Sorry, you need to enable JavaScript to visit this website.

ഐസ്‌ക്രീം കഴിച്ചതിന് അമേരിക്കന്‍  ടൂറിസ്റ്റിന് 450 യൂറോ പിഴ 

മിലന്‍-ഇറ്റലിയിലെ  ചരിത്രപ്രാധാന്യമര്‍ഹിക്കുന്ന വാട്ടര്‍ ഫൗണ്ടന്റെ പടിയിലിരുന്ന് ഐസ്‌ക്രീം കഴിച്ച അമേരിക്കന്‍ ടൂറിസ്റ്റിന് 450 യൂറോ പിഴ. പെരുമാറ്റ നിയമങ്ങള്‍ ലംഘിച്ചെന്ന് കാട്ടിയാണ് നടപടി. ഐസ്‌ക്രീം കൂടാതെ 55 കാരനായ ടൂറിസ്റ്റിന്റെ ഒരു കൈയ്യില്‍ ബിയര്‍ കുപ്പിയുമുണ്ടായിരുന്നു. മോണ്ടി പട്ടണത്തിലെ ഫൊണ്ടാന ഡെയ് കറ്റെകുമെനി എന്ന ചെറിയ ചത്വരത്തില്‍ ടൂറിസ്റ്റ് പോലീസിന്റെ കണ്‍മുന്നില്‍പ്പെട്ടത്. 1589ലാണ് ഇവിടത്തെ വാട്ടര്‍ ഫൗണ്ടന്‍ നിര്‍മ്മിച്ചത്. നിരവധി പേരാണ് ഇവിടെ സന്ദര്‍ശിക്കാനെത്തുന്നത്. പ്രധാനമായും രാത്രിയിലാണ് സന്ദര്‍ശകരുടെ തിരക്ക്. ഫൗണ്ടന്റെ പടികളില്‍ ആരും ഇരിക്കാതിരിക്കാന്‍ വെള്ളിയാഴ്ച ഇവിടെ അടച്ചിരുന്നു. അടച്ചെന്ന് രേഖപ്പെടുത്തി സ്ഥാപിച്ച ടേപ്പുകള്‍ എങ്ങനെയോ അപ്രത്യക്ഷമായി. ഇതറിയാതെയാണ് ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയ്ക്ക് ഐസ്‌ക്രീം നുണഞ്ഞ് നഗര ഭംഗി  ആസ്വദിക്കാന്‍ ടൂറിസ്റ്റ് ഫൗണ്ടന്റെ പടി തെരഞ്ഞെടുത്തത്. ഇവിടെ നിന്ന്  മാറണമെന്ന് പോലീസെത്തി  ഇയാളോട് പറഞ്ഞെങ്കിലും ഇയാള്‍ കേള്‍ക്കാന്‍ തയാറാകാതെ വന്നതോടെയാണ് പിഴ ചുമത്തിയത്. റോമിലെ ഫൗണ്ടനുകളിലിരിക്കാനോ അവിടിരുന്ന് കഴിക്കാനോ പാടില്ലെന്ന നിയമത്തെ പറ്റി പിന്നീടാണ് ഇയാള്‍ക്ക് മനസിലായത്. റോമിലെ സ്മാരകങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് 2017ല്‍ അന്നത്തെ മേയര്‍ വിര്‍ജീനിയ റാഗി കൊണ്ടുവന്ന നിയമങ്ങളുടെ ഭാഗമായിരുന്നു ഇത്. 1946ലാണ് ആദ്യമായി ഇത്തരം പെരുമാറ്റ നിയമങ്ങള്‍ അവതരിപ്പിച്ചത്. ചരിത്രപ്രാധാന്യമുള്ള കോണിപ്പടികളിലൂടെ വീല്‍ഡ് സ്യൂട്ട് കേസുകളും കുട്ടികള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന ചെറു ചക്ര കസേരകളും വലിച്ചിഴയ്ക്കാന്‍ പാടില്ല, ഫൗണ്ടനുകളില്‍ നീന്താന്‍ പാടില്ല തുടങ്ങിയ ഏതാനും കാര്യങ്ങളും ഈ നിയമ നിര്‍മ്മാണത്തില്‍ ഉള്‍പ്പെടുന്നു. കാലാനുസൃതമായി ഇവയില്‍ കൂട്ടിച്ചേര്‍ക്കലുകളും വന്നിട്ടുണ്ട്.  കെട്ടിടങ്ങള്‍ക്കിടയില്‍ തുണികള്‍ ഉണക്കാന്‍ ഇടുന്നതും ഈ നിയമം തടയുന്നു. 
 

Latest News