ഗ്രേറ്റർ നോയ്ഡ- ദൽഹിക്കടുത്ത ഗ്രേറ്റർ നോയ്ഡയിൽ സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയിലെ സഹപാഠിയും രണ്ടു കൂട്ടാളികളും ചേർന്ന് ഓടുന്ന കാറിലിട്ട് മണിക്കൂറുകളോളം ബലാൽസംഗം ചെയ്തു. ശേഷം ആളൊഴിഞ്ഞ റോഡരികിൽ പെൺകുട്ടിയെ ഉപേക്ഷിച്ചു പ്രതികൾ മുങ്ങുകയായിരുന്നു. ഒരാഴ്ച മുമ്പ് നടന്ന സംഭവം ഇപ്പോഴാണ് പുറത്തു വരുന്നത്. പ്രതികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
സ്‌കൂൾ ബസ് ലഭിക്കാതെ വന്നതിനെ തുടർന്ന് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയാണ് കാറിലെത്തിയ സഹപാഠി വീട്ടിൽ വിടാമെന്നു പറഞ്ഞ് കാറിൽ കയറ്റിയതെന്ന് 16കാരിയായ പെൺകുട്ടി പോലീസിനോട് പറഞ്ഞു. കാറിൽ സഹപാഠിക്കൊപ്പം രണ്ടു സുഹൃത്തുക്കളുമുണ്ടായിരുന്നു. ഇവർ മയക്കു മരുന്ന് കലക്കിയ വെള്ളം തന്നെ കുടിപ്പിക്കുകയും വായ മൂടിക്കെട്ടുകയും ചെയ്‌തെന്ന് പെൺകുട്ടി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
കാണാതായ പെൺകുട്ടിയെ റോഡരികിൽ അബോധാവസ്ഥയിൽ പോലീസാണ് കണ്ടെത്തിയത്. ഏപ്രിൽ 18ന് പെൺകുട്ടിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളായ രണ്ടു പേരെ പിടികൂടി. ഒരാൾ മുങ്ങിയിരിക്കുകയാണ്.