റിയാദ്- കോവിഡ് വ്യാപനകാലത്ത് വിവിധ രാജ്യങ്ങള്‍ പകച്ചുനിന്നപ്പോള്‍ ഇന്ത്യ അന്താരാഷ്ട്ര സൗഹൃദങ്ങളെ പരമാവധി പ്രയോജനപ്പെടുത്തിയെന്നും സൗദി അറേബ്യ ഇന്ത്യയിലേക്ക് ഓക്‌സിജനും മെഡിക്കല്‍ ഉപകരണങ്ങളുമടങ്ങിയ കണ്ടെയ്‌നറുകള്‍ അയച്ച് സഹായിച്ചത് മറക്കാനാവില്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍.
രണ്ടാം തരംഗ സമയത്ത് ഇന്ത്യയില്‍ ഓക്‌സിജന്റെയും വെന്റിലേറ്ററുകളുടെയും അഭാവമുണ്ടായപ്പോള്‍ അതു തിരിച്ചറിഞ്ഞ സൗദി അറേബ്യ വലിയ സഹായമാണ് നല്‍കിയതെന്നും അതിന് നന്ദിയുണ്ടെന്നും മന്ത്രി വിശദീകരിച്ചു. മൂന്നു ദിവസ സന്ദര്‍ശനത്തിന് സൗദി അറേബ്യയിലെത്തിയ മന്ത്രി റിയാദ് ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു.
കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മാസ്‌ക്, പിപിഇ, വെന്റിലേറ്റര്‍ എന്നിവയെ കുറിച്ചു കൃത്യമായ വിവരമൊന്നും ആളുകള്‍ക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ ജനങ്ങള്‍ക്ക് അവയെ കുറിച്ച് അവബോധം നല്‍കിയതോടൊപ്പം കോവിഡിനെ നേരിടാന്‍ ശക്തമായി മുന്നില്‍നിന്നു. ആവശ്യമായ ചികിത്സ സൗകര്യങ്ങള്‍ ഒരുക്കി. അന്താരാഷ്ട്ര സൗഹൃദങ്ങള്‍ നമുക്ക് ഏറെ ഗുണം ചെയ്ത സമയമായിരുന്നു അത്. 130 കോടി ജനങ്ങള്‍ക്ക് നാം സ്വന്തമായി വാക്‌സിന്‍ ഉല്‍പാദിപ്പിച്ചു. പല രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് മരുന്നും സഹായങ്ങളും കിട്ടാത്ത സമയത്ത് നാം അതില്‍ നിന്നെല്ലാം വ്യത്യസ്തരായിനിന്നു. ചികിത്സാ സഹായങ്ങള്‍ യഥാസമയത്ത് നല്‍കിയതോടൊപ്പം നമ്മുടെ എല്ലാ സ്രോതസ്സുകളും കോവിഡ് പോരാട്ടത്തില്‍ പ്രയോഗിച്ചു.
കോവിഡില്‍നിന്ന് അതിവേഗം പുറത്ത് കടന്ന് ജനങ്ങളുടെ പ്രതിസന്ധികള്‍ക്ക് പരിഹാരം നല്‍കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധയൂന്നി.
വ്യാപാര മേഖലക്ക് പ്രാധാന്യം നല്‍കി കയറ്റുമതിയെ പ്രോത്സാഹിപ്പിച്ചാണ് കോവിഡാനന്തരം ഇന്ത്യ മുന്നേറുന്നത്. 670 ബില്യന്‍ ഡോളറിന്റെ കയറ്റുമതിയാണ് ഈ വര്‍ഷമുണ്ടായത്. ലോകത്തെ സാമ്പത്തിക ശക്തികളുടെ പട്ടികയിലേക്ക് ഇന്ത്യയും അടുക്കുന്നു. ഓയില്‍, ഷിപ്പിംഗ്, ഇന്‍ഷുറന്‍സ് മേഖലകളെ ഉക്രൈന്‍ പ്രതിസന്ധി പിടിച്ചുലച്ചപ്പോള്‍ അവക്ക് മുന്നില്‍ പ്രതിരോധം തീര്‍ത്താണ് കയറ്റുമതി രംഗത്ത് ഇന്ത്യ പിടിച്ചുനില്‍ക്കുന്നത്. 30 ദശലക്ഷം ഇന്ത്യക്കാര്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍ പ്രവാസികളായി കഴിയുന്നു. കോവിഡ് കാലത്ത് പലയിടത്തായി കുടുങ്ങിക്കിടന്ന 70 ലക്ഷത്തോളം പേരെ വന്ദേഭാരത് മിഷനിലൂടെ ഇന്ത്യയിലെത്തിക്കാനായി.
സൗദിയില്‍ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളുടെ ശാഖകള്‍ തുറക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ബന്ധപ്പെട്ട അധികൃതരുമായി സംസാരിച്ച് അന്തിമമാക്കാമെന്നും ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ രൂപീകരിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാമെന്നും മന്ത്രി പറഞ്ഞു. കമ്മ്യൂണിറ്റി വെല്‍ഫയര്‍ കൗണ്‍സുലര്‍ എം.ആര്‍ സജീവ് സ്വാഗതം പറഞ്ഞു. ഇന്ന് സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനൊപ്പം രാഷ്ട്രീയ, സുരക്ഷ, സാമൂഹിക, സാംസ്‌കാരിക സമിതിയുടെ മന്ത്രിതല ഉദ്ഘാടന യോഗത്തില്‍ സംബന്ധിക്കും.