ലണ്ടന്‍- എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ മകന്‍ ചാള്‍സ് ബ്രിട്ടന്റെ രാജാവാകും. ചാള്‍സ് ഫിലിപ്പ് ആര്‍തര്‍ ജോര്‍ജ് ഇനി 'കിംഗ് ചാള്‍സ് മൂന്നാമന്‍' എന്നാകും അറിയപ്പെടുക. 25-ാം വയസ്സിലാണ് അമ്മ എലിസബത്ത് ബ്രിട്ടന്റെ രാജ്ഞിയായതെങ്കില്‍, 73 ാം വയസ്സിലാണ് ചാള്‍സ് രാജപദവി ഏറ്റെടുക്കുന്നത്. ഇതോടെ ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ രാജാവാകും അദ്ദേഹം.
ഏറ്റവും കൂടുതല്‍ കാലം കിരീടത്തിനായി കാത്തിരുന്ന അവകാശിയും ചാള്‍സ് തന്നെ. പതിവനുസരിച്ച്, എലിസബത്ത് രാജ്ഞിയുടെ മരണം സംഭവിച്ച് 24 മണിക്കൂറിനകം പുതിയ അവകാശിയെ പ്രഖ്യാപിക്കും. ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തിലാണ് ചടങ്ങുകള്‍ നടക്കുക.
ചാള്‍സിന്റെ ഭാര്യ കാമില ബ്രിട്ടീഷ് രാജ്ഞിയായി അറിയപ്പെടും. തന്റെ കാലശേഷം ചാള്‍സ് ബ്രിട്ടന്റെ രാജാവാകുമ്പോള്‍, കാമില രാജ്ഞിയാകുമെന്ന് രാജ്ഞിയുടെ 70-ാം ഭരണവാര്‍ഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തില്‍ എലിസബത്ത് രാജ്ഞി പ്രഖ്യാപിച്ചിരുന്നു. 'ക്വീന്‍ കണ്‍സോര്‍ട്ട്' (രാജപത്നി) പദവിയാണ് രാജ്ഞി കാമിലക്ക് മുന്‍കൂട്ടി സമ്മാനിച്ചത്. ചാള്‍സിന്റെ മൂത്തമകന്‍ വില്യം അടുത്ത രാജകുമാരനാകുമോ എന്നത് രാജാവിന്റെ നിര്‍ദ്ദേശത്തിന് അനുസരിച്ചായിരിക്കും.
1948-ലാണ് എലിസബത്ത് രണ്ടിന്റെയും ഫിലിപ്പ് രാജകുമാരന്റേയും മൂത്തമകനായി ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ചാള്‍സ് ജനിക്കുന്നത്. 1953-ല്‍ എലിസബത്ത് ഔദ്യോഗികമായി രാജ്ഞി പദവിയിലെത്തി. മൂത്തമകന്‍ എന്ന നിലയില്‍ കോണ്‍വാള്‍ ഡ്യൂക്ക്, വെയില്‍സ് രാജകുമാരന്‍ തുടങ്ങിയ പദവികള്‍ ചാള്‍സിനെ തേടിയെത്തി. 1969 ലാണ് ഔദ്യോഗികമായി ഈ പദവികള്‍ അദ്ദേഹത്തിന് ലഭിച്ചത്. അമ്മ എലിസബത്ത് രാജ്ഞി കിരീടമണിയിച്ചതോടെ അദ്ദേഹം കിരീടാവകാശിയായി മാറി.
1971-ല്‍ ചാള്‍സ് ബ്രിട്ടീഷ് സേനയുടെ ഭാഗമായി. റോയല്‍ എയര്‍ഫോഴ്സിലും റോയല്‍ നേവിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. അഞ്ചുവര്‍ഷം അദ്ദേഹം സൈനിക സേവനം നടത്തി.
1981-ലായിരുന്നു ലോകം മുഴുവന്‍ കണ്ട ചാള്‍സ്- ഡയാന വിവാഹം. ചാള്‍സ്-ഡയാന ദമ്പതികള്‍ക്ക് രണ്ട് ആണ്‍കുട്ടികളുണ്ടായി. 1982-ല്‍ വില്യമും 1984-ല്‍ ഹാരിയും. ഏറെ വിവാദങ്ങള്‍ക്ക് ശേഷം 1996-ല്‍ ചാള്‍സും ഡയാനയും വേര്‍പിരിഞ്ഞു. 10 വര്‍ഷത്തിനുശേഷം, ഏറെക്കാലം കാമുകിയായിരുന്ന കാമില്ല പാര്‍ക്കറിനെ ചാള്‍സ് രാജകുമാരന്‍ വിവാഹം കഴിച്ചു. കോണ്‍വാള്‍ ഡച്ചസ് എന്ന സ്ഥാനം അതോടെ കാമിലക്ക് സ്വന്തമായി.
ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ കാലം കിരീടവകാശിയായിരിക്കുന്ന രാജകുമാരനായി 2011-ല്‍ ചാള്‍സ് മാറി. 60 വര്‍ഷമായിരുന്നു കാലയളവ്. എഡ്വാര്‍ഡ് ഏഴാമന്‍ രാജാവിന്റെ റെക്കോഡാണ് ചാള്‍സ് മറികടന്നത്. 2017-ല്‍ വെയില്‍സിന്റെ രാജകുമാരനായി ഏറ്റവുമധികം നാളിരുന്ന റെക്കോഡും ചാള്‍സിന്റെ പേരിലായി. 2021-ല്‍ പിതാവ് മരിച്ചതോടെ എഡിന്‍ബര്‍ഗ് ഡ്യൂക്ക് പദവിയും ചാള്‍സിന് സ്വന്തമായി. 70 വര്‍ഷക്കാലം ചാള്‍സിന്റെ പിതാവ് ഫിലിപ്പ് രാജകുമാരനായിരുന്നു ആ പദവി വഹിച്ചിരുന്നത്.
ചാള്‍സ് മൂന്നാമന്‍ രാജാവായാണ് പുതിയ രാജാവ് അറിയപ്പെടുക. ചാള്‍സ് ഒന്നാമനും രണ്ടാമനും ബ്രിട്ടന്റെ ചരിത്രത്തില്‍ പല രീതികളില്‍ അറിയപ്പെടുന്നവരായിരുന്നു.
ബ്രിട്ടീഷ് ചരിത്രത്തിലെ, വധിക്കപ്പെട്ട ഏക ബ്രിട്ടീഷ് രാജാവാണ് ചാള്‍സ് ഒന്നാമന്‍. ഇംഗ്ലണ്ട്, സ്‌കോട്ട്ലന്‍ഡ്, അയര്‍ലന്‍ഡ് എന്നിവ ഭരിച്ച, ഹൗസ് ഓഫ് സ്റ്റുവര്‍ട്ടില്‍ നിന്നുള്ള ചാള്‍സ് ഒന്നാമന്‍ 1625-ലാണ് ബ്രിട്ടീഷ് സിംഹാസനം ഏറ്റെടുത്തത്. രാജാക്കന്മാര്‍ക്ക് ദിവ്യമായ പല അവകാശങ്ങളുമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. കടുത്ത റോമന്‍ കത്തോലിക്കാ വിശ്വാസവും ചേര്‍ന്നതോടെ ചാള്‍സ് ഒന്നാമന് ധാരാളം ശത്രുക്കളുണ്ടായി. പ്രജകളും പാര്‍ലമെന്റംഗങ്ങളും അദ്ദേഹത്തിന് സ്വേച്ഛാധിപതിയെന്ന് പേര് നല്‍കി. അദ്ദേഹത്തിന്റെ അധികാരങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ പാര്‍ലമെന്റ് ശ്രമിച്ചു. ഈ പ്രശ്നങ്ങള്‍ 1642-ലെ ആഭ്യന്തര യുദ്ധത്തിലേക്കാണ് നയിച്ചത്. ഏറെക്കാലം പിടിച്ചുനിന്നെങ്കിലും 1645-ല്‍ ചാള്‍സ് ഒന്നാമന്‍ പരാജയപ്പെട്ടു, പക്ഷേ ഭരണഘടനാപരമായ രാജവാഴ്ചയ്ക്കുള്ള ആവശ്യങ്ങള്‍ക്ക് വഴങ്ങാന്‍ അദ്ദേഹം വിസമ്മതിക്കുകയും 1649-ല്‍ രാജ്യദ്രോഹത്തിന് വിചാരണ നേരിടുകയും വധശിക്ഷ ഏറ്റുവാങ്ങുകയും ചെയ്തു. ഇതോടെ രാജവാഴ്ച നിര്‍ത്തലാക്കുകയും ഒലിവര്‍ ക്രോംവെല്‍ പ്രഭു സംരക്ഷകനായി ഇംഗ്ലണ്ട് ഒരു റിപ്പബ്ലിക്കായി മാറുകയും ചെയ്തു. ചാള്‍സ് ഒന്നാമന്റെ മകനായിരുന്ന ചാള്‍സ് രണ്ടാമന്‍ ആഭ്യന്തരയുദ്ധകാലത്ത് പിതാവിനൊപ്പം യുദ്ധത്തില്‍ ചേര്‍ന്നിരുന്നു. പക്ഷേ, പരാജയം വ്യക്തമായതോടെ 1649 ല്‍ അദ്ദേഹം ഇംഗ്ലണ്ട് വിട്ട് ഹേഗിലേക്ക് പോയി.