ബംഗളൂരു-കര്‍ണാടകയില്‍ പതിനാലുകാരിയെ വിവാഹം ചെയ്ത ഭൂവുടമയേയും പെണ്‍കുട്ടിയുടെ മാതാപിതാക്കളേയും പോലീസ് അറസ്റ്റ് ചെയ്തു. യെലഹങ്ക ന്യൂ ടൗണിലാണ് ശൈശവവിവാഹം ആരോപിച്ച് 14 വയസ്സുള്ള പെണ്‍കുട്ടിയുടെ 46 കാരനായ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്. വിവാഹം നടത്തിക്കൊടുത്ത പൂജാരിക്കുവേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചു.
സ്‌കൂള്‍ പഠനം നിര്‍ത്തിയ പെണ്‍കുട്ടിയെയാണ് വിവാഹം ചെയ്തു കൊടുത്തുത്. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യുസി) ബംഗളൂരു വില്‍സണ്‍ ഗാര്‍ഡനിലുള്ള സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ പാര്‍പ്പിച്ചു.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ദിവസക്കൂലിക്കാരാണെന്നും ഇവരെ പ്രതി ഗുരുപ്രസാദ് പണം നല്‍കി പ്രലോഭിപ്പിച്ചതായും പോലീസ് വിശദീകരിച്ചു.
അമ്മായിയോടൊപ്പം ജോലിക്കെത്തിയ പി.ജി സ്ഥാപന ഉടമയുടെ മുന്നില്‍ പെണ്‍കുട്ടി പൊട്ടിക്കരഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഒരു ക്ഷേത്രത്തില്‍വെച്ച് 46 കാരനെ വിവാഹം കഴിച്ചതായി പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് പി.ജി ഉടമ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഭൂവുടമ ഗുരുപ്രസാദിന്റെ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിച്ചുപോയെന്നും അദ്ദേഹത്തിന് കുട്ടികളില്ലെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെയും അവളുടെ നിര്‍ധന കുടുംബത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കി ഒരു വൃദ്ധ വഴിയാണ് മാതാപിതാക്കളെ സമീപിച്ചു.
15,000 രൂപ നല്‍കി മാതാപിതാക്കളെ കൊണ്ട് സമ്മതിപ്പിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞുവെന്നും പോലീസ് പറഞ്ഞു.
മൂന്ന് പെണ്‍മക്കളുണ്ടെന്നും ദാരിദ്ര്യം കാരണമാണ് പെണ്‍കുട്ടിയെ 46 വയസ്സുള്ളയാള്‍ക്ക് വിവാഹം കഴിച്ചുകൊടുത്തതെന്നും മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു.