Sorry, you need to enable JavaScript to visit this website.

രാഹുല്‍ ഗാന്ധിയെ ഹിന്ദുവിരുദ്ധനാക്കി ബി.ജെ.പിയുടെ വിദ്വേഷ പ്രചാരണം

ന്യൂദല്‍ഹി- കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ക്രൈസ്തവ പുരോഹിതനുമായി നടത്തിയ ചര്‍ച്ചയെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് ഹിന്ദുവിരുദ്ധമാണെന്ന ആരോപണവുമായി ബി.ജെ.പി. അതേസമയം, വിദ്വേഷ ഫാക്ടറി വഴി ബി.ജെ.പി വെറുപ്പിന്റെ പ്രചാരണം ഊര്‍ജിതമാക്കിയിരിക്കയാണെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.
ക്രിസ്ത്യന്‍ പുരോഹിതന്‍ ഹിന്ദുദേവതയായ ശക്തിയെ കുറിച്ച് നടത്തിയ പരാമര്‍ശവും വീഡിയോയും ഉദ്ധരിച്ചാണ് ബി.ജെ.പിയുടെ പ്രചാരണം.  
വിജയകരമായി മുന്നേറുന്ന ഭാരത് ജോഡോ യാത്ര  ഭരണകക്ഷിയായ ബി.ജെ.പിയെ കൂടുതല്‍ നിരാശരാക്കിയിരിക്കയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ക്രൈസ്തവ പുരോഹിതനായ ജോര്‍ജ്ജ് പൊന്നയ്യ യേശുക്രിസ്തുവാണ് യഥാര്‍ത്ഥ ദൈവമെന്ന് രാഹുല്‍ ഗാന്ധിയോട് പറയുന്ന വീഡിയോ ആണ് നിരവധി ബി.ജെ.പി നേതാക്കള്‍ പങ്കുവെച്ചത്. യേശുവിനെ ദൈവമായി കണക്കാക്കുന്നുണ്ടോ ഇല്ലയോ എന്ന കോണ്‍ഗ്രസ് നേതാവിന്റെ ചോദ്യത്തിന് ശക്തിയെ പോലെയല്ല, മനുഷ്യനായി അവതരിച്ച യേശുവാണ് യഥാര്‍ഥ ദൈവമെന്നാണ് ജോര്‍ജ് പൊന്നയ്യ മറുപടി നല്‍കുന്നത്.
ഭാരത് ജോഡോ യാത്രയുടെ യാഥാര്‍ത്ഥ്യം തുറന്നുകാട്ടുന്നതാണ് വീഡിയോയെന്ന് ബി.ജെ.പി വക്താവ് സംബിത് പത്ര അവകാശപ്പെട്ടു. നവരാത്രി ആരംഭിക്കുന്നതിന് മുമ്പായി ശക്തി ദേവിയെ അപമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇത് ആദ്യമായല്ല കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഇത്തരം നീക്കമെന്നും നേരത്തെ ശ്രീരാമന്റെ അസ്തിത്വത്തെ കോണ്‍ഗ്രസ്  ചോദ്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് ക്ഷേത്രങ്ങളില്‍ പോകുന്നതായി രാഹുല്‍ ഗാന്ധി നടിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഹിന്ദു വിരുദ്ധമുഖം കാണിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഒരു മതത്തെ പ്രീണിപ്പിക്കാന്‍ മറ്റൊരു മതത്തെ അപലപിക്കുന്നതാണ് ഭാരത് ജോഡോ. കോണ്‍ഗ്രസിനും പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിക്കുമുള്ള ഹൈന്ദവ വിദ്വേഷം രഹസ്യ കാര്യമേയല്ല.രാഹുലിന്റേത് യഥാര്‍ത്ഥത്തില്‍ ഭാരത് തോഡോ യാത്രയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രചരിപ്പിക്കുന്ന ഓഡിയോയുമായി യാതൊരു ബന്ധവുമില്ലാത്ത ഗാന്ധിജിയെക്കുറിച്ചുള്ള ട്വീറ്റുകളും ബി.ജെ.പിയുടെ വിദ്വേഷ ഫാക്ടറി പങ്കുവെക്കുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
ഭാരത് ജോഡോ യാത്രയുടെ വിജയകരമായ തുടക്കത്തിനു ശേഷം കൂടുതല്‍ നിരാശരായ ബി.ജെ.പിക്കാര്‍ വിദ്വേഷ ഫാക്ടറി സജീവമാക്കിയിരിക്കയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
മഹാത്മാഗാന്ധിയുടേയും നരേന്ദ്ര ദാഭോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എംഎം കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് തുടങ്ങിയവരുടെ കൊലപാതകങ്ങള്‍ക്ക് ഉത്തരവാദികളായ ആളുകളാണ് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. ഭാരത് ജോഡോ യാത്രയുടെ ആത്മാവിനെ തകര്‍ക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ ദയനീയമായി പരാജയപ്പെടുമെന്നും  അദ്ദേഹം ട്വീറ്റ് ചെയ്തു.
ഹിന്ദു വിദ്വേഷത്തിന്റെ പേരില്‍ നേരത്തെ അറസ്റ്റ് ചെയ്തയാളാണ് ക്രൈസ്തവ പുരോഹിതനായ ജോര്‍ജ് പൊന്നയ്യയെന്ന് ബി.ജെ.പി വക്താവ് ഷെഹ്‌സാദ് പൂനാവല്ല  പറഞ്ഞു. കോണ്‍ഗ്രസിലെ ഹിന്ദു വിരുദ്ധ ഡി.എന്‍.എയാണ് പ്രതിഫലിക്കുന്നതെന്നും കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ നടത്തിയ കാവി ഭീകരത പരാമര്‍ശങ്ങളെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസാണ് വിദ്വേഷ ഫാക്ടറിയാണെന്നത് 1984ല്‍ സിഖുകാര്‍ക്കെതിരായ കലാപത്തിലും അന്നത്തെ പ്രധാനമന്ത്രി അതിനെ ന്യായീകരിച്ചതിലും വ്യക്തമായതാണെന്ന് ജയറാം രമേശിന് മറുപടിയായി ഷെഹ്‌സാദ് പൂനാവല്ല പറഞ്ഞു.
അതിനിടെ, വിദേശ ബ്രാന്‍ഡുകളുടെ ടീ ഷര്‍ട്ടും ജേഴ്‌സിയുമണിഞ്ഞാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരിഹസിച്ചു.
രാഹുല്‍ ബാബയും കോണ്‍ഗ്രസുകാരും പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം ഓര്‍മിക്കണം.  ഇന്ത്യ ഒരു രാഷ്ട്രമല്ലെന്ന് രാഹുല്‍ ബാബ പറഞ്ഞിരുന്നു. ഏത് പുസ്തകത്തിലാണ് ഇത് വായിച്ചതെന്ന് രാഹുല്‍ ബാബ പറയണം.  ലക്ഷക്കണക്കിന് ആളുകള്‍ ജീവത്യാഗം ചെയ്ത് നേടിയ രാജ്യമാണിത്. രാഹുല്‍ ആദ്യം ഇന്ത്യയുടെ ചരിത്രം പഠിക്കണമെന്നും അമിത് ഷാ പറഞ്ഞു.
രാജസ്ഥാനിലെ ജോധ്പൂരില്‍ ബി.ജെ.പി ബൂത്ത് തല പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ. രാജ്യത്തെ ബന്ധിപ്പിക്കാന്‍ യാത്ര നടത്തുന്ന രാഹുല്‍ ആദ്യം  ഇന്ത്യന്‍ ചരിത്രം പഠിക്കണം. വികസനത്തിനായി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും പ്രീണനത്തിനും വേണ്ടി മാത്രമേ അതിന് പ്രവര്‍ത്തിക്കാനാകൂയെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

 

Latest News