Sorry, you need to enable JavaScript to visit this website.

ഹിജാബിനെ രുദ്രാക്ഷവുമായും കുരിശുമായും താരതമ്യം ചെയ്യാനാവില്ല; സുപ്രീം കോടതി നിരീക്ഷണം

ന്യൂദല്‍ഹി- രുദ്രാക്ഷവുമായും കുരിശുമായും  ഹിജാബിനെ താരതമ്യം ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷണം. വിദ്യാര്‍ത്ഥികള്‍ രുദ്രാക്ഷം, കുരിശ് തുടങ്ങിയ മതപരമായ ചിഹ്നങ്ങള്‍ ധരിക്കുന്നതിനെ പരാമര്‍ശിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത് ശ്രമിച്ചപ്പോഴാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ പരാമര്‍ശം.

രുദ്രാക്ഷവും കുരിശും ഹിജാബില്‍നിന്ന് വ്യത്യസ്തമാണെന്ന് ജസ്റ്റിസ് ഗുപ്ത പറഞ്ഞു. കാരണം അവ വസ്ത്രത്തിനുള്ളിലാണ് ധരിക്കുന്നത്. മറ്റുള്ളവര്‍ക്ക് ദൃശ്യമല്ല.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യുന്ന വിവിധ ഹരജികളിലാണ്  ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് വാദം കേള്‍ക്കുന്നത്. വാദം കേട്ടുതുടങ്ങിയ തിങ്കളാഴ്ച പഗ്ഡിയേയും ചുനാരിയേയും ഹിജാബുമായി താരതമ്യം ചെയ്യാനാവില്ലെന്നും ബെഞ്ച് പറഞ്ഞിരുന്നു.
മതിചിഹനങ്ങളെ ഉള്‍ക്കൊള്ളണമെന്ന വാദത്തിലെ ചോദ്യം അത് ദൃശ്യമാണോ അല്ലയോ എന്നതിനെ കുറിച്ചല്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കാമത്ത് പറഞ്ഞു.
പോസിറ്റീവും നിഷേധാത്മകവുമായ മതേതരത്വത്തെ പരാമര്‍ശിച്ച കാമത്ത്, ഫ്രാന്‍സിലോ തുര്‍ക്കിയിലോ പിന്തുടരുന്ന നെഗറ്റീവ് സെക്യുലറിസത്തിന്റെ ആശയമല്ല ഇന്ത്യയിലെ സെക്യുലറിസം എന്ന് പറഞ്ഞു. അവിടെ മതം പരസ്യമായി പ്രദര്‍ശിപ്പിക്കുന്നത് കുറ്റകരമാണെങ്കില്‍ ഇവിടെ അങ്ങനെയല്ലെന്ന് അദ്ദേഹം പറഞ്ഞു.
പൊതുസ്ഥലത്ത് മതം പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കുന്നതിനായി കോണ്‍സ്റ്റിറ്റിയവന്റ് അസംബഌയില്‍ നടന്ന  ചര്‍ച്ച സര്‍ക്കാര്‍ പുനരുജ്ജീവിപ്പിക്കുകയാണെന്ന് കാമത്ത് പറഞ്ഞു.
യഥാര്‍ത്ഥ ഭരണഘടനയില്‍ മതേതരത്വം ഇല്ലെന്ന് ജസ്റ്റിസ് ഗുപ്ത അഭിപ്രായപ്പെട്ടു. എന്നാല്‍ ഈവാക്കിന്റെ അഭാവത്തിലും നമ്മള്‍ സെക്കുലറാണെന്ന് കോടതി പറഞ്ഞു. മതേതരത്വവും സോഷ്യലിസവും ഭരണഘടനയില്‍ പിന്നീട് രാഷ്ട്രീയ പ്രസ്താവനകളായി ചേര്‍ത്തതാണെന്നും കോടതി അഭിപ്രായപ്പെട്ടു.
യൂണിഫോമിനെ ചോദ്യം ചെയ്യുന്നില്ലെന്നും ആര്‍ക്കെങ്കിലും ജീന്‍സ് ധരിക്കാന്‍ കഴിയുമോ എന്ന സുപ്രീം കോടതിയുടെ ചോദ്യത്തെ  ബഹുമാനത്തോടെ അംഗീകരിക്കുന്നുവെന്നും ദേവദത്ത് കാമത്ത് പറഞ്ഞു. യൂണിഫോം ധരിച്ചിട്ടും വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ലെന്ന് നിര്‍ബന്ധം പിടിക്കുന്ന സംസ്ഥാനത്തിന്റെ നിലപാടിനെയാണ് ചോദ്യ് ചെയ്യുന്നത്.  ഹിജാബ് ശിരോവസ്ത്രമാണെന്നും അത് ബുര്‍ഖയോ ജില്‍ബാബോ അല്ലെന്നും അവ വ്യത്യസ്തമാണെന്നും കാമത്ത് പറഞ്ഞു.
യൂണിഫോമിന്റെ നിറത്തിലുള്ള ശിരോവസ്ത്രമാണ് ധരിച്ചിരിക്കുന്നതെന്ന് ഹിജാബ് ധരിച്ച് കോടതിയില്‍ ഹാജരായ ഒരു വനിതാ അഭിഭാഷകയെ ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ പറഞ്ഞു. യൂണിഫോം നിറത്തിലുള്ള ശിരോവസ്ത്രം ആരെയെങ്കിലും വ്രണപ്പെടുത്തുകയോ അച്ചടക്കലംഘനമുണ്ടാക്കുകയോ ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു.  യൂണിഫോമിന്റെ നിറവുമായി പൊരുത്തപ്പെടുന്ന ഹിജാബ് അനുവദിക്കുന്ന  കേന്ദ്രീയ വിദ്യാലയങ്ങളുടെ സര്‍ക്കുലര്‍ അദ്ദേഹം പരാമര്‍ശിച്ചു.
സാംസ്‌കാരിക വിശ്വാസത്തിന്റെ ഭാഗമായി ഒരു ഹിന്ദു പെണ്‍കുട്ടിക്ക് സ്‌കൂളില്‍ മൂക്കുത്തി ധരിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ദക്ഷിണാഫ്രിക്കന്‍ കോടതിയുടെ വിധിയെയും കാമത്ത് പരാമര്‍ശിച്ചു. തനിക്ക് അറിയാവുന്നിടത്തോളം മൂക്കുത്തി മതപരമായ ആചാരത്തിന്റെ ഭാഗമല്ലെന്ന് ജഡ്ജി ഗുപ്ത പറഞ്ഞു. തീര്‍ത്തും മതപരമായിരിക്കില്ലെങ്കിലും പെണ്‍കുട്ടിയുടെ വ്യക്തിത്വത്തിന്റെ ഭാഗമാണെന്നും മൂക്കുത്തിക്ക്  മതപരമായ ചില പ്രാധാന്യമുണ്ടെന്നും കാമത്ത് മറുപടി നല്‍കി.
നമ്മുടെ രാജ്യങ്ങളെപ്പോലെ വൈവിധ്യമാര്‍ന്ന മറ്റൊരു രാജ്യമില്ലെന്നും മറ്റു രാജ്യങ്ങളില്‍ പൗരന്മാര്‍ക്ക് ഏകീകൃത നിയമമുണ്ടെന്നും വാദത്തിനിടെ ജസ്റ്റിസ് ഗുപ്ത പറഞ്ഞു.

 

Latest News