ന്യൂദല്‍ഹി- സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയതിനെതിരായ പ്രതിപക്ഷ വിമര്‍ശം ഉപരാഷ്ട്രപതി വെങ്കയ്യനായിഡു തള്ളി. പ്രമേയം നിരാകരിക്കാനുള്ള തീരുമാനം ധിറുതിയില്‍ കൈക്കൊണ്ടതല്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഒരു മാസം നീണ്ട പരിശോധനകള്‍ക്കുശേഷമാണ് തീരുമാനമെടുത്തത്. ഭരണഘടനാ വകുപ്പുകളും 1968ലെ ജഡ്ജസ് ഇന്‍ക്വയറി നിയമവും പരിശോധിച്ച് ഉറപ്പു വരുത്തിയിരുന്നു- വെങ്കയ്യ നായിഡു പറഞ്ഞു. രാജ്യസഭാ അധ്യക്ഷനെന്ന നിലയിലാണ് കോണ്‍ഗ്രസ് കൊണ്ടുവന്ന ഇംപീച്ച്‌മെന്റ് പ്രമേയത്തെ ഉപരാഷ്ട്രപതി തള്ളിയത്.
ചീഫ് ജസ്റ്റിസ് മിശ്രയുടെ കുറ്റകരമായ പെരുമാറ്റം തെളിയിക്കാവുന്ന വസ്തുതകളൊന്നും പ്രമേയത്തില്‍ ഇല്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നത്. ഈ മാസം 20-നാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നത്. ഭരണഘടനയുടെ 217, 124 (4) വകുപ്പുകള്‍ പ്രകാരം ചീഫ് ജസ്റ്റിസിനെ നീക്കണമെന്നായിരുന്നു ആവശ്യം. രാജ്യസഭയിലെ 64 അംഗങ്ങളാണ് പ്രമേയത്തില്‍ ഒപ്പുവെച്ചിരുന്നത്.
പ്രതിപക്ഷം ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കും എന്ന സൂചന ലഭിച്ചപ്പോള്‍ തന്നെ തന്റെ ഓഫീസ് കഴിഞ്ഞ ഒരുമാസമായി ഇതിന്‍മേലുള്ള നിയമവശങ്ങള്‍ പരിശോധിച്ചു വരികയായിരുന്നു. ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ തീരുമാനം സമോയചിതമായിരുന്നു.തിടുക്കത്തില്‍ എടുത്ത തീരുമാനമായിരുന്നില്ലെന്നും സുപ്രീംകോടതി അഭിഭാഷകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വെങ്കയ്യ നായിഡു വ്യക്തമാക്കി. ഇതു സംബന്ധിച്ച ഉത്തരവാദിത്തം തന്റെ ചുമലിലാണുള്ളത്. തന്റെ ജോലി മാത്രമാണ് ചെയ്തതെന്നും അതില്‍ പൂര്‍ണ സംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയുടെയും ചീഫ് ജസ്റ്റീസിന്റെ ഓഫീസിന്റെയും അന്തസ് സംരക്ഷിച്ചു നിര്‍ത്തിയതിന് ഒരു സംഘം അഭിഭാഷകര്‍ വെങ്കയ്യ നായിഡുവിനെ നന്ദി അറിയിച്ചു.
ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയതിനു പിന്നാലെ പ്രതിപക്ഷ കക്ഷികള്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നു വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് കാര്യകാരണങ്ങളും നിയമവശങ്ങളും ചൂണ്ടിക്കാട്ടി തിടുക്കത്തില്‍ എടുത്ത തീരുമാനമല്ലെന്ന് വെങ്കയ്യ നായിഡു വിശദീകരിച്ചത്. രാജ്യസഭ ചെയര്‍മാന്റെ ഓഫീസ് കത്തുകള്‍ കൈമാറാനുള്ള ഒരു പോസ്റ്റ് ഓഫീസല്ല. അതൊരു ഭരണഘടന സ്ഥാപനമാണ്.
സുപ്രീംകോടതി ജഡ്ജിക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളുന്നത് ഇതാദ്യമായല്ല. മുന്‍പ് സുപ്രീംകോടതി ജഡ്ജിയായിരുന്ന ജെ.സി ഷായ്‌ക്കെതിരേ നല്‍കിയെ ഇംപീച്ച്‌മെന്റ് നോട്ടീസ് അന്നു ലോക്‌സഭ സ്പീക്കറായിരുന്ന ജി.എസ് ധില്ലന്‍ തള്ളിയിരുന്നു. ജസ്റ്റിസ് ഷാ പിന്നീടു സുപ്രീംകോടതി ചീഫ് ജസ്റ്റിസായെന്നും അഭിഭാഷകര്‍ ഉപരാഷ്ട്രപതിയുടെ ശ്രദ്ധയില്‍ പെടുത്തി. ജസ്റ്റിസ് പി.ഡി ദിനകരനെ നീക്കാനുള്ള തീരുമാനത്തില്‍ മൂന്നു ദിവസത്തിനുള്ളില്‍ തീരുമാനമെടുത്ത കാര്യവും അഭിഭാഷര്‍ ചൂണ്ടിക്കാട്ടി. ബരുണ്‍ കുമാര്‍ സിന്‍ഹയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതിയിലെ അഭിഭാഷകരുടെ സംഘമാണ് വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തിയത്.
ജഡ്ജസ് ഇന്‍ക്വറി നിയമത്തിലെ മൂന്നാം വകുപ്പില്‍ രാജ്യസഭ ചെയര്‍മാന് പ്രാഥമ ദൃഷ്ട്യ കാര്യകാരണങ്ങള്‍ ബോധ്യപ്പെടുന്ന പക്ഷം ഇംപീച്ചമെന്റ് നോട്ടീസ് സ്വീകരിക്കാനോ തള്ളാനോ അധികാരമുണ്ടെന്നു വ്യക്തമായി പറയുന്നുണ്ട്. ഇതു സംബന്ധിച്ചു വ്യക്തമായ ഉത്തരവാദിത്തം രാജ്യസഭ ചെയര്‍മാന്റെ ചുമലിലാണ്. ഭരണഘടനപരമായി ഉത്തരവാദിത്തോടെ നിര്‍വഹിക്കേണ്ട ഒരു ചുമതലയാണ് അതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
ഭരണഘടനാ സ്ഥാപനങ്ങള്‍ സമയോചിതമായി നടപടികള്‍ എടുത്തില്ലെങ്കില്‍ പിന്നീട് വലിയ പ്രത്യാഘാതങ്ങളുണ്ടാകും. ചീഫ് ജസ്റ്റീസ് എന്ന പദവി ഇന്ത്യയിലെ ഏറ്റവും ഉന്നതമായ നീതിന്യായ പദവിയാണ്. സുപ്രീംകോടതി സംബന്ധിച്ചു പൊതു സമൂഹത്തിന്റെ മുമ്പിലുണ്ടായ വിഷയങ്ങളില്‍ എത്രയും വേഗം പരിഹാരമുണ്ടാകണമെന്നും വെങ്കയ്യ ചൂണ്ടിക്കാട്ടി. നോട്ടീസില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങള്‍ സുപ്രീംകോടതിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ളതാണ്. അത് സുപ്രീംകോടതിക്കുള്ളില്‍ തന്നെ പരിഹരിക്കേണ്ടതുമാണ്. മറ്റേതെങ്കിലും തരത്തില്‍ ഇത്തരം ആരോപണങ്ങളെ സമീപിക്കാന്‍ ശ്രമിക്കുന്നത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യനുമേലുള്ള കടന്നുകയറ്റമാകുമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.