Sorry, you need to enable JavaScript to visit this website.

VIDEO കലാപത്തിന്റെ പേരില്‍ എട്ടു വയസ്സായ മുസ്ലിം ബാലന്‍ അറസ്റ്റില്‍, വിട്ടയക്കാന്‍ പണം ചോദിച്ച് പോലീസ്

പട്‌ന- ബിഹാറിലെ സിവാന്‍ ജില്ലയില്‍ മഹാവീര്‍ അഖാര ഘോഷയാത്രയ്ക്കിടെ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവരില്‍ എട്ട വയസ്സുകാരനായ മുസ്ലിം ബാലനും. ബര്‍ഹാരിയ പുരാണി ബസാര്‍ പരിസരത്തെ  മുസ്ലീം പള്ളിക്ക് സമീപത്തുകൂടി കടന്നുപോയ മാര്‍ച്ചില്‍ കാവി വസ്ത്രം ധരിച്ചവര്‍ പ്രകോപന മുദ്രാവാക്യം മുഴക്കിയിരുന്നു.  ഇതിനു പിന്നാലെയാണ് കല്ലേറും അക്രമവുമുണ്ടായത്.

മുഹമ്മദ് യാസിന്‍ (70), എട്ട് വയസ്സുള്ള ചെറുമകന്‍ റിസ് വാന്‍ ഖുറേഷി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തതായി മക്തൂബ് റിപ്പോര്‍ട്ടില്‍ പറയുന്നു. നിരപരാധികളാണെന്ന് കുടുംബം പറഞ്ഞെങ്കിലും പോലീസ് കൊണ്ടു പോകുകയായിരുന്നു.  അടുത്തിടെ രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയനായ യാസീന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും  റിപ്പോര്‍ട്ടില്‍ പറയുന്നു.
അക്രമത്തിന് പ്രേരിപ്പിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്നും  കുടുംബം പറയുന്നു.
സ്‌റ്റേഷനില്‍ ഒറ്റമുറിയിലിട്ട കുട്ടി വീട്ടിലേക്ക് മടങ്ങാന്‍ കരയുകയാണെന്നും മാതാവിനെ കണ്ടപ്പോള്‍ പോലും പേടിച്ചു നിലവിളിച്ചുവെന്നും
റിസ്‌വാന്റെ സഹോദരന്‍ അസ്ഹര്‍ പറഞ്ഞു.
അരയില്‍ കയര്‍ കെട്ടിയാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കിലും മോചിപ്പിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ പണം ആവശ്യപ്പെടുകയായിരുന്നുവെന്ന് റിസ് വാന്റെ കുടുംബം പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് 25 മുസ്ലീങ്ങളും 10 ഹിന്ദുക്കളും ഉള്‍പ്പെടെ 35 പേര്‍ക്കെതിരെയാണ് സിവാന്‍ പോലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. 20 പേരെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

വ്യാഴാഴ്ച വൈകുന്നേരം, അസര്‍ നമസ്‌കാരത്തിനിടെ  ഒരു മഹാവീര്‍ അഖാര റാലി പള്ളിക്കു മുന്നിലൂടെ കടന്നുപോയെന്നും വടികളുമേന്തി വര്‍ഗീയ അധിക്ഷേപങ്ങള്‍ മുഴക്കിക്കൊണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.  ചുറ്റുമുള്ള ചില കടകള്‍ ലാത്തി ഉപയോഗിച്ച് തല്ലിത്തകര്‍ത്തു. ഇതിനു പിന്നാലെയാണ് കല്ലേറുണ്ടായതെന്നും അവര്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ ജാതിയില്‍ പെട്ടയാളാണെങ്കില്‍ അറസ്റ്റിലായ ആണ്‍കുട്ടിയോട് ഒരു 'മൃഗത്തെ' പോലെ പെരുമാറുമായിരുന്നോ എന്ന്
എഐഎംഐഎം നേതാവും ഹൈദരാബാദ് ലോക്‌സഭാ എംപിയുമായ അസദുദ്ദീന്‍ ഉവൈസി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ചോദിച്ചു.

 

Latest News