ന്യൂദല്‍ഹി- എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി ഇന്ത്യയില്‍ ഒരു ദിവസത്തെ ദുഃഖാചരണം നടത്തും. ഞായറാഴ്ചയാണ് രാജ്യവ്യാപകമായി ദുഃഖാചരണം. അന്നേദിവസം സര്‍ക്കാര്‍ മന്ദിരങ്ങളിലും മറ്റും ദേശീയ പതാക പകുതി താഴ്ത്തി കെട്ടും. ഔദ്യോഗിക പരിപാടികളൊന്നും ഉണ്ടാകില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
സ്‌കോട്ട്ലന്‍ഡിലെ ബാല്‍മോറല്‍ കോട്ടില്‍ സൂക്ഷിച്ചിരിക്കുന്ന എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തില്‍ എത്തിക്കും. ഇവിടെയാകും ലോക നേതാക്കള്‍ അടക്കം ആദരാഞ്ജലികള്‍ അര്‍പ്പിക്കുക. പതാകകള്‍ താഴ്ത്തി മണിമുഴക്കിയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എലിസബത്ത് രാജ്ഞിക്ക് അനുശോചനം അറിയിക്കുന്നത്.
വിന്‍സ്റ്റന്റ് ചര്‍ച്ചില്‍ മുതല്‍ ലിസ് ട്രസ് വരെയുള്ള 15 പ്രധാനമന്ത്രിമാരെ വാഴിച്ച അപൂര്‍വ്വ നേട്ടവുമായി എലിസബത്ത് രാജ്ഞി മണ്‍മറിയുമ്പോള്‍ രാജഭരണത്തിന് ജനകീയ മുഖം നല്‍കിയതിന്റെ സ്മരണകള്‍ തന്നെയാണ് ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്നത്. രാജ്ഞിയുമായി നടത്തിയ രണ്ട് കൂടി കാഴ്ചകളിലും തനിക്ക് അനുഭവവേദ്യമായ കരുതല്‍ തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ട്വിറ്ററിലെ അനുശോചന കുറിപ്പില്‍ പങ്കുവെച്ചത്. വെല്ലിംഗ്ടണ്‍ കടല്‍ത്തീരത്ത് 96 റൗണ്ട് ഗണ്‍ സല്യൂട്ട് നല്‍കി ന്യൂസിലന്‍ഡിന്റെ സായുധ സേന വെള്ളിയാഴ്ച എലിസബത്ത് രാജ്ഞിയുടെ മരണം അടയാളപ്പെടുത്തി.