വരാണസി- ഗ്യാന്‍വാപി മസ്ജിദ് കേസില്‍ വരാണസി ജില്ലാ കോടതി ഇന്ന് വിധി പറയാനിരിക്കെ സുരക്ഷ ശക്തമാക്കി. കഴിഞ്ഞ മാസം വിചാരണ പൂര്‍ത്തിയായ കേസ് വിധി പറയാന്‍ കോടതി മാറ്റിയതായിരുന്നു. വിവാദ കേസിന്റെ വിധിയുടെ പശ്ചാത്തലത്തില്‍ വരാണസിയില്‍ പോലീസ് സുരക്ഷ ശക്തമാക്കി.
ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദുവിഗ്രഹങ്ങള്‍ ഉണ്ടെന്നും ഇവിടെ നിത്യേന പൂജ നടത്താന്‍ അനുവാദം നല്‍കണമെന്നും ആവശ്യപ്പെട്ട് അഞ്ച് ഹിന്ദുസ്ത്രീകളാണ് കോടതിയെ സമീപിച്ചത്. മസ്ജിദിന്റെ മതിലിനോട് ചേര്‍ന്ന് ഹിന്ദുക്ഷേത്രമുണ്ടായിരുന്നെന്നാണ് വാദം. പരാതിക്കെതിരെ മസ്്ജിദ് പരിപാലന കമ്മിറ്റിയായ അന്‍ജുമാന്‍ ഇന്‍തസമിയ മസ്ജിദ് കമ്മിറ്റി കോടതിയില്‍ രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. മസ്ജിദ് വഖഫ് സ്വത്താണെന്നും ഹിന്ദുവിഗ്രഹമുണ്ടെന്ന വാദം അടിസ്ഥാമില്ലാത്തതാണെന്നും കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
കോടതി വിധി വരുന്നതിന് മുന്നോടിയായി വരാണസിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് കമ്മീഷണര്‍ സതീഷ് ഗണേഷ് പറഞ്ഞു. ഇരുമത വിഭാഗം നേതാക്കളെയും വിളിച്ച് പോലീസ് ചര്‍ച്ച നടത്തിയിട്ടുണ്ട്. വിധി വരുമ്പോള്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്ന് മതനേതാക്കളോട് പോലീസ് ആവശ്യപ്പെട്ടു. വരാണസി നഗരത്തെ രണ്ട് മേഖലകളാക്കി തിരിച്ച് കൂടുതല്‍ പോലീസുകാരെ വിന്യസിച്ചതായും പോലീസ് കമ്മീഷണര്‍ പറഞ്ഞു.