ഇസ്ലാമാബാദ്- ഏഴര പതിറ്റാണ്ടിനുശേഷം സഹോദരിയെ കണ്ടപ്പോള്‍ അതിരില്ലാത്ത സന്തോഷവുമായി അമര്‍ജിത് സിംഗ്. വിഭജനസമയത്ത് കുടുംബത്തില്‍ നിന്ന് വേര്‍പിരിഞ്ഞ മുസ്ലിം സഹോദരിയെ 75 വര്‍ഷങ്ങള്‍ക്ക് ശേഷം കര്‍താര്‍പൂരിലെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബില്‍ വെച്ചാണ് ജലന്ധര്‍ സ്വദേശിയായ സിഖുകാരനായ അമര്‍ജിത് കണ്ടത്.
വിഭജനസമയത്ത് മുസ്ലീം മാതാപിതാക്കള്‍ പാകിസ്ഥാനിലേക്ക് കുടിയേറിയപ്പോള്‍ സിംഗ് സഹോദരിയോടൊപ്പം ഇന്ത്യയില്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു.
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള കര്‍താര്‍പൂരിലെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബില്‍ വെച്ച് വീല്‍ചെയറിലിരുന്നാണ് സിംഗ് തന്റെ സഹോദരി കുല്‍സൂം അക്തറുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ കണ്ടുനിന്നവരുടെയെല്ലാം കണ്ണുകള്‍ ഈറനണിഞ്ഞു.
സഹോദരിയെ കാണാന്‍ വിസയുമായി വാഗാ അതിര്‍ത്തി വഴിയാണ് സിംഗ് പാകിസ്ഥാനിലെത്തിയത്. 65 കാരിയായ കുല്‍സൂമിനും സിംഗിനെ കണ്ടപ്പോള്‍ വികാരങ്ങള്‍ നിയന്ത്രിക്കാനായില്ല.
ഇരുവരും പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ടിരുന്നു. ഫൈസലാബാദിലെ സ്വന്തം പട്ടണത്തില്‍ നിന്ന് മകന്‍ ഷഹ്‌സാദ് അഹമ്മദിനും മറ്റ് കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് സഹോദരനെ കാണാന്‍ കുല്‍സൂം എത്തിയത്.
തന്റെ സഹോദരനെയും സഹോദരിയെയും ഉപേക്ഷിച്ച് 1947 ല്‍ ജലന്ധറിലെ ഒരു പ്രാന്തപ്രദേശത്ത് നിന്ന് തന്റെ മാതാപിതാക്കള്‍ പാകിസ്ഥാനിലേക്ക് കുടിയേറിയതായി കുല്‍സൂം പറഞ്ഞു.
താന്‍ പാകിസ്ഥാനിലാണ് ജനിച്ചതെന്നും നഷ്ടപ്പെട്ട സഹോദരനെയും സഹോദരിയെയും കുറിച്ച് മാതാവില്‍നിന്ന് കേള്‍ക്കാറുണ്ടെന്നും കുല്‍സൂം പറഞ്ഞു. കാണാതായ മക്കളെ ഓര്‍ത്ത് മാതാവ് എപ്പോഴും കരയുമായിരുന്നുവെന്നും അവര്‍ പറഞ്ഞു. സഹോദരനെയും സഹോദരിയെയും കാണാന്‍ കഴിയുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞു.