Sorry, you need to enable JavaScript to visit this website.

അക്കൗണ്ടിലിട്ടു തരാമെന്നു പറഞ്ഞ 15 ലക്ഷം എവിടെ? പ്രധാനമന്ത്രിയുടെ മറുപടി ഇങ്ങനെ

ന്യൂദല്‍ഹി- 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ അന്നു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന നരേന്ദ്ര മോഡി ഇന്ത്യക്കാര്‍ക്ക് ഒരു വാഗ്ദാനം നല്‍കിയിരുന്നു. ബിജെപിയെ അധികാരത്തിലെത്തിച്ചാല്‍ ഇന്ത്യയിലെ മുതലാളിമാര്‍ വിദേശ ബാങ്കുകളിലൊളിപ്പിച്ച കള്ളപ്പണം തിരിച്ചെത്തിച്ച് ഓരോ ഇന്ത്യക്കാരന്റേയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നായിരുന്നു ആ നെടുങ്കന്‍ വാഗ്ദാനം. ഭരണത്തിലേറി കാലാവധി പൂര്‍ത്തിയാകാറായിട്ടും  ഈ വാഗ്ദാനത്തെ കുറിച്ച് പിന്നീടൊരിക്കലും ഒരക്ഷരം പോലും പ്രധാനമന്ത്രി മോഡി മിണ്ടിയിട്ടില്ല. എങ്കിലും ആ പണം എവിടെ എന്ന ചോദ്യം ഇടയ്ക്കിടെ ഉയര്‍ന്നു വന്നു കൊണ്ടിരുന്നു. ജനങ്ങള്‍ക്ക് ഉത്തരമറിയേണ്ടതു കൊണ്ട് വിവരാവകാശ നിയമപ്രകാരവും ഈ ചോദ്യം ഉന്നയിക്കപ്പെട്ടു. എന്നിട്ടും മറുപടിയില്ല. പൗരന്‍മാര്‍ ചോദിച്ചു മടുത്തിട്ടാവാം ഒടുവില്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ തന്നെ ഈ ചോദ്യം പ്രധാനമന്ത്രിയുടെ ഓഫീസിനോട് ചോദിച്ചപ്പോഴാണ് ശരിക്കുമുള്ള മറുപടി ലഭിച്ചത്.

ഓരോ ഇന്ത്യക്കാരനും 15 ലക്ഷം രൂപ വീതം ബാങ്ക് അക്കൗണ്ടിലിട്ടു തരാമെന്ന  പ്രധാനമന്ത്രി മോഡിയുടെ വാഗ്ദാനം വിവരാവകാശ നിയമം വിവക്ഷിക്കുന്ന 'വിവരം' എന്നതിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നതല്ല. അതു കൊണ്ടു തന്നെ ഇതിനു മറുപടി നല്‍കാനുമാവില്ല എന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വിവരാവകാശ കമ്മീഷനെ അറിയിച്ചു.

2016 നവംബറിലെ നോട്ടുനിരോധനത്തിനു തൊട്ടുപിറകെ വിവരാവകാശ പ്രവര്‍ത്തകനായ മോഹന്‍ കുമാര്‍ ശര്‍മയാണ് മോഡി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ ലഭിക്കുന്ന തീയതി അറിയിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് അപേക്ഷ നല്‍കിയത്. ലഭിച്ച മറുപടി പൂര്‍ണമല്ലാത്തതിനാല്‍ ശര്‍മ കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. തന്റെ ചോദ്യത്തിന് പ്രധാനമന്ത്രിയുടെ ഓഫീസും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും പൂര്‍ണ മറുപടി നല്‍കിയില്ലെന്നാണ്് ശര്‍മ കമ്മീഷനോട് പരാതിപ്പെട്ടത്. തുടര്‍ന്ന് കമ്മീഷനാണ് പ്രധാനമന്ത്രിയുടെ ഓഫീസിനോട് മറുപടി തേടിയത്. 

Latest News