ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ മദ്രസകളെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ, സംസ്ഥാന സര്‍ക്കാര്‍ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍വേ നടപടികള്‍ ആരംഭിച്ചു.
അംഗീകാരമില്ലാത്ത മദ്രസകള്‍ കണ്ടെത്താനാണ് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന സര്‍വേ. അടുത്ത 25 ദിവസത്തിനുള്ളില്‍ സംസ്ഥാനത്തെ 78 ജില്ലകളിലുടനീളം ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസര്‍മാരും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് സര്‍വേ നടത്തുന്നത്.
എല്ലാ ജില്ലകളിലും സര്‍വേ സംഘങ്ങള്‍ രൂപീകരിച്ചതായി ഉറപ്പുവരുത്തുമെന്ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ് മന്ത്രി ധര്‍മപാല്‍ സിംഗ് പറഞ്ഞു.
ഈ സ്ഥാപനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരേയും എഞ്ചിനീയര്‍മാരെയും ഡോക്ടര്‍മാരെയും സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഈ ലക്ഷ്യം നടക്കണമെങ്കില്‍ മദ്രസകളില്‍ ഗണിതം, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യല്‍ സയന്‍സ് എന്നിവയും പഠിപ്പിക്കേണ്ടത് ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.
വിധാന്‍ ഭവനില്‍ ഇതുസംബന്ധിച്ച് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മന്ത്രി ധരംപാല്‍ സിംഗ് അധ്യക്ഷത വഹിച്ചു.
സര്‍വേയെ വിമര്‍ശിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളെ അദ്ദേഹം ചോദ്യം ചെയ്തു. പ്രതിപക്ഷ പാര്‍ട്ടികള്‍ ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്കായി കണക്കാക്കുന്നു, എന്നാല്‍ ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷ സമുദായത്തിന് അവകാശങ്ങള്‍ നല്‍കുന്നതിലാണ് വിശ്വസിക്കുന്നത്. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും വിശദവിവരങ്ങള്‍, പാഠ്യപദ്ധതി, അംഗീകാരമില്ലാത്ത മദ്രസകള്‍ സര്‍ക്കാരിതര സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തല്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനാണ് സര്‍വേ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശില്‍ 16,000ത്തിലധികം മദ്രസകളുണ്ട്.
സര്‍വേയുടെ പ്രഖ്യാപനം മുതല്‍, സംസ്ഥാന സര്‍ക്കാരിനെതിരെ എല്ലാ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളും ആരോപണം ശക്തമാക്കിയിരുന്നു.