ലഖ്‌നൗ- സുപ്രീം കോടതി ജാമ്യം അനുവദിച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് അടുത്തയാഴ്ച ജയില്‍ മോചിതനാകുമെന്ന് അധികൃതര്‍. യു.എ.പി.എ ചുമത്തി ജയിലിലടച്ച കാപ്പന്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ലഖ്‌നൗ ജയിലിലാണ്. ജാമ്യ ഉത്തരവ് സമര്‍പ്പിച്ച ശേഷം വിടുതല്‍ ഉത്തരവ് പുറപ്പെടുവിച്ചാല്‍ ജയില്‍ മോചിതനാകുമെന്ന് ജയില്‍ ഡിജിപി ഓഫീസിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സന്തോഷ് കുമാര്‍ വര്‍മ പറഞ്ഞു.
2020 ഒക്ടോബറില്‍ ഉത്തര്‍പ്രദേശില്‍ ദളിത് യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഹത്രാസിലേക്കുള്ള യാത്രാമധ്യേയാണ് കാപ്പന്‍ അറസ്റ്റിലായത്.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്നും അക്രമത്തിന് പ്രേരിപ്പിക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്നും ആരോപിച്ചാണ് മഥുര പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. മഥുര ജയിലില്‍നിന്ന് പിന്നീട് ലഖ്‌നൗ ജയിലിലേക്ക് മാറ്റി.
ഓരോ വ്യക്തിക്കും അഭിപ്രായസ്വാതന്ത്ര്യത്തിന് അവകാശമുണ്ടെന്ന് നിരീക്ഷിച്ചുകൊണ്ടാണ് സുപ്രീം കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചത്
പ്രകോപനപരമായ ഒന്നും തന്നെ നിങ്ങള്‍ക്ക് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് യു.പി സര്‍ക്കാരിനോട് പറഞ്ഞിരുന്നു.
ജാമ്യത്തിനായി നിരവധി ഉപാധികളും ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് ഏര്‍പ്പെടുത്തി. ആറാഴ്ച ദല്‍ഹിയില്‍ തന്നെ തങ്ങണമെന്നും എല്ലാ തിങ്കളാഴ്ചയും നിസാമുദ്ദീന്‍ പോലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ഉപാധികളില്‍ ഉള്‍പ്പെടുന്നു.