Sorry, you need to enable JavaScript to visit this website.

പോയതു ശുചിമുറിയില്‍, ഹാപ്പിയാണെന്ന് മുദ്രക്കടലാസില്‍ എഴുതിത്തരണോ- അജിത് പവാര്‍

ന്യൂദല്‍ഹി-താന്‍ ശുചിമുറിയില്‍ പോയതാണെന്നും മാധ്യമങ്ങള്‍ താന്‍ ഹാപ്പിയല്ലെന്ന് ചുമ്മാ പറയുകയാണെന്നും നാഷണിലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) നേതാവ് അജിത് പവാര്‍. താന്‍ സംതൃപ്തനല്ലെങ്കില്‍ അതു മാധ്യമങ്ങളോട് നേരിട്ട് പറയുമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് അസംതൃപ്തിയില്ലെന്നും സന്തോഷവാനാണെന്നും മദ്രക്കടലാസില്‍ എഴുതി ഒപ്പിട്ടുതരണോ എന്നും അദ്ദേഹം ചോദിച്ചു.
എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളുടെ വേദിയില്‍നിന്ന് പവാറിന്റെ അനന്തിരവന്‍ കൂടിയായ  അജിത് പവാര്‍ ഇറങ്ങിപ്പോയെന്നായിരുന്നു വാര്‍ത്ത. ഇതോടെ നേതൃത്വത്തില്‍ ഭിന്നതകള്‍ ഉണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എന്‍സിപി ദേശീയ കണ്‍വെന്‍ഷന്‍ നടക്കുന്നതിനിടെ ഞായറാഴ്ചയായിരുന്നു സംഭവം. അജിത് പവാറിനെ സംസാരിക്കാന്‍ ക്ഷണിക്കുന്നതിനു മുന്‍പ് മറ്റൊരു പാര്‍ട്ടി നേതാവായ ജയന്ത് പാട്ടീലിനെ ക്ഷണിച്ചതിനു പിന്നാലെയാണ് അദ്ദേഹം വേദി വിട്ടത്.
ദേശീയതലത്തിലുള്ള യോഗമായിരുന്നതിനാലാണ് താന്‍ സംസാരിക്കാതിരുന്നതെന്ന് അജിത് പവാര്‍ പിന്നീടു വിശദീകരിച്ചെങ്കിലും അഭ്യൂഹങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. ശരദ് പവാറിന്റെ ഉപസംഹാര പ്രസംഗത്തിനു മുന്നോടിയായി അജിത് പ്രസംഗിക്കുമെന്ന് മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേല്‍ പ്രഖ്യാപിച്ചെങ്കിലും അജിത് സീറ്റില്‍നിന്ന് എഴുന്നേറ്റു പോയിരുന്നു.

ശുചിമുറി ഉപയോഗിക്കാന്‍ പോയതാണെന്നും തിരിച്ചെത്തുമെന്നും പാര്‍ട്ടി അംഗങ്ങളോടു പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. അതേസമയം, എന്‍സിപി എംപിയും പവാറിന്റെ മകളുമായ സുപ്രിയ സുളെ അജിത്തുമായി സംസാരിച്ച് തിരികെയെത്തിക്കാന്‍ ശ്രമിച്ചു. എന്നാല്‍ എത്തിയപ്പോഴേക്കും ശരദ് പവാര്‍ ഉപസംഹാര പ്രസംഗം ആരംഭിച്ചിരുന്നു. അതുകൊണ്ടുതന്നെ അജിത്തിന് സംസാരിക്കാന്‍ അവസരം ലഭിച്ചില്ല.

2019ല്‍ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ആലോചനകള്‍ നടന്നപ്പോള്‍ നവംബര്‍ 23ന് അജിത് പവാറിന്റെ പിന്തുണയോടെ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുത്തിരുന്നു. 80 മണിക്കൂര്‍ മാത്രം ആയുസ്സുണ്ടായിരുന്ന ആ സര്‍ക്കാരില്‍നിന്ന് പിന്നീട് അജിത് പവാര്‍ പിന്നാക്കം പോകുകയായിരുന്നു. ഇപ്പോള്‍ ശിവസേനയെ പിളര്‍ത്തി ബിജെപി സര്‍ക്കാര്‍ രൂപീകരിച്ച സാഹചര്യത്തില്‍ പവാറിന്റെ അസ്വാരസ്യം ചര്‍ച്ചയാകുന്നുണ്ട്.

 

Latest News