സെന്‍ട്രല്‍ വിസ്ത ജനപ്രിയ പൊതു ഇടമാകും, ചരിത്രത്തെ മായ്ക്കാനെന്നും വിമര്‍ശം

ന്യൂദല്‍ഹി- വിജയ് ചൗക്ക് മുതല്‍ ഇന്ത്യാ ഗേറ്റ് വരെ നീളുന്ന നവീകരിച്ച സെന്‍ട്രല്‍ വിസ്ത അവന്യൂ ഒരു കാലഘട്ടത്തിന്റെ ചരിത്രം മായ്ച്ചുകളയാനാണെന്ന വിമര്‍ശനം ശക്തമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത നഗരത്തിലെ ഏറ്റവും ജനപ്രിയമായ പൊതു ഇടമായി കണക്കാക്കപ്പെടുന്ന ഇവിടെ 1.1 ലക്ഷം ചതുരശ്ര മീറ്റര്‍ ചുറ്റളവില്‍ പച്ചപ്പുള്ള ചുവന്ന ഗ്രാനൈറ്റ് നടപ്പാത ഒരുക്കിയിട്ടുണ്ട്. രാജ്പഥിലെ  133ലധികം ലൈറ്റ് തൂണുകള്‍,4,087 മരങ്ങള്‍, 114 ആധുനിക സൈനേജുകള്‍, പടിപടിയായി ഒരുക്കിയിരിക്കുന്ന പൂന്തോട്ടങ്ങള്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്.

ഔദ്യോഗിക കണക്കുകള്‍പ്രകാരം രാഷ്ട്രപതി ഭവനും ഇന്ത്യാ ഗേറ്റിനും ഇടയിലുള്ള ഉദ്യാനങ്ങളിലും കര്‍ത്തവ്യപഥിലും ഉള്‍പ്പെടെ 900-ലധികം ലൈറ്റ് തൂണുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സെന്‍ട്രല്‍ വിസ്തയെ കൂടുതല്‍ കാല്‍നടയാത്രക്കാര്‍ക്ക് സൗഹൃദപരമാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം. 422 ചുവന്ന ഗ്രാനൈറ്റ് ബെഞ്ചുകളുള്ള മുഴുവന്‍ പാതയിലും എട്ട് അമെനിറ്റി ബ്ലോക്കുകളും കാല്‍നടയാത്രക്കാര്‍ക്കായി നാല് അണ്ടര്‍പാസുകളും നിര്‍മ്മിച്ചിട്ടുണ്ട്.

കര്‍ത്തവ്യപഥില്‍ 1,10,457 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പുതിയ ചുവന്ന ഗ്രാനൈറ്റ് നടപ്പാതകളും സ്ഥാപിച്ചിട്ടുണ്ട്. നടപ്പാതയില്‍ 987 കോണ്‍ക്രീറ്റ് ബോള്‍ഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. 1,490 ആധുനിക രൂപത്തിലുള്ള മാന്‍ഹോളുകള്‍ മാറ്റി ആധുനിക രീതിയിലുള്ളവ സ്ഥാപിക്കുകയും ചെയ്തു.
2021 ഫെബ്രുവരിയില്‍ ആണ് സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതിയുടെ നിര്‍മ്മാണം ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടവും സെന്‍ട്രല്‍ വിസ്തയുടെ പുനര്‍വികസനവും നടത്തി. നവ ഇന്ത്യക്ക് അനുയോജ്യമായ ഒരു ഐക്കോണിക് അവന്യൂ നിര്‍മ്മിക്കുക എന്നതാണ് 608 കോടി രൂപയുടെ സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതിയുടെ ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
കര്‍ത്തവ്യപഥിന്റെ ഇരുവശത്തും ഏകദേശം 101 ഏക്കര്‍ വ്യാപിച്ചുകിടക്കുന്ന പുല്‍ത്തകിടികള്‍ ഒരുക്കിയിട്ടുണ്ട്. വെള്ളം കെട്ടിനില്‍ക്കുന്നത് തടയാന്‍ സ്റ്റോം വാട്ടര്‍ ഡ്രെയിനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ത്തവ്യ പഥിന്റെ ഇരുവശത്തുമുള്ള കനാലുകളില്‍ എയറേറ്ററുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.

നവീകരിച്ച സ്ഥലത്ത് പുതിയ സൗകര്യങ്ങളോട് കൂടിയ എട്ട് ബ്ലോക്കുകളും ഉള്‍പ്പെടുന്നു. ഈ ബ്ലോക്കുകളില്‍ സ്ത്രീകള്‍ക്കായി 64 ടോയ്ലറ്റുകളും പുരുഷന്‍മാര്‍ക്കായി 32 ടോയ്ലറ്റുകളും ഭിന്നശേഷിക്കാര്‍ക്കായി 10 ടോയ്ലറ്റുകളും കുടിവെള്ള സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 1,117 കാറുകള്‍ക്കും 35 ബസുകള്‍ക്കും ആപ്പ് അധിഷ്ഠിത ടാക്‌സികള്‍ക്കും ഓട്ടോ റിക്ഷകള്‍ക്കും ഉള്ള പാര്‍ക്കിങ് സൗകര്യവും ഉണ്ട്.

കര്‍ത്തവ്യപഥിന്റെ ഉദ്ഘടനത്തിനൊപ്പം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമാ അനാച്ഛാദനവും പ്രധാനമന്ത്രി നരേന്ദ്രമോഡി കഴിഞ്ഞ ദിവസം നിര്‍വഹിച്ചു. പ്രതിമക്ക് 28 അടി ഉയരമുണ്ട്. ഇന്ത്യാ ഗേറ്റിന് സമീപമുള്ള മേലാപ്പിന് താഴെയാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. 2022 ജനുവരി 21 ന് പ്രധാനമന്ത്രി നേതാജിയുടെ ഗ്രാനൈറ്റ് കൊണ്ട് നിര്‍മ്മിച്ച മഹത്തായ പ്രതിമ ഇന്ത്യാ ഗേറ്റില്‍ സ്ഥാപിക്കുമെന്ന് പ്രസ്താവിച്ചിരുന്നു.

അരുണ്‍ യോഗിരാജിന്റെ നേതൃത്വത്തിലുള്ള ശില്‍പികളുടെ സംഘം പരമ്പരാഗത സാങ്കേതിക വിദ്യകളും ആധുനിക ഉപകരണങ്ങളും ഉപയോഗിച്ച് പൂര്‍ണ്ണമായും കൈകൊണ്ടാണ് ഈ പ്രതിമ നിര്‍മ്മിച്ചത്. 280 മെട്രിക് ടണ്‍ ഭാരമുള്ള ഒരു മോണോലിത്തിക്ക് കരിങ്കല്ലില്‍നിന്നാണ് ഈ പ്രതിമ കൊത്തിയെടുത്തിരിക്കുന്നതും. ഇതിന്റെ നിര്‍മിതിക്കായി 1665 കിലോമീറ്റര്‍ അകലെയുള്ള ഖമ്മം ജില്ലയില്‍നിന്ന് 140 ചക്രങ്ങളുള്ള 100 അടി ലോറിയില്‍ 280 മെട്രിക് ടണ്‍ മോണോലിത്തിക്ക് ഗ്രാനൈറ്റ് കല്ല് ദല്‍ഹിയിലെത്തിച്ചിരുന്നു. ഇതുപയോഗിച്ച് 65 മെട്രിക് ടണ്‍ ഭാരമുള്ള 28 അടി പ്രതിമ നിര്‍മ്മിക്കാന്‍ ശില്‍പികള്‍ ചെലവഴിച്ചത് 26,000 മണിക്കൂറിന്റെ അധ്വാനം ആണ്.
ഏക് ഭാരത് - ശ്രേഷ്ഠ ഭാരത്, നാനാത്വത്തില്‍ ഏകത്വം എന്നിവയുടെ ചൈതന്യം പ്രകടിപ്പിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 500 നര്‍ത്തകര്‍ അണിനിരക്കുന്ന സാംസ്‌കാരികോത്സവം കര്‍ത്തവ്യപഥില്‍ നടന്നു. നാസിക് ധോള്‍ പതിക് താഷയുടെ തത്സമയ സംഗീതത്തോടൊപ്പം സംബല്‍പുരി, പന്തി, കല്‍ബേലിയ, കാര്‍ഗം, ഡമ്മി കുതിര തുടങ്ങിയ ആദിവാസി നാടോടി കലാരൂപങ്ങള്‍ അവതരിപ്പിക്കുന്ന മുപ്പതോളം കലാകാരന്മാര്‍ ഇന്ത്യാ ഗേറ്റിന് സമീപമുള്ള സ്റ്റെപ്പ് ആംഫി തിയേറ്ററില്‍ അണിനിരന്നു. കൂടാതെ ഐ.എന്‍.എയുടെ പരമ്പരാഗത ഗാനമായ 'കദം കദം ബധയേ ജാ'യുടെ ഈണവും അനാച്ഛാദന ചടങ്ങില്‍ ഉണ്ടായിരുന്നു.

 

Latest News