കൊണ്ടോട്ടി- കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. ജിദ്ദയിൽനിന്നുള്ള യാത്രക്കാരൻ കോഴിക്കോട് മുക്കം സ്വദേശി അബ്ദുൽ ഗഫൂറിനെ(32)യാണ് പിടികൂടിയത്. 995 ഗ്രാം സ്വർണമാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്. ശരീരത്തിനകത്ത് ക്യാപ്‌സ്യൂൾ രൂപത്തിലാക്കി കടത്താനായിരുന്നു ശ്രമം. മിശ്രിത രൂപത്തിലുള്ള സ്വർണത്തിൽ ആഭ്യന്തര വിപണിയിൽ 50 ലക്ഷം രൂപ വിലവരും. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്വർണം പിടികൂടിയത്. വിമാനതാവളത്തിന് പുറത്തുവെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. പോലീസ് എയ്ഡ് പോസ്റ്റിലേക്ക് കൊണ്ടുപോയാണ് ഇയാളെ ചോദ്യം ചെയ്തത്. തുടക്കത്തിൽ ഇയാൾ സ്വർണം കൈവശമുണ്ടെന്ന് സമ്മതിച്ചിരുന്നില്ല. പിന്നീട് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് വിശദമായി വൈദ്യ പരിശോധന നടത്തിയപ്പോഴാണ് സ്വർണം കണ്ടെത്തിയത്. സ്വർണം അടങ്ങിയ നാലു ക്യാപ്‌സ്യൂളുകളാണ് വയറിനുള്ളിൽനിന്ന് കണ്ടെത്തിയത്.