ന്യൂദല്‍ഹി- കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ - ചൈന സൈനികര്‍ നേര്‍ക്കുനേര്‍ നിന്ന ഗോഗ്ര - ഹോട്‌സ്പ്രിങ്സ് മേഖലയില്‍നിന്നുള്ള സൈനിക പിന്‍മാറ്റം അടുത്തയാഴ്ച പൂര്‍ത്തിയാക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. വ്യാഴാഴ്ചയാണ് ഇരു രാജ്യങ്ങളുടെയും സൈനികര്‍ പിന്‍മാറ്റം ആരംഭിച്ചത്. തിങ്കളാഴ്ചയോടെ സൈനിക പിന്‍മാറ്റം പൂര്‍ത്തിയാക്കാനാണു ധാരണ. ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉസ്‌ബെക്കിസ്ഥാനിലേക്കു പോകാനിരിക്കെയാണു സൈനിക പിന്മാറ്റം തിങ്കളാഴ്ച തന്നെ പൂര്‍ത്തിയാക്കാന്‍ ധാരണയായത്.
ഗോഗ്ര - ഹോട്‌സ്പ്രിങ്സ് മേഖലയില്‍ ഇരു രാജ്യങ്ങളും നിര്‍മിച്ചിട്ടുള്ള താല്‍ക്കാലിക ക്രമീകരണങ്ങളെല്ലാം പൊളിച്ചുനീക്കാന്‍ ധാരണയായതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. സൈനികര്‍ ഇവിടേക്കു വരുന്നതിനു മുന്‍പുള്ള രീതിയിലേക്ക് എല്ലാം മാറ്റാനും തീരുമാനിച്ചു. നേരത്തേ, ഇരുരാജ്യങ്ങളും നടത്തിയ 16 ാം കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ക്കൊടുവിലാണു സൈനികരെ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
ഉസ്‌ബെക്കിസ്ഥാനില്‍ അടുത്തയാഴ്ചയാണ് ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്സിഒ) യോഗം നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും എത്തുന്നുണ്ട്. ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്നാണു കരുതപ്പെടുന്നത്. ഇതിനു മുന്നോടിയായി സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നു വിലയിരുത്തുന്നു. എന്നാല്‍ കൂടിക്കാഴ്ചയെക്കുറിച്ച് ഔദ്യോഗിക വിശദീകരണമില്ല.
കിഴക്കന്‍ ലഡാക്കില്‍ ഇനി സൈനികര്‍ നേര്‍ക്കുനേര്‍ നില്‍ക്കുന്നത് ഡെസ്പാങ്ങില്‍ മാത്രമാണ്. 2020 ന് മുന്‍പ് എങ്ങനെയായിരുന്നോ ആ സ്ഥിതിയിലേക്ക് ചൈനീസ് സേന പിന്മാറുമെന്നാണു കരുതുന്നതെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.