ശ്രീനഗര്‍- തന്റെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം പത്ത് ദിവസത്തിനകമുണ്ടാകുമെന്നു കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. കശ്മീരിന് നഷ്ടമായ പ്രത്യേക പദവി ഇനി ഒരിക്കലും തിരിച്ച് കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയിലെ 370 ാം അനുച്ഛേദത്തിന്റെ അടിസ്ഥാനത്തിലാണ് കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്നത്. ഇത് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.
ഒരിക്കലും ഇനി പ്രത്യേക പദവി തിരികെ കിട്ടില്ല. പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കില്‍ മാത്രമേ അക്കാര്യം ചിന്തിക്കേണ്ടതുള്ളൂ. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ പേരില്‍ ജനങ്ങളെ ചൂഷണം ചെയ്യാന്‍ ആരേയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാരാമുള്ളയിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു ഗുലാം നബി.
സംസ്ഥാന പദവിയും ജനങ്ങള്‍ക്ക് നഷ്ടമായ ഭൂമിയും അവകാശങ്ങളും തിരിച്ചു പിടിക്കാന്‍ തന്നെ പിന്തുണക്കണമെന്നാണ് ജനങ്ങളോട് ആവശ്യപ്പെടുന്നത് - ഗുലാം നബി പറഞ്ഞു.