Sorry, you need to enable JavaScript to visit this website.

ഹിറാ ഗുഹ, ജബലുന്നൂര്‍ സന്ദര്‍ശനത്തിന് പുതിയ സംവിധാനം വരുന്നു

മക്ക - അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിക്ക് ആദ്യമായി ദിവ്യബോധനം ലഭിച്ച ഹിറാ ഗുഹ സ്ഥിതി ചെയ്യുന്ന ജബലുന്നൂര്‍ സന്ദര്‍ശനത്തിന് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നു.
പുതുതായി നിര്‍മിച്ച പ്രത്യേക ട്രാക്കുകളിലൂടെ ഷട്ടില്‍ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ വഴി ജബലുന്നൂറിലേക്കുള്ള മലയകയറ്റം ക്രമീകരിക്കും. മലകയറ്റത്തിനുള്ള നിലവിലെ ട്രാക്ക് അടക്കുകയും കൂടുതല്‍ വ്യവസ്ഥാപിതമായ പുതിയ ട്രാക്ക് തുറക്കുകയും ചെയ്യും. ജബലുന്നൂറിന്റെ അടിഭാഗത്ത് ആരംഭിക്കുന്ന ഹിറാ കള്‍ച്ചറല്‍ സെന്ററിനാണ് ഇതിന്റെ ചുമതല.
ഹിറാ കള്‍ച്ചറല്‍ സെന്റര്‍ ആസ്ഥാനത്തു നിന്ന് പ്രത്യേകം തയാറാക്കിയ പാത വഴി ഹിറാ ഗുഹയിലേക്ക് സന്ദര്‍ശകര്‍ക്ക് കയറാന്‍ സാധിക്കും. ഹിറാ ഗുഹയിലേക്കുള്ള ഏക പാതയായിരിക്കും ഇത്. ഇവിടെ സൈന്‍ ബോര്‍ഡുകളും വിശ്രമ കേന്ദ്രങ്ങളും സ്ഥാപിക്കുകയും സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും.
ജബലുന്നൂറില്‍ 67,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള സ്ഥലത്ത് സ്ഥാപിച്ച ഹിറാ കള്‍ച്ചറല്‍ സെന്റര്‍ പദ്ധതി വൈകാതെ സന്ദര്‍ശകര്‍ക്കു മുന്നില്‍ തുറക്കും. ഹജ്, ഉംറ തീര്‍ഥാടകര്‍ അടക്കമുള്ള സന്ദര്‍ശകരെയും സൗദി നിവാസികളെയും ആകര്‍ഷിക്കുന്ന നിരവധി സാംസ്‌കാരിക, ടൂറിസം ഘടകങ്ങള്‍ കള്‍ച്ചറല്‍ സെന്ററിലുണ്ടാകും.  
പ്രവാചകന്റെ ദിവ്യബോധനത്തിന്റെ കഥ പറയുന്ന എക്‌സിബിഷന്‍, വിശുദ്ധ ഖുര്‍ആനിനെ പരിചയപ്പെടുത്തുന്ന ഖുര്‍ആന്‍ മ്യൂസിയം എന്നിവ അടങ്ങിയതാണ് ഹിറാ കള്‍ച്ചറല്‍ സെന്റര്‍ പദ്ധതി.  ഖുര്‍ആന്‍ കൈയെഴുത്ത് പ്രതികള്‍ ഖുര്‍ആന്‍ മ്യൂസിയത്തിലുണ്ടാകും. ഹിറാ കള്‍ച്ചറല്‍ സെന്റര്‍ പദ്ധതി വൈകാതെ ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Latest News