പാലക്കാട് - പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ ബന്ധുവിനെ നിയമിച്ച ശേഷം ഉദ്യോഗാർഥികളെ കബളിപ്പിക്കാൻ മത്സര പരീക്ഷ നടത്തിയെന്ന് ആരോപിച്ച് ഡി.സി.സി പ്രസിഡന്റിനെതിരേ യൂത്ത് കോൺഗ്രസ് നേതാക്കൾ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബോബൻ മാട്ടുമന്തയുടെ നേതൃത്വത്തിലാണ് പ്രവർത്തകർ ഡി.സി.സി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠനുൾപ്പെടെയുള്ള ജില്ലാ നേതാക്കളെ പ്രതിക്കൂട്ടിൽ കയറ്റി സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്.
കോൺഗ്രസ് നിയന്ത്രണത്തിലുള്ള പാലക്കാട് സർവ്വീസ് സഹകരണ ബാങ്കിലേക്കുള്ള പ്യൂൺ നിയമനത്തിനായി ഞായറാഴ്ച നടത്തേണ്ടിയിരുന്ന മത്സര പരീക്ഷയാണ് വിവാദങ്ങളുടെ കേന്ദ്രം. പാലക്കാട് മോയൻസ് എൽ.പി സ്‌കൂളിൽ നടത്താനിരുന്ന പരീക്ഷ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബലപ്രയോഗത്തിലൂടെ തടഞ്ഞിരുന്നു. ജില്ലാ കോൺഗ്രസ് നേതൃത്വവുമായി അടുപ്പമുള്ള ചിലർക്ക് ചോദ്യപേപ്പർ മുൻകൂട്ടി ചോർത്തി നൽകിയിരുന്നുവെന്ന് ആരോപിച്ചായിരുന്നു യുവ നേതാക്കളുടെ പ്രതിഷേധം. തുടർന്ന് പരീക്ഷ മാറ്റിവെക്കാൻ അധികൃതർ നിർബന്ധിതരായി. നാലു തസ്തികകളിലേക്കായി നിശ്ചയിച്ചിരുന്ന മത്സര പരീക്ഷ എഴുതാൻ 140 പേർ എത്തിയിരുന്നു.
ആരോപണം നിഷേധിച്ച് ഡി.സി.സി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ രംഗത്തെത്തി. വിവാദം ഉയർത്തിക്കൊണ്ടുവന്നതിനുള്ളിൽ ഗൂഢാലോചന ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. തന്റെ ഏതെങ്കിലും ബന്ധു പരീക്ഷക്ക് ഹാജരായിട്ടുണ്ടെങ്കിൽ അത് തെളിയിക്കാൻ ആരോപണം ഉയർത്തിയവർ തയാറാകണമെന്ന് ശ്രീകണ്ഠൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പിൻവാതിലിലൂടെ നിയമനം നേടാൻ ശ്രമിച്ച് പരാജയമടഞ്ഞ ഒരു വിഭാഗം നേതാക്കളാണ് ആരോപണത്തിനു പിന്നിലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിഷയത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് വ്യക്തമാക്കി. പാർട്ടി ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ. ശ്രീനിവാസൻ, പി.വി. മുഹമ്മദലി, സി. അച്യുതൻ എന്നിവരടങ്ങുന്ന സമിതിയാണ് അന്വേഷണം നടത്തുകയെന്ന് അദ്ദേഹം അറിയിച്ചു.
വിഷയത്തിൽ സംസ്ഥാന നേതൃത്വം അന്വേഷണം നടത്തണമെന്നാണ് കലാപക്കൊടിയുയർത്തിയ യൂത്ത് കോൺഗ്രസ് നേതാക്കളുടെ ആവശ്യം. 'ആരോപണ വിധേയരായവർ തന്നെ അന്വേഷണം നടത്തുമെന്ന ഡി.സി.സി പ്രസിഡന്റിന്റെ പ്രഖ്യാപനം പരിഹാസ്യമാണ്. തെറ്റ് ചെയ്തവരെ ശിക്ഷിക്കുന്നതിനല്ല, അത് ചൂണ്ടിക്കാട്ടിയവരെ വേട്ടയാടുന്നതിനാണ് നീക്കം. അതംഗീകരിക്കില്ല. സംസ്ഥാന നേതൃത്വം നിർദ്ദേശിക്കുന്ന ഒരു സമിതി സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം അന്വേഷിക്കട്ടെ. അക്കാര്യമാവശ്യപ്പെട്ടാണ് കെ.പി.സി.സി പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കൾക്ക് പരാതി നൽകിയിട്ടുള്ളത്' -ബോബൻ മാട്ടുമന്ത മലയാളം ന്യൂസിനോട് പറഞ്ഞു.
വിഷയത്തിൽ അനുകൂലമായ നടപടി കെ.പി.സി.സിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെങ്കിൽ തുടർച്ചയായ സമരത്തിലേക്ക് ഇറങ്ങാനാണ് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ തീരുമാനം.
ഡി.സി.സി പ്രസിഡന്റ് ഐ ഗ്രൂപ്പുകാരനും ആരോപണമുന്നയിച്ചവർ ഉമ്മൻ ചാണ്ടി പക്ഷക്കാരും ആയതിനാൽ സംഭവത്തിന് ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ എരിവും പുളിയും കൈവന്നിട്ടുണ്ട്.