ടൊറന്റോ- കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോയില്‍ തിരക്കേറിയ സ്ഥലത്ത് റോഡരികിലൂടെ നടന്നു പോകുന്നവര്‍ക്കിടയിലേക്ക് ആക്രമി വാന്‍ ഇടിച്ചു കയറ്റി 10 പേരെ കൊലപ്പെടുത്തി. 15 പേര്‍ക്ക് പരിക്കേറ്റു. സംഭവസ്ഥലത്തു നിന്നു തന്നെ ആക്രമിയായ വാന്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. വളരെ വേഗതയില്‍ വാന്‍ ഓടിച്ചു വന്ന ഇയാള്‍ മനപ്പൂര്‍വ്വം അപകടമുണ്ടാക്കിയതാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കനേഡിയന്‍ സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 1.10-നാണ് യങ് ആന്റ് ഫിഞ്ച് തെരുവില്‍ ആക്രമണമുണ്ടായത്. വാന്‍ ഓടിച്ചിരുന്ന 25 കാരനായ അലെക് മിനാസിയന്‍ എന്നയാളെയാണ് പോലീസ് പിടികൂടിയത്.
റോഡില്‍ നിന്നും നടപ്പാതയിലേക്ക് വാന്‍ ഇടിച്ചു കയറ്റിയ ആക്രമി നടപ്പാതയിലൂടെ അമിതവേഗതയില്‍ കാല്‍യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച് 2.2 കിലോമീറ്ററോളം വാന്‍ ഓടിച്ചു. ഇതിനിടയില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്. പലരേയും ഇടിച്ചു ദൂരേക്ക് തെറിപ്പിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. നടപ്പാതയിലെ ബസ് കാത്തിരിപ്പു കേന്ദ്രവും ഫയര്‍ ഹൈഡ്രന്റും അടക്കം ഇടിച്ചു തകര്‍ത്തിട്ടുണ്ട്. മൃതദേഹങ്ങളും പരിക്കേറ്റവും പലയിടത്തായി ചിതറിക്കിടക്കുന്ന നിലയിലായിരുന്നു.
അപകടമുണ്ടാക്കിയ ശേഷം 'എന്റെ തലയ്ക്ക് വെടിവെക്കൂ' എന്നു പറഞ്ഞു തോക്കു ചൂണ്ടിയെത്തിയ പോലീസിനു മുമ്പില്‍ ഇയാള്‍ കീഴടങ്ങുന്ന ദൃശ്യങ്ങളും പുറത്തു വന്നു. ടൊറന്റൊയിലെ റിച്മൗണ്ട് ഹില്‍ സ്വദേശിയാണ് ഇയാളെന്ന് തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.
ആക്രമി വാന്‍ വാടകയ്‌ക്കെടുത്തതാണെന്ന് കരുതപ്പെടുന്നു. ഇയാള്‍ക്ക് ഭീകര ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊതുസുരക്ഷാ മന്ത്രി റാല്‍ഫ് ഗൂഡെയ്ല്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ടൊറന്റൊ പോലീസ് മേധാവി മാര്‍ക്ക് സോണ്ടേഴ്‌സ് പറഞ്ഞു.