Sorry, you need to enable JavaScript to visit this website.

VIDEO കലാപമുണ്ടാക്കാന്‍ പള്ളിയിലേക്ക് ചെരിപ്പെറിഞ്ഞു, നടപടി ഉറപ്പുനല്‍കി പോലീസ്

മംഗളൂരു-കര്‍ണാടകയിലെ ബല്ലാരി ജില്ലയില്‍  മുസ്ലിം പള്ളിക്ക് നേരെ ചെരിപ്പ് എറിയുന്ന വീഡിയോ പുറത്തുവന്നു. വര്‍ഗീയ കലാപത്തിനു ലക്ഷ്യമിട്ട് നടന്ന സംഭവത്തില്‍ പ്രതി കസ്റ്റഡിയിലാണെന്ന് പോലീസ് അറിയിച്ചു.
പള്ളിക്ക് പുറത്ത് ഹിന്ദുത്വ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.  ഇതിനിടയില്‍ ഒരാള്‍ പള്ളിയിലേക്ക് ചെരിപ്പ് എറിയുന്നതും കാണാം.
സിരുഗുപ്പ ബല്ലാരി ജില്ലയില്‍ കലാപമുണ്ടാക്കാന്‍ പള്ളിയിലേക്ക് ചെരിപ്പ് എറിയുന്നതാണ് വീഡിയോയില്‍ കാണുന്നതെന്നും പോലീസ് എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നുമുള്ള ട്വിറ്റര്‍ ഉപയോക്താവ് ഹബീബ് അഷ്‌റഫിയുടെ ചോദ്യത്തിനാണ് നടപടി സ്വീകരിച്ചതായി പോലീസിന്റെ മറുപടി.
കുറ്റവാളികള്‍ ഇതിനകം പോലീസ് കസ്റ്റഡിയിലാണെന്നും അവര്‍ക്കെതിരെ നിയമനടപടികള്‍ ഉണ്ടാകുമെന്നും കര്‍ണാടകയിലെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അലോക് കുമാര്‍ ഹബീബ് അഷ്‌റഫിക്ക് ട്വീറ്റിലൂടെ മറുപടി നല്‍കി,
പ്രതികള്‍ കസ്റ്റഡിയിലാണെന്നും അവര്‍ക്കെതിരെ ഉചിതമായ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും കുമാര്‍ ട്വീറ്റ് ചെയ്തു.

ദക്ഷിണ കന്നഡ ജില്ലയില്‍ 2020 ല്‍  67 കലാപങ്ങള്‍ ഉണ്ടായതായാണ് കര്‍ണാടക പോലീസിന്റെ കണക്ക്.  23 ഏറ്റുമുട്ടലുകള്‍ മംഗളൂരു കമ്മീഷണറേറ്റിലായിരുന്നു.
 ഏഴ് വര്‍ഷത്തിനിടെ ഒരു ഡസനിലധികം ആളുകളാണ് കലാപങ്ങളില്‍ കൊല്ലപ്പെട്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളും ഹലാല്‍ മാംസം ബഹിഷ്‌ക്കരിക്കുമെന്ന പ്രചാരണവും സംസ്ഥാനത്ത് അടുത്തിടെ സാമുദായിക സൗഹാര്‍ദം വഷളാകാന്‍ കാരണമായിരുന്നു.

 

Latest News