ഹൈദരാബാദ്- പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളെ തുടര്‍ന്ന് അറസ്റ്റിലായ ബി.ജെ.പി എം.എല്‍.എയുടെ അന്തരവന്‍ താന്‍ ഇസ്ലാം സ്വീകരിച്ചുവെന്ന് പറയുന്ന വീഡിയോ പങ്കുവെച്ച രണ്ടുപേര്‍ക്കെതിരെ കേസ്.
സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയതിനാണ് കോണ്‍ഗ്രസുകാരനായ ഈസ ബിന്‍ ഉബൈദ് മിസ്രി, എം.ഡി സിദ്ദിഖി എന്നിവര്‍ക്കെതിരെ സൈബര്‍ െ്രെകം പോലീസ് സ്‌റ്റേഷന്‍ കേസെടുത്തത്.
ഹൈദരാബാദ് കര്‍വാനിലെ അമലാപൂര്‍ സ്വദേശി പി.സുനില്‍ സിംഗാണ് പരാതി നല്‍കി. രാജാ സിംഗിനെ കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുകയാണെന്നും എംഎല്‍എയെക്കുറിച്ചുള്ള വീഡിയോ മുസ്ലിം മീഡിയ സ്റ്റുഡിയോ (എംഎംഎസ്) ചാനലിലും മറ്റ് ചില ഫേസ്ബുക്ക് പേജുകളിലും കണ്ടുവെന്നും പറഞ്ഞു.
ശിവ സിംഗ് എന്നയാള്‍ താന്‍ രാജാ സിംഗിന്റെ അടുത്ത ബന്ധുവാണെന്നും താന്‍ ഇസ്ലാം മതം സ്വീകരിച്ചുവെന്നും പറയുന്നതാണ് വീഡിയോ.
താനാണ് രാജാ സിംഗിന്റെ അനന്തരവനെന്നും വീഡിയോ തയ്യാറാക്കിയ ഈസയും സിദ്ദിഖിയും സമാധാനം തകര്‍ക്കാനാണ് ഇത്തരം വീഡിയോകള്‍ നിര്‍മ്മിക്കുന്നതെന്നും സുനില്‍ സിംഗ് പരാതിയില്‍ പറഞ്ഞു. ഐപിസി 153 എ, 505 (2) വകുപ്പുകള്‍ പ്രകാരം കേസെടുത്ത പോലീസ് അന്വേഷണം തുടരുകയാണ്.
എംഎല്‍എ രാജാ സിംഗ് ഇപ്പോള്‍ ചെര്‍ലപ്പള്ളി ജയിലിലാണ്
ആഗസ്റ്റ് 22 ന് പുറത്തിറക്കിയ വീഡിയോയില്‍ മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്നാണ് എം.എല്‍.എക്കെതിരെ ഹൈദരാബാദ് പോലീസ് കേസെടുത്തത്.
കരുതല്‍ തടങ്കല്‍ നിയമപ്രകാരം ജയിലിലടച്ചതിനെ ചോദ്യം ചെയ്ത് ഭാര്യ ഉഷാ ബായി സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിക്കുന്നത് തെലങ്കാന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നാലാഴ്ചത്തേക്ക് മാറ്റി.