കറാച്ചി- പാക്കിസ്ഥാനിലുടനീളം ദശലക്ഷക്കണക്കിന് ആളുകള്‍ പ്രളയക്കെടുതിയില്‍ അകപ്പെട്ട് സഹായത്തിനായി കേഴുമ്പോള്‍, ബലൂചിസ്ഥാനിലെ ഒരു ചെറിയ ഗ്രാമത്തിലെ ഹിന്ദു ക്ഷേത്രം, പ്രളയബാധിതരായ 200 മുതല്‍ 300 വരെ ആളുകള്‍ക്ക് ഭക്ഷണവും അഭയവും നല്‍കി. ഇതില്‍ കൂടുതലും മുസ്്‌ലിംകളാണ്.
ഉയര്‍ന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ കാച്ചി ജില്ലയിലെ ജലാല്‍ ഖാന്‍ ഗ്രാമത്തിലെ ബാബ മധോദസ് മന്ദിര്‍ വെള്ളപ്പൊക്കത്തില്‍നിന്ന് താരതമ്യേന സുരക്ഷിതമായി നിലകൊള്ളുകയും വെള്ളപ്പൊക്കത്തില്‍ വലയുന്ന ആളുകള്‍ക്ക് ഒരു സങ്കേതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
നാരി, ബോലാന്‍, ലെഹ്രി നദികളിലെ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഗ്രാമം മറ്റ് പ്രവിശ്യകളില്‍നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്. വെള്ളപ്പൊക്കത്തില്‍ വലയുന്ന ജനങ്ങള്‍ക്കും അവരുടെ കന്നുകാലികള്‍ക്കുമായി പ്രാദേശിക ഹിന്ദു സമൂഹം ബാബ മധോദസ് മന്ദിറിന്റെ വാതിലുകള്‍ തുറന്നുകൊടുത്തതായി ഡോണ്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
പ്രദേശവാസികള്‍ പറയുന്നതനുസരിച്ച്, വിഭജനത്തിനു മുമ്പുള്ള ഒരു ഹിന്ദു സന്യാസിയായിരുന്നു ബാബ മധോദസ്, പ്രദേശത്തെ മുസ്്‌ലിംകളും ഹിന്ദുക്കളും ഒരുപോലെ ആദരിച്ച വ്യക്തിയാണ് അദ്ദേഹം. 'അദ്ദേഹം ഒട്ടകപ്പുറത്താണ് യാത്ര ചെയ്തിരുന്നത്- ഭാഗ് നാരി തഹസില്‍ നിന്ന് ഗ്രാമത്തിലെ പതിവ് സന്ദര്‍ശകനായ ഇല്‍താഫ് ബുസ്ദാര്‍ പറയുന്നു. മതപരമായ അതിര്‍വരമ്പുകള്‍ക്കപ്പുറമായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.
ജാതിക്കും മതത്തിനും പകരം മനുഷ്യത്വത്തിന്റെ കണ്ണാടിയിലൂടെയാണ് അദ്ദേഹം ജനങ്ങളെ കണ്ടിരുന്നതെന്ന് തന്റെ മാതാപിതാക്കള്‍ പറഞ്ഞിട്ടുണ്ടെന്നും ബുസ്ദാര്‍ പറഞ്ഞു.
ബലൂചിസ്ഥാനില്‍നിന്നുള്ള ഹിന്ദു വിശ്വാസികള്‍ പതിവായി വരുന്ന ആരാധനാലയം കോണ്‍ക്രീറ്റ് കൊണ്ട് നിര്‍മ്മിച്ചതും വിപുലവുമാണ്.