അയോധ്യ- ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിനുള്ള ചെലവ് 1,800 കോടി രൂപയാകുമെന്ന് നിര്‍മ്മാണ ചുമതലയുള്ള ട്രസ്റ്റ് അധികൃതര്‍ വെളിപ്പെടുത്തി.
ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കിയ സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് രൂപീകരിച്ച ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ മാരത്തണ്‍ യോഗം നിയമങ്ങളും മാനുവലും അംഗീകരിച്ചു.
ക്ഷേത്ര സമുച്ചയത്തില്‍ പ്രമുഖ ഹിന്ദു സന്യാസിമാരുടെ വിഗ്രഹങ്ങള്‍ കൂടി സ്ഥാപിക്കാന്‍ ട്രസ്റ്റ് അംഗങ്ങള്‍ ഏകകണ്ഠമായി തീരുമാനിച്ചു.
വിദഗ്ധര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രാമക്ഷേത്ര നിര്‍മാണത്തിന് മാത്രം 1,800 കോടി രൂപ വേണ്ടിവരുമെന്ന് ട്രസ്റ്റ് കണക്കാക്കിയത്.
ഏറെ നാളത്തെ ആലോചനകള്‍ക്കും ബന്ധപ്പെട്ട എല്ലാവരുടെയും നിര്‍ദ്ദേശങ്ങള്‍ക്കും ശേഷമാണ് ട്രസ്റ്റിന്റെ നിയമങ്ങളും ഉപനിയമങ്ങളും യോഗത്തില്‍ അന്തിമമാക്കിയതെന്ന് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ് പറഞ്ഞു.
ക്ഷേത്ര സമുച്ചയത്തില്‍ പ്രമുഖ ഹിന്ദു മഠാധിപതികളുടേയും രാമായണ കാലഘട്ടത്തിലെ പ്രധാന കഥാപാത്രങ്ങളുടെയും വിഗ്രഹങ്ങള്‍ സ്ഥാപിക്കാനും ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.
15 ട്രസ്റ്റ് അംഗങ്ങളില്‍ 14 പേരും യോഗത്തില്‍ പങ്കെടുത്തതായി റായ് പറഞ്ഞു.
കണ്‍സ്ട്രക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര, ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ത് നൃത്യ ഗോപാല്‍ ദാസ്, ട്രഷറര്‍ ഗോവിന്ദ് ദേവ് ഗിരി, അംഗം ഉഡുപ്പി പീതാധീശ്വര്‍ വിശ്വതീര്‍ഥ പ്രസന്നാചാര്യ, ഡോ. അനില്‍ മിശ്ര, മഹന്ത് ദിനേന്ദ്ര ദാസ്, കാമേശ്വര് ചൗപാല്‍, എക്‌സ് ഒഫീഷ്യോ അംഗം ജില്ലാ മജിസ്‌ട്രേറ്റ് നിതീഷ് കുമാര്‍ എന്നിവര്‍ യോഗത്തല്‍ പങ്കെടുത്തു. കേശവ് പരാശരന്‍, യുഗ്പുരുഷ് പര്‍മാനന്ദ്, വിമലേന്ദ്ര മോഹന്‍ പ്രതാപ് മിശ്ര, എക്‌സ് ഒഫീഷ്യോ അംഗം സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി സഞ്ജയ് കുമാര്‍ എന്നിവര്‍ ഓണ്‍ലൈനില്‍ സംബന്ധിച്ചു.
2023 ഡിസംബറോടെ ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും 2024 ജനുവരിയിലെ മകരസംക്രാന്തി ഉത്സവത്തോടെ ശ്രീരാമനെ ശ്രീകോവിലില്‍ ഇരുത്തുമെന്നും റായ് പറഞ്ഞു.