Sorry, you need to enable JavaScript to visit this website.

തിരിച്ചുവരവ് ഉറപ്പെന്ന് സിദ്ധരാമയ്യ; ബാദാമിയിലും മത്സരിക്കുന്നു

ബാദാമി- കര്‍ണാടകയില്‍ വീണ്ടും കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബാദാമിയില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായാണ് താന്‍ ഇവിടെ വന്നിരിക്കുന്നതെന്നും കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ തിരിച്ചെത്തുമെന്നും ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. ബാദാമിയെ വികസനത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് എത്തിക്കും. ബദാമി മണ്ഡലത്തില്‍ മത്സരിക്കുന്ന സിദ്ധാരാമയ്യ നാമനിര്‍ദേശ പത്രിക നല്‍കി. 
പ്രാദേശിക നേതാക്കളുടെ അഭ്യര്‍ഥന മാനിച്ചാണ് മത്സരിക്കാന്‍ ബാദാമി മണ്ഡലം തെരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. പ്രചാരണത്തിനു പോലും വരേണ്ടതില്ലെന്നാണ് നേതാക്കള്‍ എന്നോട് പറഞ്ഞത്. ഈ നേതാക്കളും ഹൈക്കമാന്‍ഡുമാണ് ബാദാമിയില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടത് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  
കുരുബ വിഭാഗത്തില്‍പെട്ട സിദ്ധരാമയ്യയെ ഇവിടെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ വിജയം ഉറപ്പാക്കാനാകുമെന്ന പ്രതീക്ഷയിലാണു കോണ്‍ഗ്രസ്. ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യയെ പരാജയപ്പെടുത്താന്‍ ജനതാദളും (എസ്) ബി.ജെ.പിയും കൈകോര്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുരക്ഷിത സീറ്റായ ബാദാമിയില്‍ കൂടി അദ്ദേഹം ജനവിധി തേടുന്നത്. ചാമുണ്ഡേശ്വരിയില്‍നിന്ന് അഞ്ചു തവണ വിജയിച്ച സിദ്ധരാമയ്യ രണ്ടു തവണ പരാജയപ്പെടുകയും ചെയ്തിരുന്നു. അതിനിടെ,  കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി സിദ്ധരാമയ്യ രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് ആത്മവിശ്വാസക്കുറവു മൂലമാണെന്ന് ബി.ജെ.പി എം.പി ശോഭ കരന്തലാജെ കുറ്റപ്പെടുത്തി.  എല്ലാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കും രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ട്. എന്നാല്‍, ബി.ജെ.പിക്കു നേതൃത്വം നല്‍കുന്ന യെദിയൂരപ്പ ഒരു മണ്ഡലത്തില്‍ മാത്രം മല്‍സരിക്കുന്നത് ജയം ഉറപ്പുള്ളതിനാലാണെന്നും അവര്‍ പറഞ്ഞു. 
ബാദാമിയില്‍നിന്ന് മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്ന് പറഞ്ഞ് രഹസ്യാന്വേഷണ വിഭാഗം മുഖ്യമന്ത്രിയെ വഞ്ചിച്ചിരിക്കുകയാണ്. ഇവിടെയുള്ള 26 താലൂക്ക് പഞ്ചായത്തുകളില്‍ ഇരുപതിലും ബി.ജെ.പിയാണ് വിജയിച്ചത്. ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളിലും ബി.ജെ.പി തന്നെയാണ് അധികാരത്തിലുള്ളതും. ഇവിടെ മത്സരിപ്പിച്ച് സിദ്ധരാമയ്യയുടെ രാഷ്ട്രീയ ഭാവി തകര്‍ക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും ശോഭ ആരോപിച്ചു.
സിദ്ധരാമയ്യക്കെതിരെ ബാദാമിയില്‍നിന്നു മത്സരിക്കാന്‍ തയാറാണെന്നു ബി.ജെ.പി അധ്യക്ഷന്‍ യെദിയൂരപ്പ നേരത്തെ പറഞ്ഞിരുന്നു. 


 

Latest News