിക്കുമെന്ന കാര്യം അവര്‍ ഓര്‍ത്തിരുന്നാല്‍ നന്ന്- ഗുഹ പറഞ്ഞു.
വിഡ്ഢിത്തം നിറഞ്ഞ പ്രസ്താവനകള്‍ നടത്തുന്ന തൃണമൂല്‍ നേതാക്കളില്‍നിന്ന് ഇത്തരം വാക്കുകള്‍ അപ്രതീക്ഷിതമല്ലെന്ന് ബി.ജെ.പി പ്രതികരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന ദുര്‍വൃത്തികള്‍ പുറത്തുവരുന്നതോടെ ഉണ്ടാകുന്ന പരിഭ്രമത്തിലാണ് അവര്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്നും ബി.ജെ.പി സംസ്ഥാന വക്താവ് സമിക് ഭട്ടാചാര്യ പറഞ്ഞു.