Sorry, you need to enable JavaScript to visit this website.

വിവാഹ നിശ്ചയം ലൈംഗിക ബന്ധത്തിനു ലൈസന്‍സല്ല, യുവാവിനു ജാമ്യമില്ല

ചണ്ഡിഗഢ്- വിവാഹ നിശ്ചയം പ്രതിശ്രുത വധുവിനെ ലൈംഗികമായി ചൂഷണം ചെയ്യാനുള്ള അവകാശം നല്‍കുന്നില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. വിവാഹ നിശ്ചയം കഴിഞ്ഞുവെന്നത് സമ്മതമില്ലാത്ത ലൈംഗിക ബന്ധത്തിനു ന്യായീകരണമാവുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിശ്രുത വധു നല്‍കിയ ബലാത്സംഗ കേസില്‍ യുവാവിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടാണ് ജസ്റ്റിസ് വിവേക് പുരിയുടെ നിരീക്ഷണം.

വിവാഹ നിശ്ചയം നടന്നുവെന്നതോ അതിനു ശേഷം നിരന്തരം കണ്ടുമുട്ടിയിരുന്നുവെന്നതോ സമ്മതമില്ലാത്ത ലൈംഗിക ബന്ധത്തിനുള്ള ലൈസന്‍സ് അല്ലെന്നു കോടതി വ്യക്തമാക്കി. ഇത്തരമുള്ള കണ്ടുമുട്ടലിനു നിര്‍ബന്ധിക്കപ്പെട്ട പെണ്‍കുട്ടിയുടേത് സ്വമേധയാ ഉള്ള സമ്മതം ആണെന്നു കരുതാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.  തന്റെ എതിര്‍പ്പ് അവഗണിച്ചാണ് ലൈംഗിക ബന്ധം നടന്നതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ഈ വര്‍ഷം ജനുവരിയിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. അതിനു ശേഷം രണ്ടുപേരും കണ്ടുമുട്ടുന്നതു പതിവായിരുന്നു. ഇതിനിടെ പലവട്ടം യുവാവ് ലൈംഗിക ബന്ധത്തിനു താത്പര്യം പ്രകടിപ്പിച്ചെങ്കിലും യുവതി വിസമ്മതിക്കുകയായിരുന്നു. ജൂണില്‍ തന്നെ ഒരു ഹോട്ടല്‍ മുറിയില്‍ എത്തിച്ച് നിര്‍ബന്ധപൂര്‍വം ബന്ധപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇതിന്റെ വിഡിയോ പകര്‍ത്തിയതായും പരാതിയിലുണ്ട്.

പിന്നീട് യുവാവ് വിവാഹത്തില്‍നിന്നു പിന്‍മാറുകയായിരുന്നു. പെണ്‍കുട്ടിയുടെ പ്രണയ ബന്ധത്തെക്കുറിച്ച് അറിഞ്ഞതിനാലാണ് വിവാഹത്തില്‍നിന്നു പിന്‍മാറിയത് എന്നാണ് യുവാവ് കോടതിയില്‍ വാദിച്ചത്. ലൈംഗിക ബന്ധം സമ്മതത്തോടെ ആയിരുന്നെന്നും ബലാത്സംഗ കേസ് നിലനില്‍ക്കില്ലെന്നും യുവാവ് വാദിച്ചു.

ലൈംഗിക ബന്ധം സമ്മതത്തോടെ ആയിരുന്നെന്നു കരുതാന്‍ തെളിവുകളൊന്നുമില്ലെന്ന് കോടതി വിലയിരുത്തി. യുവതിയെ വിവാഹം കഴിക്കാന്‍ ഇയാള്‍ക്കു യഥാര്‍ഥത്തില്‍ ഉദ്ദേശ്യമുണ്ടായിരുന്നോയെന്ന സംശയം കൂടി പ്രകടിപ്പിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

 

Latest News